വിശ്വാസികളെ കൂടുതല്‍ ആകര്‍ഷിക്കണം, പ്രത്യേക പൂജകളും വഴിപാടുകളും; ദേവചൈതന്യം കൂട്ടണം, ക്ഷേത്രങ്ങള്‍ക്ക് സര്‍ക്കുലര്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 08th February 2023 11:43 AM |
Last Updated: 08th February 2023 11:43 AM | A+A A- |

ഫയല്‍ ചിത്രം
തിരുവനന്തപുരം: പൂജകളുടെ എണ്ണം കൂട്ടാനും വിശ്വാസികളെ കൂടുതലായി ആകര്‍ഷിക്കുന്നതിന് പ്രചാരണ പരിപാടികള്‍ നടത്താനും ക്ഷേത്രങ്ങള്‍ക്ക് നിര്‍ദേശം നല്‍കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളുടെ വരുമാനം കൂട്ടി സ്വയംപര്യാപ്തതയില്‍ എത്തിക്കാന്‍ ലക്ഷ്യമിട്ടാണ് തീരുമാനമെന്ന് ക്ഷേത്രങ്ങള്‍ക്കായുള്ള സര്‍ക്കുലറില്‍ പറയുന്നു. കഴിഞ്ഞമാസം ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം.
പൗര്‍ണമി നാളുകളില്‍ ഭഗവതിസേവയും ഐശ്വര്യ പൂജയും ആരംഭിക്കാന്‍ ദേവി ക്ഷേത്രങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ശനിയാഴ്ചകളില്‍ അയ്യപ്പ ക്ഷേത്രങ്ങളില്‍ ശനീശ്വര പൂജ നടത്താനും സര്‍ക്കുലറില്‍ പറയുന്നു.
ദിവസേന പൂജയില്ലാത്ത ക്ഷേത്രങ്ങളില്‍ പ്രധാനപ്പെട്ട വഴിപാടുകളോടെ അത് ആരംഭിക്കാനും ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്.
എല്ലാ ക്ഷേത്രങ്ങളിലും വിശേഷപ്പെട്ട ദിവസങ്ങളില്‍ നെല്‍പ്പറ, എള്ളുപ്പറ, മഞ്ഞള്‍പ്പറ എന്നി വഴിപാടുകള്‍ ആരംഭിക്കണം. കൂടുതല്‍ വിശ്വാസികളെ ക്ഷേത്രങ്ങളിലേക്ക് എത്തിക്കുന്നതിന് വേണ്ടിയാണ് പുതിയ പരിഷ്‌കാരമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ അനന്തഗോപന്‍ അറിയിച്ചു.
നിലവില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള 1200 ക്ഷേത്രങ്ങളില്‍ 50 എണ്ണം മാത്രമാണ് സ്വയംപര്യാപ്തത നേടിയത്. എല്ലാ ക്ഷേത്രങ്ങളും സ്വന്തം കാലില്‍ നില്‍ക്കുന്ന അവസ്ഥയിലേക്ക് മാറ്റുന്നതിനാണ് പരിഷ്‌കാരം. ക്ഷേത്രങ്ങളില്‍ നിന്ന് ലാഭം ഉണ്ടാക്കാന്‍ ദേവസ്വം ബോര്‍ഡ് ഉദ്ദേശിക്കുന്നില്ല. ദേവചൈതന്യം വര്‍ധിപ്പിച്ചും അടിസ്ഥാന സൗകര്യങ്ങള്‍ ഉയര്‍ത്തിയും കൂടുതല്‍ വിശ്വാസികളെ ക്ഷേത്രങ്ങളിലേക്ക് അടുപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അനന്തഗോപന്‍ പറഞ്ഞു.
പല ക്ഷേത്രങ്ങളിലെയും വഴിപാടുകള്‍ക്ക് പ്രചാരണം കുറവാണ്. വിശേഷപ്പെട്ട വഴിപാടുകളെ കുറിച്ച് അറിഞ്ഞ് കൂടുതല്‍ ഭക്തര്‍ എത്തണമെങ്കില്‍ പ്രചാരണം നടത്തേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.വിവിധ വഴിപാടുകളുടെ പ്രാധാന്യം വിശ്വാസികളെ ബോധ്യപ്പെടുത്താന്‍ വഴിപാടുകള്‍ ഡിസ്‌പ്ലേ ബോര്‍ഡുകളില്‍ പ്രദര്‍ശിപ്പിക്കണം. ക്ഷേത്രത്തിലെ വഴിപാടുകളെ കുറിച്ച് ജീവനക്കാര്‍ വിശ്വാസികള്‍ക്ക് പറഞ്ഞു മനസിലാക്കി കൊടുക്കണം. വിളക്കുകളില്‍ ഒഴിക്കുന്ന എണ്ണയില്‍ അടക്കം ഗുണമേന്മ ഉറപ്പുവരുത്തണമെന്നും സര്‍ക്കുലറില്‍ പറയുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
ജഡ്ജിക്ക് നല്‍കാനെന്ന വ്യാജേന പണം കൈപ്പറ്റിയ കേസ്; നിര്‍മ്മാതാവിനെയും ഭാര്യയെയും ചോദ്യം ചെയ്തു
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ