മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും പണം തട്ടുന്നു; കലക്ടറേറ്റുകളില്‍ വിജിലന്‍സിന്റെ മിന്നല്‍പ്പരിശോധന

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd February 2023 12:42 PM  |  

Last Updated: 22nd February 2023 12:42 PM  |   A+A-   |  

VIGILANCE RAID

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് വ്യാജരേഖകള്‍ ഉണ്ടാക്കി പണം തട്ടുന്നതായി സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന വ്യാപകമായി കലക്ടറേറ്റ് ഓഫിസുകളില്‍ വിജിലന്‍സിന്റെ മിന്നല്‍പ്പരിശോധന. ഏജന്റുമാര്‍ മുഖേനെ വ്യാജരേഖകള്‍ ഉണ്ടാക്കി പണം തട്ടുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്.

ജില്ലാ കലക്ടറേറ്റുകള്‍ വഴിയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും സഹായത്തിനായി അപേക്ഷകള്‍ നല്‍കുന്നത്. അവിടെയെത്തുന്ന നിരവധി അപേക്ഷകളില്‍ നിന്ന് അര്‍ഹരായവരെ കണ്ടെത്തിയ ശേഷമാണ് അപേക്ഷ സെക്രട്ടേറിയറ്റിലേക്ക് അയക്കുക. ഇത്തരം അപേക്ഷകളില്‍ ഉദ്യോഗസ്ഥര്‍ ഏജന്റുമാരുമായി ഒത്തുകളിച്ച് പണം തട്ടുന്നതായാണ് വിവരം. ഇതിനാവശ്യമായ വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്,വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവ സംഘടിപ്പിച്ച് അനര്‍ഹരായ വ്യക്തികളുടെ പേരില്‍ അപേക്ഷ സമര്‍പ്പിക്കുന്നു. 

അപേക്ഷ നല്‍കിയ ശേഷം പണം ലഭിക്കുന്നതിനായി നല്‍കുന്നത് ഏജന്റുമാരുടെ ബാങ്ക് അക്കൗണ്ടും ടെലഫോണ്‍ നമ്പറുമാണ്. പണം ഏജന്റുമാരുടെ കൈയില്‍ എത്തുമ്പോള്‍ ഒരുവിഹിതം അപേക്ഷകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നല്‍കുകയുമാണ് ചെയ്യുന്നത്. ചിലയിടങ്ങളില്‍ ഏജന്റുമാര്‍ അര്‍ഹരായവരെ കൊണ്ട് അപേക്ഷ നല്‍കിച്ച ശേഷം പണത്തിന്റെ ഒരുവിഹിതം ഏജന്റുമാരും ഉദ്യോഗസ്ഥരും പറ്റുന്നതായും വിവരങ്ങളുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ക്രമക്കേട് കണ്ടെത്തുന്നതിനായാണ് ഓപ്പറേഷന്‍ സിഎംഡിആര്‍എഫ് എന്നപേരില്‍ സംസ്ഥാന വ്യാപകമായി വിജിലന്‍സിന്റെ മിന്നല്‍ പരിശോധന.

ഈ വാര്‍ത്ത കൂടി വായിക്കൂ

മോഹന്‍ലാലിനെതിരായ ആനക്കൊമ്പ് കേസ്: മജിസ്‌ട്രേറ്റ് കോടതി വീണ്ടും പരിഗണിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ