'പിതൃസ്മരണയില്‍ പുണ്യം തേടി ആയിരങ്ങള്‍'; തിങ്കള്‍ പകല്‍ 11 വരെ ബലിതര്‍പ്പണം, ഗതാഗത നിയന്ത്രണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th February 2023 07:07 AM  |  

Last Updated: 19th February 2023 07:07 AM  |   A+A-   |  

shivarathri

ആലുവ ശിവരാത്രി മണപ്പുറം

 

കൊച്ചി: ശിവരാത്രിയോടനുബന്ധിച്ച് ആലുവ മണപ്പുറത്ത് പതിനായിരങ്ങള്‍ പിതൃ തര്‍പ്പണം നടത്തി. ഒരിക്കലെടുത്ത്, ഉറക്കമൊഴിച്ച് , ശിവപഞ്ചാക്ഷരി ചൊല്ലി അനേകായിരങ്ങള്‍ മണപ്പുറത്ത് രാത്രി ചെലവഴിച്ചു.ശനിയാഴ്ച അര്‍ധരാത്രിയോടെ തുടങ്ങിയ പിതൃ തര്‍പ്പണത്തിന് വലിയ തിരക്കാണ് അനുഭവപ്പെട്ടത്. പതിനായിരക്കണക്കിന് ആളുകളാണ് പിതൃ തര്‍പ്പണത്തിന് എത്തിയത്. അര്‍ധരാത്രി മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി വിളക്കും എഴുന്നള്ളിപ്പും കഴിഞ്ഞാണ് ഔപചാരികമായി പിതൃ തര്‍പ്പണ കര്‍മ്മങ്ങള്‍ തുടങ്ങിയത്. 

അമാവാസി അവസാനിക്കുന്ന, തിങ്കള്‍ പകല്‍ 11 വരെ പിതൃ തര്‍പ്പണം തുടരും. ശനി രാവിലെ മുതല്‍ വലിയതോതില്‍ ആളുകള്‍ മണപ്പുറത്തേക്ക് എത്തിയിരുന്നു. രണ്ടുവര്‍ഷത്തെ കോവിഡ് നിയന്ത്രണങ്ങള്‍ക്കുശേഷം നടന്ന പിതൃ തര്‍പ്പണത്തിന് ഞായര്‍ പുലര്‍ച്ചെ വരെ വന്‍ തിരക്കായിരുന്നു. ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ 116 ബലിത്തറകളാണ് ലേലത്തിലെടുത്തത്. ഇവിടെ ഒരേസമയം 5000 പേര്‍ക്ക് ബലിയിടാനുള്ള സൗകര്യമാണ് ഒരുക്കിയത്. വിപുലമായ ഒരുക്കങ്ങളാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മണപ്പുറത്ത് തയ്യാറാക്കിയത്.

ശനി രാവിലെ മുതല്‍ ക്ഷേത്രദര്‍ശനത്തിനും തിരക്കേറി. തിരക്ക് നിയന്ത്രിക്കാനും പിതൃ തര്‍പ്പണത്തിന് പുഴയിലിറങ്ങുന്നവര്‍ക്ക് സുരക്ഷയ്ക്കായും മണപ്പുറത്തും പുഴയിലും ബാരിക്കേഡുകള്‍ സ്ഥാപിച്ചിരുന്നു. അഗ്‌നി രക്ഷാസേനയുടെ ബോട്ടുകള്‍ പെരിയാറില്‍ റോന്തുചുറ്റി. മണപ്പുറത്തും പരിസരത്തും സ്ഥാപിച്ച സിസിടിവി ക്യാമറയിലൂടെ പൊലീസും ദേവസ്വം ബോര്‍ഡും സ്ഥിതിഗതികള്‍ തത്സമയം നിരീക്ഷിച്ചു. റൂറല്‍ എസ്പി വിവേക് കുമാറിന്റെ നേതൃത്വത്തില്‍ 1250 പൊലീസുകാരാണ് സുരക്ഷ ഒരുക്കിയത്. ഞായര്‍ പകല്‍ രണ്ടുവരെ ഗതാഗത നിയന്ത്രണം തുടരും. പിതൃ തര്‍പ്പണം നടത്തിയവര്‍ക്ക് തിരിച്ചുപോകാന്‍ കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസ് നടത്തി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

കോഴിക്കോട് ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാർ അദ്ഭുതകരമായി രക്ഷപ്പെട്ടു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ