25000 രൂപ പാസാക്കാൻ 1000 രൂപ കൈക്കൂലി, വാങ്ങിയത് വാർഡ് മെമ്പറിൽ നിന്ന്; വിഇഒയെ കയ്യോടെ പൊക്കി വിജിലൻസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th February 2023 09:54 PM  |  

Last Updated: 10th February 2023 09:54 PM  |   A+A-   |  

vishnu_bribe_arrest

കൈക്കൂലി വാങ്ങിയതിന് പിടിയിലായ വിഷ്ണു

 

തൃശൂർ; വീടിന്റെ അറ്റകുറ്റപണിക്ക് അനുവദിച്ച ഫണ്ട് പാസാക്കാൻ പഞ്ചായത്ത് മെമ്പറിൽ നിന്ന് കൈക്കൂലി വാങ്ങിയ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ വിജിലൻസ് പിടിയിൽ. കൈപ്പമംഗലം ഗ്രാമ പഞ്ചായത്തിലെ വിഇഒ ആയ പി ആർ വിഷ്ണുവാണ് പടിയിലായത്. 25,000 രൂപ അനുവദിക്കാൻ 1000 രൂപയാണ് ഇയാൾ കൈക്കൂലിയായി ആവശ്യപ്പെട്ടത്. നേരത്തെ കൈക്കൂലി വാങ്ങിയതിന് ഇയാളെ പഞ്ചായത്ത് അധികൃതർ താക്കീത് ചെയ്തിരുന്നു. 

കൈപ്പമംഗലം ഗ്രാമപഞ്ചായത്ത് വഴി ഷഹർബാന്റെ വീട് അറ്റകുറ്റപണിക്ക് 50000 രൂപയാണ് ഫണ്ട് അനുവദിച്ചത്. ഇതിൽ ആദ്യ ഗഡു 25000 രൂപ നേരത്തെ നൽകിയിരുന്നു. രണ്ടാം ഗഡു പാസാക്കണമെങ്കിൽ 1000 രൂപ നൽകണമെന്നായിരുന്നു വി ഇ ഒ ആയ വിഷ്ണു വീട്ടുടമസ്ഥയോട് ആവശ്യപ്പെട്ടത്. വാർഡ് മെമ്പർ വിഷ്ണുവിനെ വിളിച്ചെങ്കിലും കൈക്കൂലി വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു. 

തുടർന്നാണ് വിജിലൻസിനെ പഞ്ചായത്ത് മെമ്പർ വിവരം അറിയിച്ചത്. ഫിനോഫ്തലിൻ പൗഡർ പുരട്ടിയ ആയിരം രൂപ പഞ്ചായത്ത് മെമ്പർ നേരിട്ട്  വിഷ്ണുവിന് നൽകി. ഈ സമയത്ത് സ്ഥലത്തുണ്ടായിരുന്ന വിജിലൻസ് ഉദ്യോഗസ്ഥർ വിഷ്ണുവിനെ കൈയ്യോടെ പിടികൂടി. പത്ത് ദിവസം മുമ്പാണ് ഇയാൾ കയ്പമംഗംല വിഇഒ ആയി ചുമതലയേൽക്കുന്നത്. രണ്ട് ദിവസം മുമ്പ് പഞ്ചായത്തിലെ ഒരാളിൽ നിന്ന് 3000 രൂപ ഇയാൾ കൈക്കൂലി വാങ്ങിയിരുന്നു. ബി ഡി ഒയും പഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറിയും ഇടപെട്ട് ഈ പണം തിരിച്ചു കൊടുപ്പിച്ച് താക്കീത് നൽകി. മുമ്പും ഇയാൾ കൈക്കൂലി വാങ്ങിയെന്ന് ആക്ഷേപമുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

അനർഹമായി മുൻഗണനാ റേഷൻ കാർഡ് കൈവശം വച്ചത് 34,550 പേർ; 5.17 കോടി പിഴ ഈടാക്കി​

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ