മുഖ്യമന്ത്രിയുടെ സുരക്ഷ; പനിച്ചുവിറച്ച കുഞ്ഞിന് മരുന്ന് വാങ്ങാന്‍ പോയ രക്ഷിതാക്കളെ പൊലീസ് തടഞ്ഞു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th February 2023 05:22 PM  |  

Last Updated: 13th February 2023 05:22 PM  |   A+A-   |  

kalady_police

മരുന്ന് വാങ്ങാനെത്തിയ ആളോട് തട്ടിക്കയറുന്ന പൊലീസ്/ വീഡിയോ ദൃശ്യം

 

കൊച്ചി: മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പേരില്‍ മരുന്ന് വാങ്ങാന്‍ പോയ പിതാവിനെ തടഞ്ഞ് പൊലീസ്. കാലടി മറ്റൂരില്‍ ഞായറാഴ്ചയാണ് സംഭവം. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം എത്തുന്നതിനാല്‍ കാര്‍ പാര്‍ക്ക് ചെയ്യരുതെന്ന് പൊലീസ് ഭീഷണിപ്പെടുത്തി. ഇത് ചോദ്യംചെയ്ത മെഡിക്കല്‍ഷോപ്പ് ഉടമയോട് കട അടപ്പിക്കുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തുകയും ചെയ്തു. 

കുഞ്ഞിന്റെ അമ്മയെ വിമാനത്താവളത്തില്‍ എത്തിച്ച ശേഷം മടങ്ങുമ്പോഴാണ് പൊലീസ് ഭീഷണിപ്പെടുത്തിയത്. കുഞ്ഞിന് കടുത്ത പനി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മരുന്നു വാങ്ങാനായി വഴിയരികിലെ മെഡിക്കല്‍ ഷോപ്പിന് മുന്നില്‍ കാര്‍ നിര്‍ത്തുകയായിരുന്നു. ഉടന്‍ തന്നെ എസ്ഐ എത്തി വണ്ടി മാറ്റാന്‍ ആവശ്യപ്പെട്ടുവെന്ന് കടയുടമ പറഞ്ഞു. തുടര്‍ന്ന് കാര്‍ മറ്റൊരു ഭാഗത്തേക്ക് മാറ്റിയിട്ട ശേഷം കുഞ്ഞിനെയും എടുത്ത് കടയിലെത്തി മരുന്നു വാങ്ങുകയായിരുന്നു. മരുന്നു വാങ്ങി മടങ്ങുമ്പോള്‍ എസ്ഐ വീണ്ടും തട്ടിക്കയറിയതായും ഇവര്‍ ആരോപിക്കുന്നു.  

കുഞ്ഞ് പനിച്ചുകിടക്കുന്നത് കണ്ടില്ലേ എന്ന് ചോദിച്ചപ്പോള്‍ നീ കൂടുതല്‍ ജാഡയൊന്നും എടുക്കേണ്ട എന്നായിരുന്നു എസ്ഐയുടെ മറുപടി. കടയുടമ ചോദ്യംചെയ്തപ്പോള്‍ നിന്റെ കടയടപ്പിക്കുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തി. എന്നാല്‍ ധൈര്യമുണ്ടെങ്കില്‍ അടപ്പിക്ക് എന്ന് കടയുടമയും വെല്ലുവിളിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

മദ്യപിച്ച് ബസ് ഓടിക്കല്‍; കൊച്ചിയില്‍ 6 ഡ്രൈവര്‍മാര്‍ അറസ്റ്റില്‍, പിടിയിലായത് കെഎസ്ആര്‍ടിസി, സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ