സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസ്: നേരിട്ടു ഹാജരാകുന്നതിൽ ഇളവു തേടി നടന്‍ ഉണ്ണി മുകുന്ദന്‍

ഉണ്ണി മുകുന്ദനെതിരെ യുവതി നല്‍കിയ കേസില്‍ തുടര്‍നടപടിക്കുളള സ്‌റ്റേ ഈ മാസം ഒന്‍പതിന് ഹൈക്കോടതി നീക്കിയിരുന്നു
ഉണ്ണി മുകുന്ദന്‍/ ചിത്രം: ഫെയ്‌സ്ബുക്ക്‌
ഉണ്ണി മുകുന്ദന്‍/ ചിത്രം: ഫെയ്‌സ്ബുക്ക്‌

കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ കോടതിയില്‍ നേരിട്ടു ഹാജരാകുന്നതില്‍ ഇളവു തേടി നടന്‍ ഉണ്ണി മുകുന്ദന്‍. ആവശ്യവുമായി മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കി. കേസില്‍ ഈ മാസം 17 ന് വിശദമായ വാദം കേള്‍ക്കാനിരിക്കെയാണ് നേരിട്ടു ഹാജരാകുന്നതില്‍ ഇളവു തേടി നടന്‍ ഹൈക്കോടതിയെ സമീപിച്ചത്. 

സ്ത്രീത്വത്തെ അപമാനിച്ചു എന്ന കുറ്റം ഉള്‍പ്പെടെ ആരോപിച്ച് ഉണ്ണി മുകുന്ദനെതിരെ യുവതി നല്‍കിയ കേസില്‍ തുടര്‍നടപടിക്കുളള സ്‌റ്റേ ഈ മാസം ഒന്‍പതിന് ഹൈക്കോടതി നീക്കിയിരുന്നു. കേസ് ഒത്തുതീര്‍പ്പാക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് കാണിച്ച് തന്റെ പേരില്‍ ഹാജരാക്കിയ സത്യവാങ്മൂലം വ്യാജമാണെന്ന് പരാതിക്കാരി ഹൈക്കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് സ്‌റ്റേ നീക്കിയത്. 

വിഷയം ഗൗരവമുള്ളതെന്ന് നിരീക്ഷിച്ച ജസ്റ്റിസ് കെ ബാബു, 
സത്യവാങ്മൂലം വ്യാജമാണെന്ന് പരാതിക്കാരി അറിയിച്ച സാഹചര്യത്തില്‍, സത്യവാങ്മൂലം നല്‍കിയതെങ്ങനെയെന്ന് വിശദീകരിക്കാന്‍ നിര്‍ദേശിച്ചു. വ്യാജ രേഖ ചമയ്ക്കല്‍, കോടതിയെ തെറ്റിദ്ധരിപ്പിക്കല്‍ തുടങ്ങിയവ ഉണ്ടായിട്ടുണ്ടോയെന്നും ചോദിച്ചു. 

2017ല്‍ സിനിമാ ചര്‍ച്ചയ്ക്ക് ഉണ്ണി മുകുന്ദനെ കാണാനെത്തിയപ്പോള്‍ ലൈംഗികമായി ആക്രമിക്കുക, സ്ത്രീത്വത്തെ അപമാനിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ മോശമായി പെരുമാറിയെന്നാണ് പരാതി. ജഡ്ജിമാര്‍ക്ക് നൽകാനെന്ന പേരിൽ കോഴ വാങ്ങിയെന്ന് ആരോപണവിധേയനായ അഭിഭാഷകന്‍ സൈബി ജോസ് കിടങ്ങൂരാണ് കേസില്‍ ആദ്യം ഉണ്ണി മുകുന്ദനു വേണ്ടി ഹാജരായിരുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com