ബൈക്ക് ഇടിച്ചുതെറിപ്പിച്ചു, ഓടിച്ചയാള്‍ ഓട്ടോയില്‍ കയറി രക്ഷപ്പെട്ടു; കാഴ്ചക്കാരായി നാട്ടുകാര്‍, വയോധികന്‍ ചോര വാര്‍ന്ന് മരിച്ചു 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th February 2023 11:34 AM  |  

Last Updated: 16th February 2023 11:34 AM  |   A+A-   |  

BIKE

അഞ്ചലില്‍ വയോധികന്റെ മരണത്തിന് ഇടയാക്കിയ ബൈക്ക്, സ്‌ക്രീന്‍ഷോട്ട്

 

കൊല്ലം:  അഞ്ചലില്‍ ബൈക്കിടിച്ച് പരിക്കേറ്റ വയോധികന്‍ ചോര വാര്‍ന്ന് മരിച്ചു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ വയോധികന്‍ അരമണിക്കൂര്‍ നേരമാണ് റോഡില്‍ കിടന്നത്. വഴിയാത്രക്കാരും നാട്ടുകാരും വയോധികനെ ആശുപത്രിയില്‍ എത്തിക്കാന്‍ തയ്യാറാവാതെ കാഴ്ചക്കാരായി നിന്ന ദയനീയ കാഴ്ച പുറത്തുവന്നു. അപകടത്തിന് കാരണമായ ബൈക്ക് ഓടിച്ചിരുന്നയാള്‍ മറ്റൊരു വാഹനത്തില്‍ കയറി രക്ഷപ്പെട്ടു. വയോധികനെ തിരിച്ചറിഞ്ഞിട്ടില്ല.

രാവിലെയാണ് സംഭവം. റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് വയോധികനെ ബൈക്ക് ഇടിച്ചുതെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തില്‍ തലയിടിച്ച് വീണ വയോധികന് ഗുരുതരമായി പരിക്കേറ്റു. എന്നാല്‍ അദ്ദേഹത്തെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കാന്‍ നാട്ടുകാരും വഴിയാത്രക്കാരും തയ്യാറായില്ല. ചിലര്‍ രക്ഷിക്കുന്നതിന് പകരം മൊബൈലില്‍ ഫോട്ടോയും വീഡിയോയും പകര്‍ത്തുന്നതിന്റെ തിരക്കിലായിരുന്നു എന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. അരമണിക്കൂര്‍ നേരമാണ് ചോര വാര്‍ന്ന് വയോധികന്‍ റോഡരികില്‍ കിടന്നത്. ഈസമയത്ത് വയോധികനെ ആശുപത്രിയില്‍ ആക്കാന്‍ പോലും മെനക്കേടാതെ അപകടം ഉണ്ടാക്കിയ ബൈക്ക് ഓടിച്ച യാത്രികന്‍ മറ്റൊരു ഓട്ടോയില്‍ കയറി രക്ഷപ്പെട്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.

അതിനിടെ ആ വഴി വന്ന ഷാനവാസ് എന്നയാളാണ് വയോധികനെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. ഗുരുതരാവസ്ഥയില്‍ ആയതിനാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

'പിഴവ് സംഭവിച്ചാല്‍ എല്ലാം നിന്റെ തലയില്‍ ഇടും'; വാട്‌സ്ആപ്പ് ചാറ്റുകള്‍ പുറത്ത്; ശിവശങ്കറിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടിന് ഇഡി നോട്ടീസ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ