സമസ്ത നിലപാട് കടുപ്പിച്ചു;  ഹക്കീം ഫൈസി ആദൃശ്ശേരി സിഐസി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചു

By സമകാലികമലയാളം ഡെസ്ക്  |   Published: 22nd February 2023 08:07 AM  |  

Last Updated: 22nd February 2023 08:12 AM  |   A+A-   |  

hakkim_faisy

 

മലപ്പുറം: കോര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളേജസ് (സിഐസി) ജനറല്‍ സെക്രട്ടറി സ്ഥാനം ഹക്കീം ഫൈസി ആദൃശ്ശേരി രാജിവെച്ചു.  സമസ്തയുടെ കടുത്ത സമ്മർദ്ദത്തെ തുടർന്നാണ് നടപടി. രാജിക്കത്ത് സിഐസി പ്രസിഡന്റ് കൂടിയായ മുസ്ലിം ലീ​ഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്ക് ഹക്കീം ഫൈസി കൈമാറി.

സംഘടനാവിരുദ്ധപ്രവർത്തനങ്ങളുടെ പേരിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയിൽനിന്ന് ഹക്കീം ഫൈസിയെ പുറത്താക്കിയിരുന്നു. ഫൈസിയുമായി വേദി പങ്കിടരുതെന്ന് സമസ്തയുടെ വിദ്യാർത്ഥി, യുവജന വിഭാ​ഗം  കഴിഞ്ഞയാഴ്ച തീരുമാനമെടുത്തിരുന്നു. എന്നാൽ ഈ തീരുമാനം ലംഘിച്ച് യുവജന വിഭാ​ഗമായ എസ് വൈ എസിന്റെ സംസ്ഥാന പ്രസിഡന്റുകൂടിയായ സാദിഖലി തങ്ങൾ കഴിഞ്ഞദിവസം ഹക്കീം ഫൈസിക്കൊപ്പം വേദി പങ്കിട്ടിരുന്നു.  

അത് സമസ്തയിൽ കടുത്ത എതിർപ്പിന് ഇടയാക്കി. സമസ്ത നേതാക്കളുടെ കടുത്ത അമർഷം തിരിച്ചറിഞ്ഞ സാഹചര്യത്തിലാണ് ഹക്കീം ഫൈസി രാത്രി പാണക്കാട്ടെത്തി സാദിഖലി തങ്ങളുമായി ചർച്ച നടത്തിയത്. കൂടിക്കാഴ്ചയില്‍ പികെ കുഞ്ഞാലിക്കുട്ടിയും ആബിദ് ഹൂസൈന്‍ തങ്ങളും പങ്കെടുത്തു. കൂടിക്കാഴ്ചയ്ക്ക് ശേഷം ഒന്നും പ്രതികരിക്കാതെയാണ് ഹക്കീം ഫൈസി ആദൃശ്ശേരി മടങ്ങിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

ആള്‍ക്കൂട്ട ആക്രമണത്തില്‍ മധു കൊല്ലപ്പെട്ടിട്ട് അഞ്ച് വര്‍ഷം; നീതിക്കായി പോരാട്ടം തുടര്‍ന്ന് കുടുംബം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ