വെള്ളക്കരം കൂട്ടല്‍ : മന്ത്രി റോഷി അഗസ്റ്റിനെതിരെ സ്പീക്കറുടെ റൂളിങ്ങ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th February 2023 01:09 PM  |  

Last Updated: 07th February 2023 01:09 PM  |   A+A-   |  

shamseer_roshy_augustine

ഷംസീര്‍, റോഷി അഗസ്റ്റിന്‍/ ഫയല്‍

 

തിരുവനന്തപുരം: വെള്ളക്കരം കൂട്ടലില്‍ ജലവിഭവമന്ത്രി റോഷി അഗസ്റ്റിനെതിരെ സ്പീക്കറുടെ റൂളിങ്. നിയമസഭ ചേരുമ്പോള്‍ ഇത്തരത്തിലുള്ള ഉത്തരവുകള്‍ ആദ്യം പ്രഖ്യാപിക്കേണ്ടത് സഭയിലാണെന്ന് സ്പീക്കര്‍ എഎന്‍ ഷംസീര്‍ വ്യക്തമാക്കി. ബജറ്റ് ചര്‍ച്ചയ്ക്കിടെ കോണ്‍ഗ്രസിന്റെ എ പി അനില്‍കുമാറാണ് വിഷയം ക്രമപ്രശ്‌നമായി ഉന്നയിച്ചത്. 

വെള്ളക്കരം കൂട്ടുന്നത് മന്ത്രി നിയമസഭയ്ക്ക് പുറത്താണ് പ്രഖ്യാപിച്ചത്. സഭ സമ്മേളിക്കുന്ന അവസരത്തില്‍ അത്തരത്തിലുള്ള സര്‍ക്കാര്‍ തീരുമാനങ്ങള്‍ പുറത്ത് പ്രഖ്യാപിക്കുന്നത് നിയമക്രമത്തിലുള്ളതാണോയെന്ന് അനില്‍കുമാര്‍ ചോദിച്ചു. 

ഇതേത്തുടര്‍ന്നാണ് സ്പീക്കര്‍ റൂളിങ് നടത്തിയത്. സഭ ചേരുമ്പോള്‍ ഇത്തരം സര്‍ക്കാര്‍ തീരുമാനങ്ങള്‍ ആദ്യം സഭയിലാണ് പറയേണ്ടത്. അത് പുറത്തു പറഞ്ഞത് ശരിയായില്ല. മേലില്‍ സഭ സമ്മേളിക്കുന്ന സാഹചര്യത്തില്‍, ഇത്തരത്തിലുള്ള സര്‍ക്കാര്‍ തീരുമാനങ്ങള്‍ സഭയില്‍ തന്നെ പ്രഖ്യാപിക്കണമെന്നും സ്പീക്കര്‍ റൂളിങ് നല്‍കി. 

'ആരാച്ചാർക് ഉള്ള ദയ പോലും സർക്കാരിനില്ല'

നേരത്തെ വെള്ളക്കരം കൂട്ടിയതില്‍ പ്രതിപക്ഷം നിയമസഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. കോണ്‍ഗ്രസിന്റെ എം വിന്‍സെന്റാണ് നോട്ടീസ് നല്‍കിയത്. യൂണിറ്റിന് മൂന്നിരട്ടിയോളം രൂപയാണ് വർധിപ്പിച്ചതെന്നാണ്  അടിയന്തിര പ്രമേയ നോട്ടീസിൽ കുറ്റപ്പെടുത്തി.

ചാർജ് വർധനവ് എഡിബിക്ക് വേണ്ടിയാണെന്ന് വിൻസെന്റ് ആരോപിച്ചു. എഡിബി നൽകിയ എസ്റ്റിമേറ്റ് അനുസരിച്ചാണ് വെള്ളക്കരം കൂട്ടിയത്. ആരാച്ചാർക് ഉള്ള ദയ പോലും സർക്കാരിനില്ല. കിട്ടാത്ത വെള്ളത്തിന് ചാർജ് അടയ്ക്കേണ്ട സ്ഥിതിയാണെന്നും വിൻസെന്റ് കുറ്റപ്പെടുത്തി. 

നാല് പേരുള്ള ഒരു കുടുംബത്തിന് 100 ലിറ്റർ വെള്ളം വേണോ?

വാട്ടർ അതോറിറ്റിയുടെ നഷ്ടക്കണക്ക് നിരത്തിയാണ് മന്ത്രി റോഷി അ​ഗസ്റ്റിൻ വെള്ളക്കരം കൂട്ടിയതിനെ ന്യായീകരിച്ചത്. 4912.42 കോടി രൂപയുടെ സഞ്ചിത നഷ്ടമാണ് വാട്ടർ അതോറിറ്റി നേരിടുന്നത്. 1263 കോടി കെ എസ് ഇ ബിക്ക് മാത്രം കൊടുക്കാൻ ഉണ്ട്.

ജല ഉപയോഗത്തിൽ കുറവ് വരുത്താൻ പൊതു സമൂഹത്തെ പഠിപ്പിക്കേണ്ടതുണ്ട്. ഒരു ലിറ്റർ വെള്ളത്തിന് ഒരു പൈസ ആണ് കൂടിയത്. നാല് പേരുള്ള ഒരു കുടുംബത്തിന് ശരാശരി 100 ലിറ്റർ വെള്ളം വേണോയെന്നും മന്ത്രി ചോദിച്ചു. വാദപ്രതിവാദങ്ങൾക്കൊടുവിൽ പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയ നോട്ടീസ് തള്ളി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഇന്ധന സെസ്; കോണ്‍ഗ്രസ് മാര്‍ച്ച് സംഘര്‍ഷം; പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കി,പൊലീസിനെതിരെ കല്ലേറ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ