'അവരെ വെറുതെ വിടരുത്'; ആത്മഹത്യ ചെയ്ത വീട്ടമ്മയുടെ ശബ്ദസന്ദേശം പുറത്ത്; റെക്കോര്‍ഡ് ചെയ്തത് പൊലീസിനായി
By സമകാലിക മലയാളം ഡെസ്‌ക് | Published: 13th February 2023 04:57 PM |
Last Updated: 13th February 2023 04:57 PM | A+A A- |

ഫയല്‍ ചിത്രം
തിരുവനന്തപുരം: അതിര്‍ത്തിത്തര്‍ക്കത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വീട്ടമ്മ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് അയച്ച ശബ്ദസന്ദേശം പുറത്ത്. തിരുവനന്തപുരം ആക്കുളം സ്വദേശി വിജയകുമാരി മെഡിക്കല്‍ കോളജ് സിഐക്ക് അയച്ച ശബ്ദസന്ദേശമാണ് പുറത്തുവന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് വിജയകുമാരി വീട്ടില്‍ ആത്മഹത്യ ചെയ്തത്.
'ബഹുമാനപ്പെട്ട് മെഡിക്കല്‍ കോളജ് സിഐ സാര്‍ അറിയുന്നതിനായി, ഞാന്‍ ഒരു കേസ് നാലാം തീയതി അവിടെ സമര്‍പ്പിച്ചിരുന്നു. അതിന്റെ പേരില്‍ അശോകന്‍ എന്നയാളുടെ പേരില്‍ എഫ്‌ഐആര്‍ എടുക്കുകയും ചെയ്തു. എന്നെ അവന്‍ ഒരുപാട് ഉപദ്രവിച്ചു. എനിക്ക് മുന്നോട്ടുപോകാന്‍ പോലും പറ്റാത്ത അവസ്ഥയിലാണ്. സാര്‍ എനിക്ക് ഒരു മകളേയുള്ളു, ഇതുവരെ അവള്‍ക്കുവേണ്ടിയാണ് ജീവിച്ചത്. ഞാന്‍ മരിച്ചാല്‍ എന്റെ കുട്ടിക്ക് ആരും ഇല്ലാതാകും. അവരെ വെറുതെ വിടരുത്. എന്നോട് ക്ഷമിക്കണം സാര്‍, ഞാന്‍ ഇത് റെക്കോര്‍ഡ് ചെയ്തുവെക്കുന്നു. ഞങ്ങള്‍ക്ക് ആരുമില്ല. ഇതൊരുപിടിവള്ളിയാണ്. എന്റെ ഈ വര്‍ത്തമാനം അങ്ങ് സ്വീകരിക്കണം- വിജയകുമാരിയുടെ ശബ്ദസന്ദേശത്തില്‍ പറയുന്നു.
വിജയകുമാരിയുടെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് ബന്ധുക്കള്‍ക്ക് ഈ ശബ്ദരേഖ കിട്ടിയത്. സമീപത്തെ ക്ഷേത്രത്തിലെ ഭാരവാഹികളും വിജയകുമാരിയുമായി വസ്തു തര്‍ക്കം ഉണ്ടായിരുന്നു. കഴിഞ്ഞയാഴ്ച ക്ഷേത്ര പ്രസിഡന്റ് അശോകനും മറ്റുള്ളവരും ചേര്‍ന്ന് വീടിന്റെ അതിര്‍ത്തിക്കല്ല് ഇളക്കിമാറ്റുകയും മണ്‍വെട്ടി ഉപയോഗിച്ച് വിജയകുമാരിയുടെ തലയ്ക്ക് അടിക്കുകയും ചെയ്തിരുന്നു. ഇത് സംബന്ധിച്ച് വിജയകുമാരി പൊലീസില്‍ പരാതി നല്‍കിയിരുന്നു.
പിന്നീട് പൊലീസിന്റെ ഭാഗത്തുനിന്നൊരു നടപടിയും ഉണ്ടായില്ല. പൊലസില്‍ പരാതി നല്‍കിയതറിഞ്ഞ് ആശോകന്‍ വീട്ടിലെത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്്തു. തുടര്‍ന്ന് വിജയകുമാരി മാനസികമായി തകര്‍ന്നു. അതിന് ശേഷമാണ് വിജയകുമാരി സിഐക്ക് മെസേജ് അയച്ച് ജീവനൊടുക്കിയത്. തന്റെ മരണത്തിന് ഉത്തരവാദികളായവരുടെ പേര് ആത്മഹത്യാക്കുറിപ്പില്‍ എഴുതിവയ്ക്കുകയും ചെയ്തു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ