ഞവുഞ്ഞിപ്പൊട്ടന്‍, കരിയാള, ചിന്നമുണ്ടി... പക്ഷികുലം മെലിയുന്നോ? നീര്‍ക്കിളികളുടെ എണ്ണത്തില്‍ കുറവ്

പുള്ളിക്കാടക്കൊക്കും കാലിമുണ്ടിയുമാണ് ഏറ്റവും കൂടുതല്‍ എണ്ണം കണ്ടെത്താനായ പക്ഷിയിനങ്ങള്‍
സര്‍വേ സംഘം പകര്‍ത്തിയ ചിത്രം
സര്‍വേ സംഘം പകര്‍ത്തിയ ചിത്രം

തൃശൂര്‍: തൃശൂരിലെ കോള്‍പ്പാടങ്ങളില്‍ നീര്‍പ്പക്ഷികളുടെ എണ്ണത്തില്‍ കുറവെന്ന് സര്‍വേ റിപ്പോര്‍ട്ട്. 90 ഇനങ്ങളിലായി 9904  നീര്‍പ്പക്ഷികളെയാണ് ഏഷ്യന്‍ വാട്ടര്‍ബേഡ് സെന്‍സസിന്റെ ഭാഗമായി തൃശ്ശൂര്‍-പൊന്നാനി കോള്‍നിലങ്ങളില്‍ നടത്തിയ മുപ്പത്തിരണ്ടാമത് സര്‍വെയില്‍ കണ്ടെത്തിയത്. 

മാറഞ്ചേരി, ഉപ്പുങ്ങല്‍, തൊമ്മാന, അടാട്ട്, മനക്കൊടി, പാലയ്ക്കല്‍, ഏനമാവ്, പുല്ലഴി, അടാട്ട്, മുള്ളൂര്‍ക്കായല്‍, തൊട്ടിപ്പാള്‍ തുടങ്ങിയ കോള്‍മേഖലകള്‍ കേന്ദ്രീകരിച്ചു നടത്തിയ സര്‍വേയില്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കുറവു നീര്‍പക്ഷികളെയാണ് കണ്ടെത്താനായത്. 2018ല്‍ 33499,  2019ല്‍ 27519, 2020ല്‍ 22049, 2021ല്‍ 16634, 2022ല്‍ 15959 എന്നിങ്ങനെയാണ് കണ്ടെത്തിയ പക്ഷികളുടെ എണ്ണം. 

വിവിധയിനം എരണ്ടകള്‍, വര്‍ണ്ണക്കൊക്ക്, ഞവുഞ്ഞിപ്പൊട്ടന്‍, കരിയാള, ചിന്നമുണ്ടി, നീലക്കോഴി, നീര്‍ക്കാക്കകള്‍ തുടങ്ങിയവയുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തി. ദീര്‍ഘദൂര ദേശാടകനായ ചെങ്കാലന്‍ പുള്ള്, കായല്‍പുള്ള്, കരിവാലന്‍ പുല്‍കുരുവി, മൂടിക്കാലന്‍ കുരുവി, വലിയപുള്ളിപ്പരുന്ത്, ഉപ്പൂപ്പന്‍ തുടങ്ങി പക്ഷികളെയും കോള്‍നിലങ്ങളില്‍നിന്ന് കണ്ടെത്താനായി. പുള്ളിക്കാടക്കൊക്കും കാലിമുണ്ടിയുമാണ് ഏറ്റവും കൂടുതല്‍ എണ്ണം കണ്ടെത്താനായ പക്ഷിയിനങ്ങള്‍.

കോള്‍പ്പാടത്തെ പക്ഷിക്കൂട്ടായ്മയായ കോള്‍ ബേഡേഴ്‌സ് കളക്റ്റീവും കാര്‍ഷിക സര്‍വ്വകലാശാല കാലാവസ്ഥ വ്യതിയാന പരിസ്ഥിതിശാത്ര കോളജും കേരള വനംവന്യജീവി വകുപ്പിന്റെ സഹകരണത്തോടെ സംയുക്തമായാണ് സര്‍വ്വെ സംഘടിപ്പിച്ചത്. സി.പി.സേതുമാധവന്‍, മനോജ് കരിങ്ങാമഠത്തില്‍, മിനി ആന്റോ, ജയ്‌ദേവ് മേനോന്‍, നിഥീഷ് കെ.ബി, ശ്രീകുമാര്‍ കെ. ഗോവിന്ദന്‍കുട്ടി, ലതീഷ് ആര്‍. നാഥ്, അരുണ്‍ ജോര്‍ജ്, സിജി.പി.കെ, സിസി ആന്‍, അഭിന്‍ എം സുനില്‍, സുബിന്‍ മനക്കൊടി, പ്രശാന്ത് എസ്, ഷിനോ കൂറ്റനാട്, പ്രേംചന്ദ് ആര്‍.,നിഗിന്‍ബാബു, ദില്‍ജിത്ത്, ഡിജുമോന്‍, ജോസസ് എന്‍.ഡി, ഒമര്‍ ഹാറുന്‍, അഹമ്മദ് സെയ്ദ് തുടങ്ങി നൂറോളം പക്ഷിനിരീക്ഷകര്‍ പങ്കെടുത്തു.

മധ്യമേഖല മുഖ്യവനപാലകന്‍ അനൂപ് കെ.ആര്‍ സര്‍വ്വെയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. തുടര്‍ന്ന് നടന്ന സെമിനാറില്‍ ഡോ.നമീര്‍.പി.ഓ അധ്യക്ഷത വഹിച്ചു. ഡോ.മാലിക്ക് ഫാസില്‍, അര്‍ജുന്‍ സുരേഷ് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com