ജോയ് ആലുക്കാസിന്റെ 305 കോടിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി

By സമകാലികമലയാളം ഡെസ്ക്  |   Published: 24th February 2023 10:35 PM  |  

Last Updated: 24th February 2023 10:35 PM  |   A+A-   |  

Enforcement Directorate

ഫയല്‍ ചിത്രം

 

കൊച്ചി: പ്രമുഖ ജ്വല്ലറി സ്ഥാപനമായ ജോയ് ആലുക്കാസ്  ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ചെയര്‍മാന്‍ ജോയ് ആലുക്കാസ് വര്‍ഗീസിന്റെ 305.84 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ഹവാല വഴി ഇന്ത്യയില്‍ നിന്ന് വന്‍തുക ദുബായിലേക്ക് മാറ്റുകയും പിന്നീട് ഈ പണം ജോയ് ആലുക്കാസ് വര്‍ഗീസിന്റെ പൂര്‍ണ  ഉടമസ്ഥതയിലുള്ള ദുബായിലെ ജോയ് ആലുക്കാസ് ജ്വല്ലറി എല്‍എല്‍സിയില്‍ നിക്ഷേപിക്കുകയും ചെയ്തതിനാണ് നടപടി. ഇത് 1999ലെ ഫെമ നിയമത്തിന്റെ ലംഘനമാണ് എന്ന് ചൂണ്ടിക്കാണിച്ചാണ് നടപടിയെന്ന് ഇഡിയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. 

കണ്ടുകെട്ടിയവയില്‍ 81.54 കോടി രൂപ മൂല്യം വരുന്ന 33 സ്ഥാവര സ്വത്തുക്കളും ഉള്‍പ്പെടുന്നു. തൃശൂര്‍ ശോഭാ സിറ്റിയിലെ ഭൂമിയും താമസിക്കുന്ന വീടും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. 91.22 ലക്ഷം രൂപയുടെ നിക്ഷേപമുള്ള 3 ബാങ്ക് അക്കൗണ്ടുകള്‍ അടക്കമാണ് മറ്റു കണ്ടുകെട്ടിയ ആസ്തികള്‍.  ജോയ് ആലുക്കാസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഫീസ്, കമ്പനിയുടെ ഡയറക്ടറുടെ താമസസ്ഥലങ്ങള്‍ എന്നിവയുള്‍പ്പെടെ ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ അഞ്ച് സ്ഥലങ്ങളില്‍ ഫെബ്രുവരി 22 ന് ഇഡി പരിശോധന നടത്തിയിരുന്നു.

പരിശോധനയില്‍ ഹവാല ഇടപാടുകളില്‍ ജോയ് ആലുക്കാസിന്റെ പങ്കാളിത്തം തെളിയിക്കുന്ന രേഖകള്‍ കണ്ടെത്തിയിരുന്നു. ഈ ഹവാല ഇടപാടിലൂടെ ലഭിച്ച പണം പിന്നീട് ജോയ് ആലുക്കാസ് വര്‍ഗീസിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള കമ്പനിയായ ജോയ് ആലുക്കാസ് ജ്വല്ലറി എല്‍എല്‍സി, ദുബായില്‍ നിക്ഷേപിച്ചു. ഇത്തരത്തില്‍ നിയമവിരുദ്ധമായി കൈമാറ്റം ചെയ്യപ്പെട്ട കള്ളപ്പണത്തിന്റെ ഗുണഭോക്താവായി ജോയ് ആലുക്കാസ് വര്‍ഗീസ് മാറുകയും ഫെമ 1999 ലെ സെക്ഷന്‍ 37 എ പ്രകാരം നടപടിക്ക് ബാധ്യസ്ഥനാകുകയും ചെയ്തതായി ഇഡി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഒരു കേടുമില്ലാത്ത വീട് പുതുക്കി പണിയാന്‍ നാലുലക്ഷം രൂപ, ' ഓപ്പറേഷന്‍ സിഎംഡിആര്‍എഫ്'; ഇന്നും കണ്ടെത്തിയത് വ്യാപക ക്രമക്കേട് 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ