'ചോദ്യം നന്നായേനെ..., നിങ്ങള്‍ 20 രൂപ സെസ് പിരിക്കുന്നുണ്ടല്ലോ?; എന്‍ കെ പ്രേമചന്ദ്രന് ധനമന്ത്രിയുടെ മറുപടി

ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ജിഎസ്ടി നഷ്ടപരിഹാരത്തിന്റെ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെടുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍
കെ എന്‍ ബാലഗോപാല്‍ മാധ്യമങ്ങളോട്‌
കെ എന്‍ ബാലഗോപാല്‍ മാധ്യമങ്ങളോട്‌

ന്യൂഡല്‍ഹി:  ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ജിഎസ്ടി നഷ്ടപരിഹാരത്തിന്റെ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെടുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കോവിഡും പ്രളയവും സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി കാരണം സംസ്ഥാനത്തിന്റെ വരുമാനം വലിയ തോതില്‍ ഇടിഞ്ഞിട്ടുണ്ട്. അതിനാല്‍ നഷ്ടപരിഹാരത്തിന്റെ കാലാവധി നീട്ടി നല്‍കണമെന്ന് കൗണ്‍സില്‍ യോഗത്തില്‍ ഉന്നയിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന് മുന്‍പ് ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ എന്‍ ബാലഗോപാല്‍.

കോവിഡും പ്രളയവും കാരണം സംസ്ഥാനത്തിന്റെ വരുമാനം വലിയ തോതില്‍ ഇടിഞ്ഞിട്ടുണ്ട്. അതിനാല്‍ ജിഎസ്ടി നഷ്ടപരിഹാരത്തിന്റെ കാലാവധി നീട്ടേണ്ടത് അത്യാവശ്യമാണ്. ജിഎസ്ടി ഘടന പരിഷ്‌കരിക്കണമെന്ന ആവശ്യവും യോഗത്തില്‍ ഉന്നയിക്കും. ജിഎസ്ടി വന്നതിന് ശേഷം സംസ്ഥാനത്തിന്റെ സാമ്പത്തിക നില കൂടുതല്‍ പരുങ്ങലിലായി. വരുമാനത്തെ കാര്യമായി ബാധിച്ചു. ജിഎസ്ടി നികുതിയില്‍ നിന്ന് സംസ്ഥാനത്തിന് കാര്യമായ ഗുണം ഉണ്ടായിട്ടില്ല. ജിഎസ്ടിക്ക് പുറത്ത് പെട്രോള്‍, ഡീസല്‍, മദ്യം എന്നിവയുടെ നികുതി പിരിക്കാന്‍ മാത്രമാണ് സംസ്ഥാനത്തിന് നിലവില്‍ അവകാശമുള്ളത്. അതില്‍ കൈയിട്ട് വരുന്ന സമീപനമാണ് കേന്ദ്രം സ്വീകരിക്കുന്നത്. പെട്രോളിന്റേയും ഡീസലിന്റേയും മുകളില്‍ നികുതി ചുമത്താന്‍ അവകാശമില്ലാത്തപ്പോഴാണ് സെസ് എന്ന നിലയില്‍ 20 രൂപ കേന്ദ്രം ചുമത്തിയത്. ഇത് നിര്‍ത്തണമെന്നും ബാലഗോപാല്‍ ആവശ്യപ്പെട്ടു.

ജിഎസ്ടിയില്‍ ഇല്ലാഞ്ഞിട്ടും സംസ്ഥാനത്തിന്റെ പരിമിതമായ അധികാരത്തില്‍ കൈയിട്ടാണ് പെട്രോളിനും ഡീസലിനും സെസ് ഏര്‍പ്പെടുത്തിയത്. സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും രണ്ടു രൂപ സെസ് പിരിക്കുന്നുണ്ട് എന്ന് അറിയിക്കാനാണ് ജിഎസ്ടി നഷ്ടപരിഹാരത്തിന്റെ കാര്യം എന്‍ കെ പ്രേമചന്ദ്രന്‍ എംപി പാര്‍ലമെന്റില്‍ ഉന്നയിച്ചത്. 'ചോദ്യം നന്നായേനെ..., നിങ്ങള്‍ 20 രൂപ സെസ് പിരിക്കുന്നുണ്ടല്ലോ? ഈ രണ്ടു രൂപ സംസ്ഥാനം സെസായി പിരിക്കുമ്പോള്‍ ഈ 20 രൂപ പിരിക്കുന്നത് കേന്ദ്രം കുറയ്ക്കണ്ടേ എന്ന് ചോദിച്ചിരുന്നുവെങ്കില്‍ നന്നായേനെ'- എന്‍ കെ പ്രേമചന്ദ്രന് മറുപടിയായി ധനമന്ത്രി പറഞ്ഞു.  

പെട്രോളിനെയും ഡീസലിനെയും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണമെന്ന തരത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നില്ല. സംസ്ഥാനങ്ങള്‍ ഇത് അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നഷ്ടപരിഹാര കുടിശ്ശിക വലിയ തോതില്‍ തരാനുണ്ടെന്ന് സംസ്ഥാനം പറഞ്ഞിട്ടില്ലെന്നും ധനമന്ത്രി പറഞ്ഞു. ഏകദേശം 750 കോടി രൂപ മാത്രമാണ് ഇനി കിട്ടാനുള്ളതെന്നും പ്രേമചന്ദ്രന്‍ പാര്‍ലമെന്റില്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി ധനമന്ത്രി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com