'കേരളത്തില്‍ എന്ത് അപകടമാണ് നിങ്ങള്‍ കണ്ടത്?, കൂടുതലൊന്നു പറഞ്ഞു നോക്കൂ'; അമിത് ഷായ്ക്ക് എതിരെ മുഖ്യമന്ത്രി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th February 2023 05:33 PM  |  

Last Updated: 13th February 2023 06:59 AM  |   A+A-   |  

pinarayi1

വീഡിയോ സ്‌ക്രീന്‍ഷോട്ട്

 

കോട്ടയം: കര്‍ണാടകയില്‍ നടന്ന ബിജെപി റാലിയില്‍ കേരളത്തെ പരിഹസിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്ത് മതനിരപേക്ഷത കൊടികുത്തി വാഴുന്ന സംസ്ഥാനമാണ് കേരളം. വര്‍ഗീയതയ്ക്ക് എതിരെ ജീവന്‍ കൊടുത്ത് പോരാടിയവരുടെ മണ്ണാണ്. ബിജെപി അധികാരത്തിലുള്ള സംസ്ഥാനങ്ങളില്‍ അതാണോ സ്ഥിതിയെന്ന് അദ്ദേഹം ചോദിച്ചു. സിപിഎം വാഴൂര്‍ ഏരിയ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കര്‍ണാടക സുരക്ഷിതമായി തുടരാന്‍ ബിജെപി അധികാരത്തില്‍ തുടരണമെന്നായിരുന്നു അമിത് ഷായുടെ പ്രസ്താവന. നിങ്ങളുടെ തൊട്ടടുത്ത് കേരളമുണ്ടെന്ന് പറഞ്ഞ അമിത് ഷാ, താന്‍ കൂടുതല്‍ ഒന്നും പറയുന്നില്ലെന്ന് കൂട്ടിച്ചേര്‍ത്തു. കര്‍ണാടക സുരക്ഷിതമായി നിലനിര്‍ത്താന്‍ ബിജെപിക്ക് മാത്രമേ സാധിക്കുകയുള്ളൂ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ഒരു ബിജെപിക്ക് സര്‍ക്കാരിന് മാത്രമേ സുരക്ഷ ഉറപ്പുവരുത്താന്‍ സാധിക്കൂവെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകള്‍ ഇങ്ങനെ: 'തൊട്ടടുത്ത കര്‍ണാടകയില്‍വെച്ച് രാജ്യത്തിന്റെ ആഭ്യന്തരമന്ത്രി അമിത് ഷാ ഒരു പ്രസംഗം നടത്തി. ആ പ്രസംഗത്തില്‍ അദ്ദേഹം സുരക്ഷിതമായി ജീവിക്കേണ്ട സാഹചര്യത്തെ കുറിച്ചാണ് പറഞ്ഞത്. തൊട്ടടുത്താണല്ലോ കേരളം, കൂടുതലൊന്നും പറയണ്ടല്ലോ എന്നാണ് അദ്ദേഹം പറഞ്ഞത്. വളരേ നല്ലത്, കേരളം എന്താണ്, കര്‍ണാടകയിലെ സ്ഥിതി എന്താണെന്ന് എല്ലാവര്‍ക്കും നല്ലതുപോലെ അറിയാം. ഭരണഘന വിഭാവനം ചെയ്യുന്ന രീതിയില്‍ എല്ലാ ജനങ്ങള്‍ക്കും ഏത് മതവിശ്വാസിക്കും മതത്തില്‍ വിശ്വാസിക്കാത്തവര്‍ ഉണ്ടെങ്കില്‍ അവര്‍ക്കും ജീവിക്കാനുള്ള അവസരമുണ്ട്. അതാണോ കര്‍ണാടകയിലെ സ്ഥിതി? ഇക്കാര്യത്തില്‍ കേരളത്തെ മാതൃകയാക്കണം എന്നാണ് ഉദ്ദേശിച്ചതെങ്കില്‍ ശരി. പക്ഷേ അതല്ല അദ്ദേഹം ഉദ്ദേശിച്ചത്. ഇവിടെ എന്ത് അപകടമാണ് അദ്ദേഹത്തിന് ദര്‍ശിക്കാനായത്? 

മംഗലാപുരം അടക്കമുള്ള പ്രദേശങ്ങളില്‍ വലിയ തോതിലുളള ആക്രമണം ശ്രീരാമ സേന നടത്തി. കര്‍ണാടകയിലെ ചിക്കമംഗലൂരില്‍ 101 വര്‍ഷം പഴക്കമുള്ള ക്രിസ്ത്യന്‍പള്ളി ക്രിസ്മസ് കാലത്ത് സംഘപരിവാറുകാര്‍ ആക്രമിച്ചു. ക്രിസ്ത്യാനികളും ന്യൂനപക്ഷങ്ങളും നിരന്തരം ആക്രമണത്തിന് ഇരകളായി. എന്നാല്‍ കേരളം വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഇല്ലാത്ത നാടായി നിലനില്‍ക്കുന്നു. 

ഏതെങ്കിലും മത വിഭാഗത്തിന് ആ മതത്തില്‍ വിശ്വസിക്കുന്നു എന്നതുകൊണ്ട് എന്തെങ്കിലും പ്രയാസം അനുഭവിക്കുന്നുണ്ടോ? അത്തരം സാഹചര്യം തങ്ങള്‍ അധികാരത്തില്‍ ഉള്ളിടത്ത് സൃഷ്ടിക്കണം എന്നല്ലേ കേന്ദ്ര ആഭ്യന്തര മന്ത്രി പറയേണ്ടത്? കേരളത്തെ നോക്കൂ, എല്ലാവര്‍ക്കും സുരക്ഷിതത്വം എന്നല്ലേ കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ വാക്കുകള്‍ വരേണ്ടത്? എന്ത് അപകടമാണ് അദ്ദേഹത്തിന് കേരളത്തെ കുറിച്ച് കാണാന്‍ കഴിഞ്ഞത്? എന്താണ് പറയാനുള്ളത്? അധികമൊന്നും പറയുന്നില്ല എന്നല്ലേ പറഞ്ഞത്, എന്നാല്‍ അധികമൊന്നു പറഞ്ഞു നോക്കണോ? എന്താണ് പറയാനുള്ളതെന്ന് നമുക്ക് അറിയാമല്ലോ അപ്പോള്‍. എന്തുകാര്യമാണ് നിങ്ങള്‍ക്ക് പറയാനുണ്ടാകുക? ഈ രാജ്യത്ത് മതനിരപേക്ഷത കൊടികുത്തി വാഴുന്ന സംസ്ഥാനമല്ലേ കേരളം? ബിജെപി അധികാരത്തിലുള്ള സംസ്ഥാനങ്ങളില്‍ അതാണോ സ്ഥിതി? രാജ്യത്തെ വര്‍ഗീയ സംഘര്‍ഷങ്ങളില്‍ പ്രധാന ഭാഗവും സംഘപരിവാറിന്റെ ഭാഗത്തുനിന്നാണ്. അതവസാനിപ്പിക്കാന്‍ നിങ്ങള്‍ക്ക് കഴിയുമോ?'- അദ്ദേഹം പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ തുടര്‍ചികിത്സയ്ക്കായി ഉമ്മന്‍ചാണ്ടി ബംഗളൂരുവിലേക്ക്; എയര്‍ ആംബുലന്‍സില്‍ 9 അംഗസംഘം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ