കണ്ണൂരില്‍ പൊലീസ് ഡംപിങ് യാര്‍ഡില്‍ വന്‍ തീപിടിത്തം; 500ലധികം വാഹനങ്ങള്‍ കത്തിനശിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th February 2023 02:03 PM  |  

Last Updated: 16th February 2023 02:03 PM  |   A+A-   |  

fire

പൊലീസ് ഡംപിങ് യാര്‍ഡിലെ തീ അണയ്ക്കുന്ന ദൃശ്യം

 

കണ്ണൂര്‍: കണ്ണൂരില്‍ പൊലീസ് ഡംപിങ് യാഡില്‍ വന്‍ തീപിടിത്തം.  തളിപ്പറമ്പ്  ശ്രീകണ്ഠപുരം റോഡിലെ വെള്ളാരം പാറ പൊലീസ് ഡംപിങ് യാര്‍ഡിലാണ് തീപിടിത്തം ഉണ്ടായത്. 500ലധികം വാഹനങ്ങള്‍ കത്തിനശിച്ചു.  തളിപ്പറമ്പ്  ശ്രീകണ്ഠപുരം റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു.

രാവിലെ പത്തു മണിയോടെയായിരുന്നു തീപിടിത്തം ആരംഭിച്ചത്. രണ്ടു കിലോമീറ്ററിനുള്ളില്‍ ഫയര്‍ഫോഴ്‌സ് സ്റ്റേഷന്‍ ഉണ്ടായിരുന്നെങ്കിലും നിമിഷ നേരംകൊണ്ട് തീ ആളി പടരുകയായിരുന്നു. തളിപ്പറമ്പ്, ശ്രീകണ്ഠാപുരം, പഴയങ്ങാടി പൊലീസ് സ്റ്റേഷനുകളില്‍ വിവിധ കേസുകളിലായി  നിരവധി വര്‍ഷങ്ങളായി തൊണ്ടിമുതലായി പിടിച്ചിട്ടിരുന്ന വാഹനങ്ങളാണ് കത്തിനശിച്ചത്.

കണ്ണൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് അഗ്‌നിശമന സേനയുടെ യൂണിറ്റുകള്‍ തീയണയ്ക്കാനായി എത്തി. നഗരത്തില്‍ കുടിവെള്ളം വിതരണം ചെയ്യുന്ന ലോറികളും തീയണയ്ക്കാനായി സ്ഥലത്തേക്ക് പാഞ്ഞു. റോഡിന്റെ രണ്ടു ഭാഗത്തേക്കും തീപടര്‍ന്നു. മറുവശത്തേക്കും തീയെത്തിയത് രക്ഷാപ്രവര്‍ത്തനം സങ്കീര്‍ണമാക്കി. 

വീടുകള്‍ക്കു സമീപം വരെ തീയെത്തി. ഇതോടെ നൂറുകണക്കിനു നാട്ടുകാരും തീയണയ്ക്കാന്‍ രംഗത്തെത്തി. തീയും പുകയും ചൂടും കാരണം പ്രദേശത്തേക്ക് അടുക്കാനാകാത്ത സ്ഥിതിയാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

പെരിന്തല്‍മണ്ണയിലെ ബാലറ്റ് പെട്ടികള്‍ കാണാതായതില്‍ അന്വേഷണത്തിന് ഉത്തരവ്; പെട്ടികള്‍ കോടതിയില്‍ വെച്ച് തുറക്കും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ