വാക്കുതര്‍ക്കത്തിനിടെ യുവാവ് കുത്തേറ്റു മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st January 2023 11:26 AM  |  

Last Updated: 01st January 2023 11:30 AM  |   A+A-   |  

murshid

മുര്‍ഷിദ്/ ടിവി ചിത്രം

 

കല്‍പ്പറ്റ: വയനാട് മേപ്പാടിയില്‍ യുവാവ് കുത്തേറ്റു മരിച്ചു. കുന്നമംഗലം വയല്‍ സ്വദേശി മുര്‍ഷിദ് ആണ് മരിച്ചത്. വാക്കുതര്‍ക്കത്തിനിടെയാണ് യുവാവിന് കുത്തേറ്റത്. 

ഇന്നു പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവമുണ്ടായത്. പുതുവത്സരാഘോഷത്തിനിടെയാണ് അക്രമമുണ്ടായതെന്ന് പൊലീസ് സൂചിപ്പിച്ചു. പ്രതി രൂപേഷ് മദ്യലഹരിയിലായിരുന്നു ആക്രമണം നടത്തിയതെന്നും പൊലീസ് പറയുന്നു. രൂപേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

മേപ്പാടിയില്‍ കടയുടെ മുന്നില്‍ മുര്‍ഷിദിന്റെ സുഹൃത്തായ സിദ്ധാര്‍ത്ഥ് ബൈക്ക് നിര്‍ത്തിയിട്ടിരുന്നു. ഇവിടെ എത്തിയ പ്രതി രൂപേഷും സംഘവും ഇവിടെ വാഹനം നിര്‍ത്താന്‍ പറ്റില്ലെന്ന് പറഞ്ഞു. ബൈക്കിന്റെ താക്കോല്‍ രൂപേഷ് എറിഞ്ഞുകളയുകയും ചെയ്തു. 

ഇത് ചോദ്യം ചെയ്ത് സിദ്ധാര്‍ത്ഥിന്റെ സുഹൃത്തുക്കളായ മുര്‍ഷിദും നിഷാദുമെത്തി. തുടര്‍ന്ന് വാക്കുതര്‍ക്കം കയ്യാങ്കളിയിലെത്തി. ഇതിനിടെ രൂപേഷ് കയ്യിലുണ്ടായിരുന്ന കത്തി കൊണ്ട് മുര്‍ഷിദിനെ കുത്തി. ഗുരുതരമായി പരിക്കേറ്റ മുര്‍ഷിദിനെ കോഴിക്കോട് സ്വകാര്യ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 

മുര്‍ഷിദിന്റെ സുഹൃത്തായ നിഷാദിനും കുത്തേറ്റിട്ടുണ്ട്. ഇയാളെ വയനാട്ടിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ പരിക്ക് ഗുരുതരമല്ല. ഇന്നു രാവിലെയാണ് പ്രതി രൂപേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

ബീച്ചില്‍ പുതുവത്സരാഘോഷത്തിനിടെ തിരയില്‍പ്പെട്ട് യുവാവിനെ കാണാതായി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ