യുവാവിനെ സാരി കൊണ്ട് കഴുത്തുമുറുക്കി കൊലപ്പെടുത്തിയ സംഭവം; ഭാര്യയുടെ കാമുകനെ തേടി പൊലീസ് ബിഹാറിലേക്ക് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th February 2023 07:41 AM  |  

Last Updated: 05th February 2023 07:41 AM  |   A+A-   |  

punam

പുനം ദേവി

 

മലപ്പുറം: വേങ്ങരയില്‍ ഭര്‍ത്താവിനെ സാരി കൊണ്ട് കഴുത്തുമുറുക്കി  കൊലപ്പെടുത്തിയ സംഭവത്തില്‍ ഭാര്യയുടെ കാമുകനെ തേടി പൊലീസ് ബിഹാറിലേക്ക്. കാമുകനുമൊത്ത് ജീവിക്കാനായാണ് കൊലപാതകമെന്ന മൊഴി അന്വേഷിക്കാനാണ് പട്‌ന സ്വദേശിയെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചതെന്ന് ഡിവൈഎസ്പി അബ്ദുല്‍ ബഷീര്‍ പറഞ്ഞു.

വേങ്ങര  കോട്ടയ്ക്കല്‍ റോഡിലെ യാറംപടിയിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചിരുന്ന ബിഹാര്‍ സ്വദേശി സന്‍ജിത് പസ്വാന്‍ (33) ആണ് കഴിഞ്ഞ മാസം കൊല്ലപ്പെട്ടത്. പസ്വാന്റെ ഭാര്യ പുനം ദേവി (30)യെയാണ് കൊലക്കുറ്റം ചുമത്തി വേങ്ങര പൊലീസ് അറസ്റ്റ് ചെയ്തത്. നിലവില്‍ പുനംദേവി (30) റിമാന്‍ഡിലാണ്.
പുനംദേവിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുമെന്നും ഡിവൈഎസ്പി അബ്ദുല്‍ ബഷീര്‍ പറഞ്ഞു.

കഴിഞ്ഞ ജനുവരി 31ന് കോട്ടക്കല്‍ റോഡ് യാറം പടിയിലെ പി കെ ക്വാര്‍ട്ടേഴ്സില്‍ രാത്രിയിലായിരുന്നു സംഭവം.  വയറു വേദനയെ തുടര്‍ന്നാണ് ഭര്‍ത്താവിന്റെ മരണമെന്നാണ് ഇവര്‍ പറഞ്ഞിരുന്നത്. എന്നാല്‍ അന്വേഷണത്തിനൊടുവിലാണ് ഭാര്യ തന്നെയാണ് കഴുത്തില്‍ സാരി മുറുക്കി കൊല ചെയ്തതെന്ന് വ്യക്തമായി. 

പോസ്റ്റ്മാര്‍ട്ടത്തില്‍ പസ്വാന്റെ  മുഖത്തും നെറ്റിയിലും പരിക്കും കുരുക്കുമുറുകിയതിനാല്‍ കഴുത്തിലെ എല്ലിന് പൊട്ടൽ സംഭവിച്ചതായും കണ്ടെത്തിയിരുന്നു. വേങ്ങര പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് പുനത്തെ ചോദ്യം ചെയ്തപ്പോഴാണ് സത്യം തെളിഞ്ഞത്.

ഭാര്യവും കുട്ടികളുമുള്ള ഒരു യുവാവുമായി പുനം പ്രണയത്തിലായിരുന്നു. ഇത് മനസിലാക്കിയാണ് സന്‍ജിത് പസ്വാന്‍ കുടുംബത്തോടൊപ്പം രണ്ടു മാസം മുമ്പ് വേങ്ങരയില്‍ താമസത്തിനെത്തിയത്. എന്നാല്‍ രഹസ്യമായി ഫോണിലൂടെ പുനം യുവാവുമായുള്ള ബന്ധം തുടര്‍ന്നു. ഈ ബന്ധം ചോദ്യം ചെയ്തതോടെ ഭര്‍ത്താവിനെ വകവെരുത്താന്‍ പുനം തീരുമാനിക്കുകയായിരുന്നു.

 ഉറങ്ങി കിടന്ന സന്‍ജിതിന്റെ കൈകള്‍ പ്രതി കൂട്ടിക്കെട്ടുകയും ഉടുത്ത സാരി ഉപയോഗിച്ച് കഴുത്ത് മുറുക്കി കൊലപ്പെടുത്തുകയുമായിരുന്നു എന്ന് പൊലീസ് പറയുന്നു. തുടര്‍ന്ന് കെട്ടഴിച്ച് ഭര്‍ത്താവിന് സുഖമില്ലെന്ന് അടുത്ത മുറിയിലുള്ളവരെ അറിയിച്ചു. അവരാണ് മൃതദേഹം ആശുപത്രിയില്‍ എത്തിച്ചതെന്നും പൊലീസ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ  

ഹെല്‍ത്ത് കാര്‍ഡ്: ഡോക്ടര്‍ നേരിട്ട് പരിശോധിച്ച് മാത്രം സര്‍ട്ടിഫിക്കറ്റ്, കൃത്യത ഉറപ്പാക്കണമെന്ന് ആരോഗ്യവകുപ്പ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ