ഓട്ടോറിക്ഷ തൊഴിലാളികൾ ടൂറിസത്തിന്റെ ബ്രാൻഡ് അംബാസിഡർമാരാകും, ജില്ലകളിൽ ഫ്ലോട്ടിങ് ബ്രിഡ്‌ജ്: മന്ത്രി മുഹമ്മദ് റിയാസ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 07th February 2023 06:32 PM |
Last Updated: 07th February 2023 06:32 PM | A+A A- |

മന്ത്രി പി എ മുഹമ്മദ് റിയാസ്, ഫയല്‍ ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്തെ ഓട്ടോറിക്ഷ തൊഴിലാളികളെ കേരള വിനോദസഞ്ചാരത്തിന്റെ ബ്രാൻഡ് അംബാസിഡർമാരും ഓട്ടോറിക്ഷകളെ ടൂറിസം പ്രചാരകരുമാക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് നിയമസഭയിൽ. ഇതിന്റെ ഭാഗമായി വയനാട്ടിൽ ഇതിനായി ഓട്ടോറിക്ഷാ തൊഴിലാളികൾക്ക് പ്രത്യേക പരിശീലനം നൽകി കഴിഞ്ഞു.
കേരളത്തിലെ കടൽതീരമുള്ള എല്ലാ ജില്ലകളിലും ഫ്ലോട്ടിങ് ബ്രിഡ്ജ് സ്ഥാപിക്കുന്നതിന് നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. നിലവിൽ കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ സ്ഥാപിച്ച ഫ്ലോട്ടിങ് ബ്രിഡ്‌ജ് ഒമ്പത് ജില്ലകളിലേക്കു കൂടി വ്യാപിക്കും. കാസർകോട്, മലപ്പുറം, തൃശൂർ, എറണാകുളം, ആലപ്പുഴ, തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങളിലേക്കാണ് വ്യാപിപ്പിക്കുക. ഓരോ ജില്ലയിലും ഓരോ ബീച്ചുകളിലാണ് ഇത് സ്ഥാപിക്കുക. രണ്ടാം ശനിക്ക് മുമ്പുള്ള വെള്ളിയാഴ്ചയും ശനിയും കണക്കാക്കി നൈറ്റ് ലൈഫ് പദ്ധതി കൊണ്ടുവരുന്നതിനുള്ള പദ്ധതികൾ പുരോഗമിച്ച് വരുകയാണെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ക്യാരവാൻ പാർക്കുകളുടെ എണ്ണം വർധിപ്പിക്കുന്നതിന് കെടിഡിസികളുമായി ചേർന്ന് പദ്ധതികൾ ആവിഷ്‌കരിക്കും. ക്യാരവാൻ ടൂറിസം പരിധിയിൽ ഗ്രാമീണ മേഖലകളെ കൂടി ഉൾപ്പെടുത്താനുള്ള ശ്രമവും ആരംഭിച്ചു. സഞ്ചാരികൾ കേരളത്തിലേക്ക് കൂടുതലായി എത്തുന്നത് സുരക്ഷിതമായ ഇടമെന്ന കാരണത്താൽ കൂടിയാണ്. കൂടുതൽ സുരക്ഷ ഉറപ്പാക്കാൻ പരിശീലനം ലഭിച്ച 184 ടൂറിസം പൊലീസുകാരെ ജില്ലകളിൽ വിന്യസിച്ചുകഴിഞ്ഞു. ക്രൂയീസ് പദ്ധതികളുടെ സാധ്യത മനസിലാക്കി സംസ്ഥാനത്തും ഇത് ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ