പ്രണയം തകർക്കാൻ പോക്സോ കേസ്, ഇത് കോടതിക്ക് അമിതഭാ​രമെന്ന്  ജസ്റ്റിസ് എസ്. രവീന്ദ്ര ഭട്ട്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th February 2023 06:59 AM  |  

Last Updated: 26th February 2023 06:59 AM  |   A+A-   |  

lovers

പ്രതീകാത്മക ചിത്രം

 

കൊച്ചി; പ്രണയത്തെ തുടർന്നുള്ള പോക്സോ കേസുകൾ കോടതികൾക്ക് അമിത ഭാരമായി മാറുകയാണെന്നു സുപ്രീം കോടതി ജഡ്ജിയും ജുവനൈൽ ജസ്റ്റിസ് കമ്മിറ്റി ചെയർപഴ്സനുമായ ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട്. കുട്ടികളുടെ സംരക്ഷണം ലക്ഷ്യമാക്കിയുള്ള വ്യവസ്ഥകൾ മുതിർന്നവർ വളച്ചൊടിക്കുന്ന സന്ദർഭങ്ങളുണ്ട്. പെൺകുട്ടിയുടെ വീട്ടുകാർക്ക് ആൺകുട്ടി സ്വീകാര്യനല്ലെങ്കിൽ പോക്സോ നിയമപ്രകാരം ഗുരുതര കുറ്റം ആരോപിക്കുന്ന സ്ഥിതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

കുറ്റകൃത്യങ്ങളിൽ കുട്ടികളുടെ പ്രായനിർണയം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നാണ്. ഇക്കാര്യത്തിൽ ആധുനിക സങ്കേതങ്ങൾ പ്രയോജനപ്പെടുത്തണം. പോക്സോ കേസിൽ പ്രായപരിധി 18ൽ നിന്ന് 16 ആക്കണമെന്ന നിർദേശവുമുണ്ട്. ഇതിൽ ചർച്ച വേണമെന്നും രവീന്ദ്ര ഭട്ട് കൂട്ടിച്ചേർത്തു. പോക്സോ കോടതികളിലെത്തുന്നവയിൽ 25 % പ്രണയബന്ധത്തെ തുടർന്നുള്ള കേസുകൾ (റൊമാൻസ് കേസുകൾ) ആണെന്ന് മഹാരാഷ്ട്രയിൽ നടത്തിയ പഠനത്തിലുണ്ടെന്നു ജസ്റ്റിസ് എസ്. രവീന്ദ്ര ഭട്ട് പറഞ്ഞു. 

ബാലനീതി സംരക്ഷണത്തിനു മതിയായ നിയമങ്ങളുണ്ടെങ്കിലും ശരിയായ വിധം നടപ്പാക്കുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കുട്ടികൾക്കു നേരെയുള്ള ലൈംഗികാതിക്രമം തടയൽ നിയമം, ബാലനീതി നിയമം, കുട്ടികളിലെ ലഹരി ഉപയോഗം തടയൽ തുടങ്ങിയ വിഷയങ്ങളിൽ കേരള ഹൈക്കോടതിയുടെ നേതൃത്വത്തിൽ നടക്കുന്ന റീജനൽ ജുഡീഷ്യൽ കോൺഫറൻസിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ജനശതാബ്ദി ഉൾപ്പടെ മൂന്നു ട്രെയിനുകൾ ഇന്ന് ഇല്ല; പ്രത്യേക സർവീസുമായി കെഎസ്ആർടിസി​

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ