'അരിക്കൊമ്പ'നെ മയക്കുവെടിവച്ച് പിടികൂടാന്‍ ഉത്തരവ്

ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആണ് ഇത് സംബന്ധിച്ച് ഉത്തരവിട്ടത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തൊടുപുഴ: ഇടുക്കിയിലെ ശല്യക്കാരന്‍ കാട്ടാനയെ മയക്കുവെടി വയ്ക്കാന്‍ ഉത്തരവായി. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആണ് ഇത് സംബന്ധിച്ച് ഉത്തരവിട്ടത്. പിടികൂടി കൂട്ടില്‍ അടയ്ക്കുകയോ ഉള്‍ക്കട്ടില്‍ തുറന്നുവിടുകയോ ജിഎസ്എം കോളര്‍ ഘടിപ്പിച്ച് നിരീക്ഷിക്കുകയോ ചെയ്യാനാണ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവിട്ടിരിക്കുന്നത്.

ഇടുക്കി ജില്ലയിലെ മൂന്നാര്‍ ഡിവിഷനില്‍ ദേവികുളം റെയ്ഞ്ചിന്റെ പരിധിയില്‍ ശാന്തന്‍പാറ, ചിന്നക്കനാല്‍ മേഖലയില്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പ്രശ്നങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരുന്ന 'അരിക്കൊമ്പന്‍' എന്ന കാട്ടാനയെ മയക്കുവെടിവെച്ച് പിടികൂടുന്നതിന് അനുമതി നല്‍കി ഉത്തരവായതായി വനം മന്ത്രി എകെ ശശീന്ദ്രന്‍ അറിയിച്ചു. കഴിഞ്ഞ ജനുവരി 31-ന് വനം വകുപ്പുമന്ത്രി എ കെ ശശീന്ദ്രന്റെ അധ്യക്ഷതയില്‍ ഇടക്കി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ ഈ വിഷയം ചര്‍ച്ച ചെയത് തീരുമാനിച്ചതിന്റെ തുടര്‍ നടപടിയുടെ ഭാഗമായാണ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവിറക്കിയത്.

കാട്ടാനയെ കണ്ടെത്തി മയക്കുവെടി വെച്ച് പിടികൂടി റേഡിയോ കോളര്‍ ധരിപ്പിച്ച്  ഉള്‍ക്കാട്ടില്‍ തുറന്നുവിടുകയോ അല്ലെങ്കില്‍ ഈ പ്രദേശത്തെ ദുര്‍ഘടമായ ഭൂപ്രകൃതി പരിഗണിച്ച് മയക്കുവെടി വെച്ച് പിടികൂടി വാഹനത്തില്‍ കയറ്റി നീക്കം ചെയ്യാന്‍ സാധിക്കാത്ത പക്ഷം ജിഎസ്എം റേഡിയോ കോളറിംഗ് നടത്തി നിരീക്ഷിക്കുന്നതിനോ, മയക്കുവെടി വെച്ച് പിടികൂടി കൂട്ടിലടയ്ക്കുന്നതിനോ ആണ് ഉത്തരവിട്ടിരിക്കുന്നത്. കുങ്കിയാനകളുടെ സേവനം ആവശ്യമാകുന്ന പക്ഷം ആയത് ഹൈറേഞ്ച് സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ലഭ്യമാക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആനയെ കൂട്ടിലടയ്ക്കേണ്ട സാഹചര്യത്തില്‍ കോടനാട് ആനക്കൂട്ടിലേക്ക് ആനയെ നീക്കാനുള്ള നടപടി സ്വീകരിക്കാവുന്നതാണ് എന്നും ഉത്തരവില്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com