'ആദിവാസിയാണെന്ന കാരണത്താല്‍ മോഷ്ടാവെന്ന് സംശയിച്ചു;  ആത്മഹത്യ ചെയ്തത് ജനമധ്യത്തില്‍ അപമാനിതാനയതിനാല്‍'; പൊലീസ് റിപ്പോര്‍ട്ട്

മെഡിക്കല്‍ കോളജ് എസിപി കെ സുദര്‍ശനാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
വിശ്വനാഥന്‍
വിശ്വനാഥന്‍

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജിന് സമീപം ആദിവാസി യുവാവ് വിശ്വനാഥന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസ് മനുഷ്യാവകാശ കമ്മീഷന്് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ജനമധ്യത്തില്‍ ചോദ്യം ചെയ്തതും, വിശ്വനാഥന്റെ പക്കലുണ്ടായിരുന്ന സഞ്ചി പരിശോധിച്ചതും അപമാനമുണ്ടാക്കി. ആദിവാസിയാണെന്ന കാരണത്താല്‍ മോഷ്ടാവ് എന്ന് സംശയിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മെഡിക്കല്‍ കോളജ് എസിപി കെ സുദര്‍ശനാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. നിലവില്‍ പ്രതികളെ കണ്ടെത്താന്‍ ആയിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്

ആശുപത്രി പരിസരത്ത് ആളുകള്‍ കൂടിനില്‍ക്കുന്ന ദൃശ്യങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ദൃശ്യങ്ങളുടെ ശാസ്ത്രീയ പരിശോധന നടക്കുന്നുണ്ട്. എന്നാല്‍, പ്രതികളെ ആരേയും കണ്ടെത്താന്‍ ആയിട്ടില്ല. ആശുപത്രിക്ക് മുന്നിലൂടെ നടന്ന വിശ്വനാഥനെ മോഷണക്കുറ്റം ആരോപിച്ച് ചിലര്‍ ചോദ്യം ചെയ്തിരുന്നു. ഇയാളുടെ സഞ്ചി ജനമധ്യത്തില്‍ വച്ച് പരിശോധിക്കുകയും ചെയ്തതില്‍ ഉണ്ടായ അപമാനവും മാനസിക വിഷമമാണ് വിശ്വനാഥന്റെ ആത്മഹത്യക്ക് കാരണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

മരണം നടന്ന ദിവസം സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായി കാണാന്‍ കഴിഞ്ഞ എട്ടുപേര്‍ ഉള്‍പ്പടെ 100-ലധികം പേരുടെ മൊഴി എടുത്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇനിയും കുറച്ചു പേരെക്കൂടി തിരിച്ചറിയാനുണ്ട്.വിശ്വനാഥന്‍ മരിച്ച ദിവസം പ്രത്യേകിച്ചൊന്നും സംഭവിച്ചതായി കണ്ടെത്തിയിട്ടില്ല. വിശ്വനാഥന്‍ ആശുപത്രിയിലെത്തിയത് 7-നാണ്. അന്നു മുതലുള്ള ദൃശ്യങ്ങള്‍ പരിശോധിക്കുന്നു. സംഭവത്തെക്കുറിച്ച് കൂടുതല്‍ അറിയാമെന്ന് കരുതുന്ന കുറച്ചുപേരെക്കൂടി തിരിച്ചറിഞ്ഞിട്ടുണ്ട്. അവരുടെ കൂടി മൊഴി എടുക്കും. വിശ്വനാഥന്‍ മാനസിക പ്രയാസത്തിലായിരുന്നു എന്ന് ചിലര്‍ മൊഴി നല്‍കിയിട്ടുണ്ട്. പലരും വിശ്വനാഥനോട് മരത്തിന്റെ ചുവട്ടിലെ ഇരിപ്പിടത്തില്‍ ഇരിക്കാന്‍ പറഞ്ഞെങ്കിലും ഇരുന്നില്ല. ഭക്ഷണം കഴിച്ചോ എന്ന് ചിലര്‍ ചോദിച്ചപ്പോള്‍ കഴിച്ചെന്നു പറഞ്ഞു. കയ്യില്‍ ഉണ്ടായിരുന്ന പാത്രവും തുറന്ന് കാണിച്ചു കൊടുത്തു. ഇതിനുശേഷം രാത്രിയാണ് റോഡ് മുറിച്ചുകടക്കുന്ന ഭാഗത്തേക്കുപോയ വിശ്വനാഥന്‍ പെട്ടന്ന് ഓടിപ്പോയത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com