സ്ത്രീകളെ സ്‌കൂട്ടറില്‍ പിന്തുടരും, ഓയില്‍ മാറിയില്ലെങ്കില്‍ വാഹനത്തിന് തീപിടിക്കുമെന്ന് പറഞ്ഞ് തട്ടിപ്പ്; അറസ്റ്റ് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th February 2023 07:51 AM  |  

Last Updated: 13th February 2023 07:51 AM  |   A+A-   |  

MANNIKUTTAN

മണിക്കുട്ടന്‍

 

തൊടുപുഴ: ഇരുചക്ര വാഹനയാത്രികരായ സ്ത്രീകളെ സ്‌കൂട്ടറില്‍ പിന്തുടര്‍ന്ന് തട്ടിപ്പിലൂടെ പണം കവര്‍ന്നയാള്‍ പിടിയില്‍. വെങ്ങല്ലൂര്‍ പിടിവീട്ടില്‍ മണിക്കുട്ടന്‍ (52) ആണ് അറസ്റ്റിലായത്. തൊടുപുഴ ഡിവൈഎസ്പി എം ആര്‍ മധുബാബുവിന്റെ നേതൃത്വത്തിലാണ് പിടികൂടിയത്.

ഇരുചക്ര വാഹനങ്ങളില്‍ സഞ്ചരിക്കുന്ന സ്ത്രീകളുടെ പിന്നാലെയെത്തി സ്‌കൂട്ടറില്‍ എന്‍ജിന്‍ ഓയില്‍ കുറവാണെന്നും മോശമാണെന്നുമൊക്കെ പറഞ്ഞാണ് ഇയാള്‍ തട്ടിപ്പിനു തുടക്കമിടുന്നതെന്നു പൊലീസ് അറിയിച്ചു.ഓയില്‍ മാറിയില്ലെങ്കില്‍ വാഹനത്തിനു തീപിടിക്കുമെന്ന് പറഞ്ഞ് ഭയപ്പെടുത്തിയാണ് തട്ടിപ്പിന് ഇരയാക്കുന്നതെന്നും പൊലീസ് പറയുന്നു. 

വര്‍ക്‌ഷോപ്പില്‍ ജോലി ചെയ്യുന്നയാളാണെന്നു പരിചയപ്പെടുത്തിയാണ് ഇവരെ വിശ്വസിപ്പിക്കുന്നത്. ഓയില്‍ തന്റെ കൈവശമുണ്ടെന്ന് പറഞ്ഞ് 500 രൂപ വാങ്ങി ഓയില്‍ ഒഴിച്ചു നല്‍കും. സംശയം തോന്നിയ ചിലര്‍ വാഹനം ഷോറൂമില്‍ എത്തിച്ചു പരിശോധിച്ചപ്പോഴാണ് ഇയാള്‍ ഒഴിച്ചത് ഉപയോഗശൂന്യമായ കരിഓയിലാണെന്നു വ്യക്തമായത്. ഓട്ടോമൊബൈല്‍ വര്‍ക്‌ഷോപ്പ് അസോസിയേഷന്‍ തൊടുപുഴ യൂണിറ്റ് ഭാരവാഹികള്‍ ഇതു സംബന്ധിച്ച് ഡിവൈഎസ്പിക്കു പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ഈ വാര്‍ത്ത കൂടി വായിക്കൂ

ഇന്ധന സെസ്: യുഡിഎഫിന്റെ രാപ്പകല്‍ സമരം ഇന്ന് 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ