'ഭക്ഷണം കഴിച്ചോ?; പായും തലയണയും കിട്ടിയില്ലേ?'; സത്യഗ്രഹം നടത്തുന്ന എംഎല്‍എമാര്‍ക്ക് സൗകര്യങ്ങള്‍ ഉറപ്പാക്കി സ്പീക്കര്‍

കുശലാന്വേഷണത്തിനിടെ സമരകഥകളും ലാത്തിച്ചാര്‍ജ് അനുഭവങ്ങളും സ്പീക്കര്‍ പങ്കുവച്ചു
സത്യഗ്രഹമിരിക്കുന്ന എംഎല്‍എമാര്‍
സത്യഗ്രഹമിരിക്കുന്ന എംഎല്‍എമാര്‍

തിരുവനന്തപുരം: നിയമസഭാ കവാടത്തിന് മുന്നില്‍ സത്യഗ്രഹം ഇരിക്കുന്ന എംഎല്‍എമാരെ സന്ദര്‍ശിച്ച് സ്പീക്കര്‍ എഎന്‍ ഷംസീര്‍. ''പായും തലയണയും കിട്ടിയില്ലേ? ഫാനിന്റെ കാറ്റില്ലേ? ഭക്ഷണം കഴിച്ചോ? എന്തെങ്കിലും കുറവുണ്ടെങ്കില്‍ പറയണ'മെന്ന് സ്പീക്കര്‍ അറിയിച്ചതോടെ അസൗകര്യങ്ങളൊന്നുമില്ലെന്നായിരുന്നു അനിശ്ചിതകാല സത്യഗ്രഹം നടത്തുന്ന പ്രതിപക്ഷ എംഎല്‍എമാരുടെ മറുപടി. കുശലാന്വേഷണത്തിനിടെ സമരകഥകളും ലാത്തിച്ചാര്‍ജ് അനുഭവങ്ങളും സ്പീക്കര്‍ പങ്കുവച്ചു. അടി കിട്ടിയതിന്റെയും കൊടുത്തതിന്റെയും ഓര്‍മകള്‍ പ്രതിപക്ഷ എംഎല്‍എമാരും വിവരിച്ചു

സത്യഗ്രഹം നടത്തുന്ന പ്രതിപക്ഷ എംഎല്‍എമാരായ ഷാഫി പറമ്പില്‍, മാത്യു കുഴല്‍നാടന്‍, സിആര്‍ മഹേഷ്, നജീബ് കാന്തപുരം എന്നിവരെ ഇന്നലെ രാത്രി പത്തേമുക്കാലോടെയാണു സ്പീക്കര്‍ സന്ദര്‍ശിക്കാനെത്തിയത്. 10 മിനിറ്റോളം എംഎല്‍എമാരുമായി സംസാരിച്ചു സൗകര്യങ്ങള്‍ ഉറപ്പാക്കിയ ശേഷമാണ് സ്പീക്കര്‍ മടങ്ങിയത്. മെഡിക്കല്‍ സംഘവും എംഎല്‍എമാരെ സന്ദര്‍ശിച്ചു. രാത്രിയിലും നിരവധി പേരാണ് സന്ദര്‍ശകരായി എത്തിയത്

'ജനത്തിന്റെ തലയ്ക്കടിക്കുന്ന ജനവിരുദ്ധ ബജറ്റ്' എന്നെഴുതിയ പ്ലക്കാര്‍ഡുകളുമായിട്ടാണ് എംഎല്‍എമാരുടെ സമരം. ഫോണ്‍കോളുകള്‍ സ്വീകരിക്കുന്നതിന്റെ തിരക്കിലായിരുന്നു ഷാഫിയും മഹേഷും നജീബും. സത്യഗ്രഹ ചിത്രങ്ങള്‍ സിആര്‍ മഹേഷ് സാമൂഹികമാധ്യമങ്ങളിലും പോസ്റ്റ് ചെയ്തു. ഇടയ്ക്ക് എല്ലാവരും കൂടി സെല്‍ഫിയുമെടുത്തു. എംഎല്‍എമാര്‍ക്കരികില്‍ ജാഗരൂകരായി വാച്ച് ആന്‍ഡ് വാര്‍ഡുമുണ്ട്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com