കോയമ്പത്തൂര്‍ - മംഗളൂരു സ്‌ഫോടനക്കേസില്‍ എന്‍ഐഎ റെയ്ഡ്; കൊച്ചിയില്‍ രണ്ടുപേര്‍ കസ്റ്റഡിയില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 15th February 2023 03:40 PM |
Last Updated: 15th February 2023 03:40 PM | A+A A- |

ഫയൽ ചിത്രം
കൊച്ചി: കോയമ്പത്തൂര്‍ - മംഗളൂരു സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ വിവിധ ഇടങ്ങളിലായി എന്‍ഐഎ നടത്തിയ പരിശോധനയില്‍ രണ്ടുപേര്‍ കസ്റ്റഡിയില്‍. ആലുവ സ്വദേശികളെയാണ് കസ്റ്റഡിയില്‍ എടുത്തത്. വന്‍തോതില്‍ ഡിജിറ്റല്‍ ഉപകരണങ്ങളും നാല് ലക്ഷം രൂപയും പിടിച്ചെടുത്തെന്ന് എന്‍ഐഎ അറിയിച്ചു.
സ്‌ഫോടനത്തിന് സാമ്പത്തിക സഹായം നല്‍കിയെന്ന് സംശയിക്കുന്ന ആളുകളുടെ വീട്ടിലാണ് എന്‍ഐഎ പരിശോധന നടത്തിയത്.ആലുവയിലെ പണമിടുപാടുകള്‍ നടത്തുന്ന ആശോകന്‍, റിയാസ് എന്നിവരെയാണ് കസ്റ്റഡിയില്‍ എടുത്തത്. ആശോകന്റെ വീട്ടില്‍ നിന്ന് പണം ഇടപാട് നടത്തിയതിന്റെ രേഖകളും കണ്ടെത്തി.
ബംഗളൂരു സ്‌ഫോടനക്കേസില്‍ നേരത്തെ പ്രതിയായ സീനുമോന്റെ വീട്ടിലും പരിശോധന നടത്തി. ഇയാളോട് നാളെ കൊച്ചിയിലെ എന്‍ഐഎ ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടു. റെയ്ഡ് നടത്തിയ വീടുകളില്‍ നിന്ന് ലാപ്‌ടോപ്പ്, മൊബൈല്‍ ഫോണ്‍, കുടുംബാംഗങ്ങളുടെ ഫോണുകളും പിടിച്ചെടുത്തു.
പുലര്‍ച്ചെയാണ് കേരളം, തമിഴ്‌നാട്, കര്‍ണാടക സസ്ഥാനങ്ങളിലായി ഒരേ സമയം 60 ഇടത്താണ് റെയ്ഡ് തുടങ്ങിയത്. തമിഴ്‌നാട്ടില്‍ ചെന്നൈ അടക്കം 35 ഇടങ്ങളിലും കര്‍ണാടകയില്‍ മംഗളുരു കുക്കര്‍ സ്‌ഫോടന കേസിലെ പ്രതിയായ മുഹമ്മദ് ഷെരീഖിന്റെ നാടായ ശിവമോഗ അടക്കം എട്ട് സ്ഥലങ്ങളിലുമാണ് റെയ്ഡ് നടത്തിയത്. ഒരു മാസത്തിന്റെ ഇടവേളയില്‍ നടന്ന കോയമ്പത്തൂര്‍ ചാവേര്‍ സ്‌ഫോടനവും മംഗളുരുവില്‍ ഓട്ടോറിക്ഷയിലുണ്ടായ പ്രഷര്‍ കുക്കര്‍ സ്‌ഫോടനവും തമ്മില്‍ ബന്ധമുണ്ടോയെന്ന് എന്‍ഐഎ പരിശോധിച്ച് വരികയാണ്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ