അസ്‌നയ്‌ക്ക് ആട്ടിൻകുട്ടിയെ തിരിച്ചു കിട്ടി, പിന്നാലെ അഭിനന്ദനവുമായി മന്ത്രി

അസ്‌നയ്‌ക്ക് സ്‌കൂൾ അധികൃതർ ആടിനെ വാങ്ങിക്കൊടുത്തതിന് പിന്നാലെ മന്ത്രിയുടെ അഭിനന്ദനവുമെത്തി.
അസ്‌ന ഫാത്തിമയുടെ പുതിയ ആട്ടിൻകുട്ടി/ ചിത്രം ഫെയ്‌സ്ബുക്ക്
അസ്‌ന ഫാത്തിമയുടെ പുതിയ ആട്ടിൻകുട്ടി/ ചിത്രം ഫെയ്‌സ്ബുക്ക്

ന്റെ പ്രിയപ്പെട്ട ആട്ടിൻകുട്ടിയായ കുഞ്ഞാറ്റയെ നഷ്ടപ്പെട്ടതിന്റെ വേദന അറിയിച്ച് സ്‌കൂളിലെ ആ​ഗ്രഹപ്പെട്ടിൽ കത്തെഴുതിയിട്ട അസ്‌ന ഫാത്തിമയെന്ന അഞ്ചാം ക്ലാസുകാരി കുറച്ച് മാസങ്ങൾക്ക് മുൻപ് വാർത്തകളിൽ നിറഞ്ഞിരുന്നു. ഉപ്പയുടെ ചികിത്സക്കായി കുഞ്ഞാറ്റയെ വീട്ടുകാർക്ക് വിൽക്കേണ്ടി വന്നുവെന്നും ഇനി അതുപോലൊരു ആട്ടിൻകുട്ടിയെ വാങ്ങാൻ ഉപ്പയുടെ കൈയിൽ കാശില്ലെന്നും ആ ആ​ഗ്രഹം ആ​​ഗ്രഹപ്പെട്ടിയോട് പറയുന്നതായും അസ്‌ന കത്തിൽ എഴുതി.

തുടർന്ന് അസ്‌നയുടെ ആ​ഗ്രഹം സ്‌കൂൾ അധികൃതർ സാധിച്ചുകൊടുത്തു. ഇപ്പോഴിതാ സ്‌കൂൾ അധികൃതക്ക് അഭിനന്ദനം അറിയിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഫെയ്സ്ബുക്കിലൂടെയാണ് അദ്ദേഹം അഭിനന്ദനം അറിയിച്ചത്.

അസ്‌നയുടെ കത്ത് വായിച്ചുവെന്നും സ്‌കൂളിലെ ആ​ഗ്രഹപ്പെട്ടിയെന്ന ആശയം കനിവാർന്ന ഒറു ആശയമാണെന്നും  അധികൃതർക്ക് അഭിനന്ദനം അറിയിക്കുന്നുവെന്നും മന്ത്രി ഫെയ്‌സ്‌‌ബുക്ക് കുറിപ്പിൽ പറഞ്ഞു. വ്യക്തിജീവിതത്തിലെ നഷ്ടം നികത്താൻ ഒന്നിനും കഴിയില്ല. എല്ലാത്തിനും ഒപ്പമുണ്ടെന്നും മന്ത്രി പറഞ്ഞു.
അസ്‌നയുടെ കത്തും ആ​ഗ്രഹപെട്ടിയുടെ ചിത്രങ്ങളുമടക്കം പോസ്റ്റ് ചെയ്‌തായിരുന്നു മന്ത്രിയുടെ കുറിപ്പ്. ഇടിഞ്ഞാർ സർക്കാർ ട്രൈബൽ ഹൈസ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ് അസ്‌ന ഫാത്തിമ. 

മന്ത്രി വി ശിവൻകുട്ടിയുടെ കുറിപ്പ്

പ്രിയപ്പെട്ട അസ്ന മോൾ,
അഞ്ചാം ക്ലാസ്,
ഇടിഞ്ഞാർ സർക്കാർ ട്രൈബൽ ഹൈസ്കൂൾ
ഇടിഞ്ഞാർ സ്കൂളിലെ "ആഗ്രഹപ്പെട്ടി"യിൽ അസ്ന മോൾ നിക്ഷേപിച്ച കുറിപ്പ് അപ്പൂപ്പനും വായിച്ചു. ഓരോ കുട്ടികൾക്കും അവരുടെ ആഗ്രഹങ്ങൾ എഴുതിയിടാൻ "ആഗ്രഹപ്പെട്ടി" എന്നത് കനിവാർന്ന ഒരു ആശയമാണ്.
വാപ്പയുടെ ചികിത്സാർത്ഥം നഷ്ടമായ 'കുഞ്ഞാറ്റ' ആടിന് പകരം ഒരു ആട് വേണം എന്ന മോളുടെ ആഗ്രഹം സാധ്യമാക്കി തന്ന സ്കൂളിലെ എല്ലാവർക്കും എന്റെ അഭിനന്ദനങ്ങൾ അറിയിക്കാൻ ഞാൻ ഈ അവസരം ഉപയോഗിക്കുന്നു. വ്യക്തിജീവിതത്തിലെ മോളുടെ നഷ്ടം നികത്താൻ ഒന്നിനും കഴിയില്ല എന്നറിയാം. ഞങ്ങൾ എല്ലാവരും മോളുടെ ഒപ്പം ഉണ്ട്. മോളുടെ അരുമയായി ഈ ആട് വളരട്ടെ.
സ്നേഹത്തോടെ
അപ്പൂപ്പൻ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com