എന്‍ഐഎയ്ക്ക് തിരിച്ചടി; അലന്‍ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കില്ല

പന്തീരങ്കാവ് യുഎപിഎ കേസില്‍ എന്‍ഐഎക്ക് തിരിച്ചടി. കേസില്‍ അലന്‍ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം എന്‍ഐഎ കോടതി തള്ളി
അലന്‍ ഷുഹൈബ്/ഫയല്‍
അലന്‍ ഷുഹൈബ്/ഫയല്‍


കോഴിക്കോട്: പന്തീരങ്കാവ് യുഎപിഎ കേസില്‍ എന്‍ഐഎക്ക് തിരിച്ചടി. കേസില്‍ അലന്‍ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം എന്‍ഐഎ കോടതി തള്ളി. ജാമ്യം റദ്ദാക്കാന്‍ മതിയായ കാരണങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവ്. വിശദമായ വാദത്തിന് ശേഷമാണ് അലന്‍ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം കൊച്ചിയിലെ എന്‍ഐഎ കോടതി തള്ളിയത്.

അലന്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച ചില പോസ്റ്റുകള്‍ അനുചിതമാണ്. എന്നാല്‍ ഇത് ജാമ്യം റദ്ദാക്കാന്‍ മാത്രമുള്ള കാരണമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത്തരത്തിലുള്ള പോസ്റ്റുകള്‍ ഷെയര്‍ ചെയ്യരുതെന്ന് കോടതി അലന് നിര്‍ദേശം നല്‍കി.

പാലയാട് സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസിലെ ജൂനിയര്‍ വിദ്യാര്‍ഥിയെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ അലനെതിരെ ധര്‍മടം പൊലീസ് കേസെടുത്തിരുന്നു. ജാമ്യത്തിലിരിക്കെ പുതിയ ക്രിമിനല്‍ കേസില്‍ പ്രതിയായത് ജാമ്യവ്യവസ്ഥകളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു എന്‍ഐഎ കോടതിയെ സമീപിച്ചത്. ജാമ്യവ്യവസ്ഥകള്‍ ലംഘിക്കുന്നുണ്ടോയെന്ന് പരിശോധിക്കാനായി പന്നിയങ്കര പൊലീസിനെയാണ് ചുമതലപ്പെടുത്തിയിരുന്നത്. കോടതി നിര്‍ദ്ദേശപ്രകാരം ആദ്യം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അലന് അനുകൂലമായിരുന്നു പന്നിയങ്കര പൊലീസിന്റെ നിലപാട്.

എന്നാല്‍, പാലയാട് ക്യാംപസിലെ സംഭവത്തിനു ശേഷം ആദ്യം നല്‍കിയതിനു നേരെ വിപരീതമായ റിപ്പോര്‍ട്ടാണ് പൊലീസ് നല്‍കിയത്. ഇക്കാര്യം ഉത്തരവില്‍ കോടതി ചൂണ്ടിക്കാട്ടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com