സഞ്ചാരികളുമായെത്തിയ ഗവി ബസ് കൊടുംവനത്തില്‍ കുടുങ്ങി; അഞ്ചു കിലോമീറ്റര്‍ നടന്ന് യാത്രക്കാര്‍

ഗവി കാണാന്‍ എത്തിയ സഞ്ചാരികളുമായി പോയ പത്തനംതിട്ട ഡിപ്പോയിലെ കെഎസ്ആര്‍ടിസി ബസ് യാത്രാമധ്യേ കേടായി കൊടുംവനത്തില്‍ കുടുങ്ങി
ഗവിയിലേക്ക് സര്‍വീസ് നടത്തുന്ന ബസ്, സ്‌ക്രീന്‍ഷോട്ട്‌
ഗവിയിലേക്ക് സര്‍വീസ് നടത്തുന്ന ബസ്, സ്‌ക്രീന്‍ഷോട്ട്‌

പത്തനംതിട്ട: ഗവി കാണാന്‍ എത്തിയ സഞ്ചാരികളുമായി പോയ പത്തനംതിട്ട ഡിപ്പോയിലെ കെഎസ്ആര്‍ടിസി ബസ് യാത്രാമധ്യേ കേടായി കൊടുംവനത്തില്‍ കുടുങ്ങി. ആനത്തോടിനും പമ്പയ്ക്കുമിടയില്‍ വനത്തിനുള്ളിലാണ് ബസിന് തകരാര്‍ സംഭവിച്ചത്.

പത്തനംതിട്ടയില്‍ നിന്ന് രാവിലെ ആറരയ്ക്കു കുമളിക്കു പോയ പത്തനംതിട്ട-ഗവി-കുമളി ബസാണ് മടങ്ങി വരും വഴി ഇന്നലെ വൈകിട്ട് 4 മണിയോടെ പമ്പ അണക്കെട്ട് കഴിഞ്ഞപ്പോള്‍ തകരാറിലായത്. ബസിലുണ്ടായിരുന്ന 28 യാത്രക്കാര്‍ ആനക്കാട്ടിലൂടെ ഏകദേശം 5 കിലോമീറ്ററോളം നടന്ന് സന്ധ്യയോടെ ആനത്തോട് അണക്കെട്ടിലെ പൊലീസ് ഔട്ട് പോസ്റ്റിലെത്തി. രാത്രി ഏഴരയോടെ ഇതു വഴി വന്ന സീതത്തോട് പഞ്ചായത്തിലെ വാഹനത്തില്‍ 7 യാത്രക്കാരെ പത്തനംതിട്ടയില്‍ എത്തിച്ചു.

ബാക്കി യാത്രക്കാരെ കൊണ്ടുപോകാന്‍ രാത്രി 10 മണിയോടെ മൂഴിയാറില്‍ സ്റ്റേയുള്ള കെഎസ്ആര്‍ടിസി ബസ് ആനത്തോട്ടിലെത്തി.പത്തനംതിട്ട, തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം ജില്ലക്കാരായ വിനോദ സഞ്ചാരികളായിരുന്നു യാത്രക്കാര്‍. 4 കുട്ടികളുമുണ്ടായിരുന്നു. തകരാര്‍ പരിഹരിക്കാന്‍ ജീവനക്കാര്‍ കിണഞ്ഞ് പരിശ്രമിച്ചെങ്കില്‍ വാഹനം സ്റ്റാര്‍ട്ട് ചെയ്യാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് കണ്ടക്ടര്‍ സാബുവിന്റെ നേതൃത്വത്തില്‍ യാത്രക്കാര്‍ കാട്ടാനയും, കാട്ടുപോത്തുകളുമുള്ള കാട്ടിലൂടെ നടന്ന് സന്ധ്യയോടെ ആനത്തോട് അണക്കെട്ടിലെ പൊലീസ് ഔട്ട് പോസ്റ്റില്‍ എത്തുകയായിരുന്നു.

അടൂരില്‍നിന്ന് എത്തിയ ഏഴംഗ കുടുംബത്തെ പഞ്ചായത്ത് വാഹനത്തില്‍ പത്തനംതിട്ടയില്‍ എത്തിച്ചു. പത്തനംതിട്ട ആങ്ങമൂഴി-മൂഴിയാര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന മൂഴിയാര്‍ കെഎസ്ആര്‍ടിസി സ്റ്റേ ബസ് രാത്രി പത്ത് മണിയോടെ ആനത്തോട്ടില്‍ എത്തി പത്തനംതിട്ടയിലേക്കു തിരിച്ചതോടെയാണ് മണിക്കൂറുകള്‍ വനത്തില്‍ കുടുങ്ങിയ യാത്രക്കാര്‍ക്കു ആശ്വാസമായത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com