മരട് ഫ്ളാറ്റ് പൊളിക്കൽ; ഹോളി ഫെയ്ത്ത് ഉടമകളുടെ വ്യക്തി​ഗത സ്വത്തുക്കൾ കണ്ടുകെട്ടാൻ സുപ്രീംകോടതി ഉത്തരവ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd February 2023 06:53 AM  |  

Last Updated: 22nd February 2023 06:53 AM  |   A+A-   |  

maradu_flat

ഫയല്‍ ചിത്രം

 

കൊച്ചി; പൊളിച്ചുനീക്കിയ മരട് ഫ്ളാറ്റുകളുടെ നിർമ്മാതാക്കളായ ഹോളി ഫെയ്ത്ത് ഉടമകളുടെ വ്യക്തിഗത സ്വത്തുക്കള്‍ ജപ്തി ചെയ്യാന്‍ സുപ്രീംകോടതി ഉത്തരവ്. ഫ്ലാറ്റ് ഉടമകള്‍ക്ക് നഷ്ടപരിഹാരമായി നല്‍കേണ്ട തുക ഇതുവരെ കെട്ടി വയ്ക്കാത്ത സാഹചര്യത്തിലാണ് നടപടി. നേരത്തെ ഹോളി ഫെയ്ത്തിന്‍റെ കമ്പനി സ്വത്തുക്കള്‍ ജപ്തി ചെയ്തിരുന്നു. 

കമ്പനിയുടെ സ്വത്തുക്കൾ ജപ്തി ചെയ്യാൻ സുപ്രീംകോടതി നേരത്തെ ഉത്തരവിട്ടിരുന്നുവെങ്കിലും നഷ്ടപരിഹാരത്തുകക്ക് അത് മതിയാകില്ലെന്ന് അമിക്കസ് ക്യൂറി ബോധിപ്പിച്ചതിനെ തുടർന്നാണ് ഉടമകളുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ഉത്തരവിട്ടത്. കമ്പനി സ്വത്തുക്കൾ ജപ്തിചെയ്യാൻ ജസ്റ്റിസ് ബി.ആർ. ഗവായ് അധ്യക്ഷനായ ബെഞ്ച് മൂന്ന് മാസത്തെ സമയം സംസ്ഥാന സർക്കാരിന് അനുവദിച്ചു.

അതേസമയം മരടില്‍ തീരദേശ നിയമം ലംഘിച്ച് കെട്ടിടം നിര്‍മിച്ചതിന്‍റെ ഉത്തരവാദിത്തം സംബന്ധിച്ച തോട്ടത്തില്‍ രാധാകൃഷ്ണന്‍ റിപ്പോര്‍ട്ടിൽ അടുത്തമാസം 28ന് കോടതി വാദം കേള്‍ക്കും. റിപ്പോർട്ടിലെ ചില കണ്ടെത്തലുകളോട് സർക്കാർ വിയോജിപ്പ് രേഖപ്പെടുത്തിയതോടെ വിശദമായ വാദംകേള്‍ക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചു. പൊളിച്ച ഫ്ലാറ്റിന്റെ ഉടമകള്‍ക്ക് കൂടുതല്‍ നഷ്ടപരിഹാരം നല്‍കുന്നത് സംബന്ധിച്ച അന്തിമ തീരുമാനം അതിനു ശേഷമേ ഉണ്ടാകൂവെന്ന് സുപ്രീം കോടതി വ്യക്തമാക്കി. 

2020 ജനുവരി 11, 12 തീയതികളിലാണ് മരടിലെ ജെയ്ന്‍ കോറല്‍ കോവ്, ഗോള്‍ഡന്‍ കായലോരം, ആല്‍ഫ വെഞ്ചേഴ്‌സ്, ഹോളി ഫെയ്ത്ത് എന്നീ നാല് ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിച്ചുനീക്കിയത്. മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് അരുൺമിശ്ര അധ്യക്ഷനായ ബെഞ്ചിന്റേതായിരുന്നു വിധി. നിയമം ലംഘിച്ചുള്ള നിര്‍മാണത്തിന് ഉത്തരവാദികളായവരിൽനിന്ന് നഷ്ടപരിഹാരം ഈടാക്കാനും സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

കാപികോ റിസോര്‍ട്ട് മാര്‍ച്ച് 28നകം പൊളിക്കണം; ഇല്ലെങ്കില്‍ ചീഫ് സെക്രട്ടറിക്ക് എതിരെ നടപടി: സുപ്രീംകോടതി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ