ബൈക്കില്‍ ടോറസ് ഇടിച്ചു; ആലുവയില്‍ വിദ്യാര്‍ഥിനി മരിച്ചു

By സമകാലികമലയാളം ഡെസ്ക്  |   Published: 18th February 2023 03:49 PM  |  

Last Updated: 18th February 2023 03:49 PM  |   A+A-   |  

ardra

ആര്‍ദ്ര


ആലുവ: ദേശീയപാതയില്‍ ടോറസ് ഇടിച്ച് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന മെഡിക്കല്‍ എന്‍ട്രന്‍സ് കോച്ചിങ് വിദ്യാര്‍ഥിനി മരിച്ചു. ആലുവ എന്‍എഡി ചാലേപ്പള്ളി പട്ടാലില്‍ വീട്ടില്‍ ഷൈജുവിന്റെ (ഓവര്‍സിയര്‍, കളമശ്ശേരി നഗരസഭ) മകള്‍ പിഎസ് ആര്‍ദ്രയാണ് (18) മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന സഹപാഠി ആലുവ വാഴക്കുളം കാഞ്ഞിരപ്പാറയില്‍ ശിവദേവ് (19) നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

നിയാഴ്ച രാവിലെ 7.45ഓടെ ചെങ്ങമനാട് പഞ്ചായത്ത് ഓഫീസിന് സമീപമായിരുന്നു അപകടം. ഉന്നത പഠനത്തിന് വിദേശത്തേക്ക് പോവുകയായിരുന്ന സഹപാഠിയെ യാത്രയാക്കാന്‍ മറ്റ് കൂട്ടുകാര്‍ക്കൊപ്പം നെടുമ്പാശ്ശേരിയിലേക്ക് പോവുകയായിരുന്നു ആര്‍ദ്ര. പിന്നില്‍ വന്ന ടോറസ് ഇടതുവശം കൂടി മറികടക്കുമ്പോള്‍ ബൈക്കിന്റെ കണ്ണാടിയില്‍ തട്ടിയാണ് അപകടമുണ്ടായതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

റോഡില്‍ തെറിച്ചുവീണ ആര്‍ദ്രയുടെ തലയിലൂടെ ഇടിച്ച ടോറസിന്റെ പിന്‍വശത്തെ ടയറുകള്‍ കയറിയിറങ്ങുകയായിരുന്നു. അപകടം സംഭവിച്ചയുടന്‍ ഇരുവരെയും നാട്ടുകാര്‍ ദേശം സിഎ ആശുപത്രിയിലെത്തിച്ചെങ്കിലും ആര്‍ദ്രയുടെ ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ആലുവ ജില്ല ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം നടത്തി. അമ്മ: രശ്മി (കയര്‍ ബോര്‍ഡ്, ചെന്നൈ). സഹോദരന്‍: അദ്വൈത്. സംസ്‌കാരം ഇന്ന് വൈകിട്ട് വീട്ടുവളപ്പില്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ  തെളിവ് എവിടെയെന്ന് കോടതി; കഞ്ചാവ് എലി തിന്നെന്ന് പ്രോസിക്യൂഷന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ