സാങ്കേതിക സര്‍വകലാശാല വിസി: മൂന്നു പേരുകള്‍ മുന്നോട്ടുവെച്ച് സര്‍ക്കാര്‍; ഗവര്‍ണര്‍ നിയമോപദേശം തേടിയേക്കും

By സമകാലികമലയാളം ഡെസ്ക്  |   Published: 22nd February 2023 07:33 AM  |  

Last Updated: 22nd February 2023 07:33 AM  |   A+A-   |  

pinarayi_governor

മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും/ ഫയല്‍

 

തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ സ്ഥാനത്തേക്ക് മൂന്നു പേരുകള്‍ മുന്നോട്ടുവെച്ച് സര്‍ക്കാര്‍. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഡോ വൃന്ദ വി നായര്‍, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ ബൈജു ഭായ്, രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി പ്രിന്‍സിപ്പല്‍ ഡോ സതീഷ് കുമാര്‍ എന്നിവരുടെ പേര് അടങ്ങിയ പാനല്‍ ആണ് നല്‍കിയത്. 

തീരുമാനമെടുക്കുന്നതിനായി സര്‍വകലാശാല ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്കാണ് സര്‍ക്കാര്‍ മൂന്നംഗ പാനല്‍ കൈമാറിയത്. കേരള ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് സര്‍ക്കാര്‍ നടപടി. നിലവിലെ താല്‍ക്കാലിക വിസി സിസ തോമസിനെ മാറ്റി പാനലില്‍ നിന്നും ഒരാളെ വിസിയായി നിയമിക്കണമെന്നാണ് ആവശ്യം. 

ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയാണ് മൂന്നുപേരുടെ പാനൽ രാജ്ഭവന്  സമർപ്പിച്ചത്. മുൻപ് യോഗ്യതയില്ലാത്തവരെ നിയമിച്ചുവെന്ന കാരണത്താൽ സർവകലാശാല വിസി നിയമനാധികാരം സംസ്ഥാന സർക്കാരിന് ഇല്ലാതാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. നിയമം മറികടന്ന് ഗവർണർക്ക് സ്ഥിരം വിസി നിയമനം നടത്താനാകില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. 

അതേസമയം, സിസാ തോമസിന്റെ നിയമനം കോടതി ശരിവയ്ക്കുകയും പാനലിൽനിന്നുള്ളവരെ നിശ്ചിത സമയത്തിനുള്ളിൽ നിയമിക്കണമെന്ന് കോടതി നിർദേശിക്കാത്തതിനാലും, സിസ തോമസിനെ ഉടൻ മാറ്റണോ എന്ന കാര്യത്തിൽ ഗവർണർ നിയമോപദേശം തേടിയേക്കുമെന്നാണ് സൂചന. സിസ തോമസിനൊപ്പം സർക്കാർ നൽകിയ പാനലിൽ ഉൾപ്പെട്ട മൂന്നു പേരും ഈ അക്കാദമിക വർഷം തന്നെ സർവീസിൽ നിന്നും വിരമിക്കുന്നവരാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ

ആള്‍ക്കൂട്ട ആക്രമണത്തില്‍ മധു കൊല്ലപ്പെട്ടിട്ട് അഞ്ച് വര്‍ഷം; നീതിക്കായി പോരാട്ടം തുടര്‍ന്ന് കുടുംബം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ