'കേരളം വായുനികുതിയുടെ വക്കില്‍'; എംകെ രാഘവന്‍ പാര്‍ലമെന്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th February 2023 09:17 PM  |  

Last Updated: 09th February 2023 09:17 PM  |   A+A-   |  

mk_raghavan

എംകെ രാഘവന്‍ ലോക്‌സഭയില്‍ സംസാരിക്കുന്നു

 

ന്യൂഡല്‍ഹി: കേരളത്തിലെ നികുതി വര്‍ധനവ് പാര്‍ലമെന്റില്‍ ഉന്നയിച്ച് എംകെ രാഘവന്‍ എംപി. കേരളത്തിന്റെ ജിഎസ്ടി കുടിശിക എത്രയും വേഗം കേന്ദ്രസര്‍ക്കാര്‍ കൊടുത്തു തീര്‍ത്തില്ലെങ്കില്‍ വായു നികുതി ഏര്‍പ്പെടുത്തിയും സംസ്ഥാന സര്‍ക്കാര്‍ ജനത്തെ പിഴിയാന്‍ സാധ്യതയുണ്ടെന്ന് എംകെ രാഘവന്‍ ലോക്‌സഭയില്‍ പറഞ്ഞു. കേന്ദ്ര ബജറ്റിന്‍മേലുള്ള ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു എംകെ രാഘവന്‍.

കേന്ദ്രസര്‍ക്കാറിനെയും അദ്ദേഹം വിമര്‍ശിച്ചു. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച കാര്യങ്ങളില്‍ ഏതൊക്കെ നടപ്പാക്കിയെന്ന് പരിശോധിച്ചിട്ട് പുതിയ ബജറ്റ് ചര്‍ച്ച ചെയ്യുന്നതാണ് ഉചിതം. തൊഴിലുറപ്പ് പദ്ധതി വിഹിതം കുത്തനെ വെട്ടിക്കുറച്ചത് ഗ്രാമങ്ങളില്‍ വലിയ പ്രയാസമുണ്ടാക്കും. ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന പദ്ധതി ഇഞ്ചിഞ്ചായി ഇല്ലാതാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. പ്രതിദിന വേതനം 300 രൂപയാക്കണമെന്ന് രാഘവന്‍ ആവശ്യപ്പെട്ടു.

കോഴിക്കോട് ലോക്‌സഭ മണ്ഡലത്തെ ബജറ്റ് പൂര്‍ണമായും തഴഞ്ഞു. കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന്‍ വികസന ഫയല്‍ ഭൂവികസന അതോറിറ്റിയില്‍ കുരുങ്ങിക്കിടപ്പാണ്. ഇനി ഒരു ഉദ്യോഗസ്ഥനെയും താന്‍ ചെന്നു കാണാന്‍ ബാക്കിയില്ല. ഫറോക്ക്-അങ്ങാടിപ്പുറം, ഗുരുവായൂര്‍-തിരുനാവായ റെയില്‍വേ ലൈനുകളെക്കുറിച്ച് ഒരു പരാമര്‍ശം പോലും ബജറ്റിലില്ല. കിനാലൂരില്‍ എയിംസിന് ഭൂമി ഏറ്റെടുത്തു വരുകയാണെങ്കിലും കേരളത്തിന് എയിംസ് അനുവദിച്ചിട്ടില്ല.

കേന്ദ്രത്തിന് ലാഭം നല്‍കുന്ന കോഴിക്കോട് വിമാനത്താവള വികസനത്തിന് ഫണ്ട് നല്‍കിയിട്ടില്ല. ബേപ്പൂര്‍ തുറമുഖ നവീകരണത്തിനും ലക്ഷദ്വീപ് കണക്റ്റിവിറ്റി വിപുലീകരിക്കുന്നതിനും, ബേപ്പൂര്‍ മലാപ്പറമ്പ് നാലുവരിപാത പദ്ധതിക്കും, ടൂറിസം മേഖലക്കും ഫണ്ട് അനുവദിക്കണമെന്നും എംപി ആവശ്യപ്പെട്ടു.

ഈ വാര്‍ത്ത കൂടി വായിക്കൂ ക്ലിഫ് ഹൗസിലെ കാലിത്തൊഴുത്തിന് 42 ലക്ഷം; 'ഇതുപോലൊരു അസംബന്ധം ഭൂലോകത്തുണ്ടാകില്ല'

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ