സെസില്‍ പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി;  പ്രതിഷേധം ജനകീയമല്ലെന്ന് വാദം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th February 2023 11:54 AM  |  

Last Updated: 07th February 2023 11:54 AM  |   A+A-   |  

pinarayi

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: ഇന്ധന സെസില്‍ പിന്നോട്ട് പോകില്ലെന്ന സൂചനയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇന്ധന സെസ് കുറച്ചാല്‍ അത് യുഡിഎഫിന് നേട്ടമാകുമെന്ന് യോഗത്തില്‍ എല്‍ഡിഎഫ് നേതാക്കള്‍ അഭിപ്രായപ്പെട്ടു.

ഇപ്പോള്‍ ഈ ആവശ്യം ഉന്നയിക്കുന്നത് യുഡിഎഫ് മാത്രമാണ്. ജനകീയ പ്രതിഷേധമല്ല, രാഷ്ട്രീയ പ്രതിഷേധമാണ് ഇപ്പോള്‍ നടക്കുന്നതെന്നും നേതാക്കള്‍ യോഗത്തില്‍ വിലയിരുത്തി. ഇപ്പോള്‍ നാമമാത്രമായ വര്‍ധനവാണ് ഉണ്ടായത്. അത് കുറച്ചാല്‍ രാഷ്ട്രീയമായ കീഴടങ്ങലാകുമെന്നാണ് ചില നേതാക്കള്‍ യോഗത്തില്‍ അഭിപ്രായപ്പെട്ടത്.  സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതിനനുസരിച്ച് കുറവ് വരുത്താമെന്ന നിലപാടാണ് യോഗത്തിലുണ്ടായത്. 

അതേസമയം, ബജറ്റില്‍ പ്രഖ്യാപിച്ച ഇന്ധന സെസ് അടക്കം പിന്‍വലിക്കണം എന്നാവശ്യപ്പെട്ടുള്ള പ്രതിഷേധം ശക്തമാക്കി കോണ്‍ഗ്രസ്. നിയമസഭയ്ക്ക് അകത്തും പുറത്തും സമരം ശക്തിപ്പെടുത്താനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. ഡിസിസികളുടെ നേതൃത്വത്തില്‍  ഇന്ന് നടന്ന കലക്ടറേറ്റ് മാര്‍ച്ചില്‍ പലയിടത്തും സംഘര്‍ഷമുണ്ടായി.

സെക്രട്ടേറിയറ്റിലേക്കും ഇന്ന് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തുന്നുണ്ട്. ബജറ്റില്‍ പ്രഖ്യാപിച്ച ഇന്ധന സെസ് പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് നാല് യുഡിഎഫ് എംഎല്‍എമാര്‍ നിയമസഭാ കവാടത്തില്‍ നടത്തുന്ന സത്യഗ്രഹ സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു. ഷാഫി പറമ്പില്‍, സിആര്‍ മഹേഷ്, മാത്യു കുഴല്‍നാടന്‍, നജീബ് കാന്തപുരം എന്നിവരാണ് നിരാഹാരമിരിക്കുന്നത്. 

ഈ വാർത്ത കൂടി വായിക്കൂ 

ഇന്ധന സെസില്‍ പ്രതിഷേധം കടുപ്പിച്ച് യുഡിഎഫും ബിജെപിയും; ഇന്ന് പ്രതിഷേധമാര്‍ച്ച്;  എംഎല്‍എമാരുടെ സമരം രണ്ടാം ദിവസത്തിലേക്ക്

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ