'അതു പ്രാര്‍ഥനയല്ല, എഴുന്നേല്‍ക്കേണ്ടതില്ലെന്നു പറഞ്ഞത് വെള്ളാപ്പള്ളി'
By സമകാലിക മലയാളം ഡെസ്‌ക് | Published: 03rd January 2023 12:42 PM |
Last Updated: 03rd January 2023 12:42 PM | A+A A- |

ഗുരുസ്തുതി ചൊല്ലിയപ്പോള്‍ എഴുന്നേല്‍ക്കാന്‍ തുടങ്ങിയ കടന്നപ്പള്ളിയെ മുഖ്യമന്ത്രി തടയുന്നു/വിഡിയോ ദൃശ്യം
കണ്ണൂര്‍: എസ്എന്‍ കോളജിലെ ചടങ്ങില്‍ ഗുരുസ്തുതി ചൊല്ലിയപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എഴുന്നേല്‍ക്കാതിരുന്നതിനെച്ചൊല്ലിയുള്ള വിവാദത്തോടു പ്രതികരിച്ച് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. പരിപാടിയില്‍ ചൊല്ലിയത് പ്രാര്‍ഥനയല്ലെന്ന് ജയരാജന്‍ പറഞ്ഞു. മുഖ്യമന്ത്രി എഴുന്നേല്‍ക്കേണ്ടതില്ലെന്ന് വേദിയിലുണ്ടായിരുന്ന വെള്ളാപ്പള്ളി നടേശന്‍ തന്നെ പറഞ്ഞിരുന്നുവെന്നും ജയരാജന്‍ അറിയിച്ചു.
പ്രാര്‍ഥനയ്ക്കായി അറിയിപ്പു മുഴങ്ങിയപ്പോള്‍ ആദ്യം എഴുന്നേല്‍ക്കാനൊരുങ്ങിയ മുഖ്യമന്ത്രി പിന്നെ അവിടെത്തന്നെ ഇരിക്കുകയായിരുന്നു. തൊട്ടടുത്തുണ്ടായിരുന്ന സ്ഥലം എംഎല്‍എ രാമചന്ദ്രന്‍ കടന്നപ്പള്ളി എഴുന്നേല്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ കൈകൊണ്ടു വിലക്കുകയും ചെയ്തു. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് വിവാദം സജീവമായത്.
ഗുരുര്‍ബ്രഹ്മാ ഗുരുര്‍വിഷ്ണുഃ എന്നു തുടങ്ങുന്ന ഗുരുഗീതയാണു വേദിയില്‍ ചൊല്ലിയത്. മുഖ്യമന്ത്രിയും കടന്നപ്പള്ളിയും ഒഴികെ ഈ സമയത്തു വേദിയിലുണ്ടായിരുന്ന മറ്റെല്ലാവരും എഴുന്നേറ്റുനിന്നു. എസ്എന്‍ ട്രസ്റ്റ് മാനേജര്‍ വെള്ളാപ്പള്ളി നടേശനും വേദിയിലുണ്ടായിരുന്നു. സംഭവം വിവാദമായതോടെ മുഖ്യമന്ത്രി മാപ്പു പറയണമെന്ന ആവശ്യവുമായി കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ രംഗത്തുവന്നിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
നിയമത്തിന്റെ പേരു പറഞ്ഞ് സര്‍ക്കാരിനെ അലോസരപ്പെടുത്തുന്നു; ഗവര്‍ണര്‍ക്കെതിരെ എം വി ഗോവിന്ദന്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ