പടക്കശാല അനധികൃതം; 'ഭൂമി കുലുക്കമാണെന്ന് കരുതി', സ്‌ഫോടനത്തില്‍ നടുങ്ങി വരാപ്പുഴ

വരാപ്പുഴയില്‍ സ്‌ഫോടനം നടന്ന പടക്ക ശാല പ്രവര്‍ത്തിച്ചത് അനധികൃതമായെന്ന് എറണാകുളം ജില്ലാ കലക്ടര്‍ രേണു രാജ്
ചിത്രം: എഎന്‍ഐ
ചിത്രം: എഎന്‍ഐ

കൊച്ചി: വരാപ്പുഴയില്‍ സ്‌ഫോടനം നടന്ന പടക്ക ശാല പ്രവര്‍ത്തിച്ചത് അനധികൃതമായെന്ന് എറണാകുളം ജില്ലാ കലക്ടര്‍ രേണു രാജ്. ജയ്‌സണ്‍ എന്നയാളാണ് പടക്ക നിര്‍മ്മാണ ശാല നടത്തിയിരുന്നത്. ഇയാള്‍ക്ക് പടക്കം വില്‍ക്കാന്‍ ഉള്ള ലൈസന്‍സ് മാത്രമാണ് ഉണ്ടായിരുന്നത്. ഇതിന്റെ മറവില്‍ അനധികൃതമായി പടക്കം വന്‍തോതില്‍ ശേഖരിച്ചു വച്ചിരുന്നതായും കലക്ടര്‍ പറഞ്ഞു. അപകടത്തില്‍ തഹസില്‍ദാരോടും പഞ്ചായത്ത് സെക്രട്ടറിയോടും വിശദീകരണം തേടി. വിശദമായ അന്വേഷണം നടത്തുമെന്നും കലക്ടര്‍ അറിയിച്ചു. 

പടക്കശാലയില്‍ ഉണ്ടായ സ്‌ഫോടനത്തിന്റെ പ്രകമ്പനം രണ്ടു കിലോമീറ്റര്‍ ചുറ്റളവില്‍ അനുഭവപ്പെട്ടു. 15 സീടുകള്‍ക്ക് കേടുപാട് സംഭവിച്ചതായി പൊലീസ് പറഞ്ഞു. വന്‍ ശബ്ദത്തോടെയാണ് സ്‌ഫോടനമുണ്ടായത് എന്നും ഭൂമികുലുക്കമാണെന്ന് കരുതിയെന്നും പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുറാണി പറഞ്ഞു. 

വൈകുന്നേരം അഞ്ചുമണിയോടെയാണ് വരാപ്പുഴയെ നടുക്കിയ സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ ആറുപേര്‍ക്ക് പരിക്കേറ്റു. രണ്ടുകുട്ടികളുടെ നില ഗുരുതരമാണ്. സമീപവാസികളായവര്‍ക്കാണ് പരിക്കേറ്റത്. സ്‌ഫോടനത്തില്‍ പടക്കങ്ങള്‍ സൂക്ഷിച്ചിരുന്ന വീട് പൂര്‍ണമായും കത്തി നശിച്ചു. തൊട്ടടുത്തുള്ള വീടുകള്‍ക്ക് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ജനല്‍ ചില്ലുകള്‍ പൊട്ടിത്തെറിച്ച നിലയിലാണ്. പ്രദേശത്തെ മരങ്ങള്‍ കരിഞ്ഞുണങ്ങി. സ്‌ഫോടനം നടന്ന വീട്ടില്‍ നിന്ന് ഒരു മൃതദേഹം കണ്ടെത്തി. പൂര്‍ണമായി കത്തിക്കരിഞ്ഞ നിലയിലായതിനാല്‍ ആളെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. 

ധാരാളം വീടുകളുള്ള, ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്ന പ്രദേശത്താണ് പടക്കം സൂക്ഷിച്ച ഈ വീടുണ്ടായിരുന്നത്. വര്‍ഷങ്ങള്‍ പഴക്കമുള്ള വീട്ടിലാണ് പടക്കങ്ങള്‍ സൂക്ഷിച്ചിരുന്നത്. ഈ വീട്ടില്‍ ആരും താമസിച്ചിരുന്നില്ല. തൊട്ടടുത്ത വീട്ടിലാണ് ഇവിടെ പ്രവര്‍ത്തിച്ചിരുന്നവര്‍ താമസിച്ചിരുന്നത്. സഹോദരങ്ങളാണ് ഇത് നടത്തി കൊണ്ടിരുന്നത്. ഇതര സംസ്ഥാന തൊഴിലാളികളും ഇവിടെ ജോലി ചെയ്തിരുന്നു. സ്ഫോടനത്തിന് ശേഷം ആകെ പുകയിലും തീയിലും പ്രദേശം മുങ്ങി നിന്നതിനാല്‍ അഗ്‌നിശമന സേന എത്തിയതിന് ശേഷമാണ് പ്രദേശവാസികള്‍ക്കും മറ്റും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാനായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com