'പ്രാര്‍ഥന ചൊല്ലുമ്പോള്‍ ഇരിക്കുന്നതില്‍ നിന്ദയില്ല, എഴുന്നേറ്റു നില്‍ക്കണമെന്നത് തെറ്റായ ധാരണ'

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th January 2023 11:50 AM  |  

Last Updated: 04th January 2023 11:50 AM  |   A+A-   |  

swami_shubhangananda

സ്വാമി ശുഭാംഗാനന്ദ/ഫയല്‍

 

തിരുവനന്തപുരം: എസ്എന്‍ കോളജിലെ ചടങ്ങില്‍ ഗുരുസ്തുതി ചൊല്ലിയപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എഴുന്നേല്‍ക്കാതിരുന്നതിനെച്ചൊല്ലിയുള്ള വിവാദത്തില്‍ കഴമ്പില്ലെന്ന് ശ്രീനാരായണ ധര്‍മ സംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ. പ്രാര്‍ഥന നിന്നുകൊണ്ടോ ഇരുന്നുകൊണ്ടോ കേള്‍ക്കുന്നതില്‍ തെറ്റില്ലെന്ന് അദ്ദേഹം പറഞ്ഞു. 

പ്രാര്‍ഥന നിന്നുകൊണ്ടു കേള്‍ക്കുന്നത് കീഴ്‌വഴക്കത്തിന്റെ ഭാഗമായി സംഭവിച്ചതാണ്. ഇരുന്നുകൊണ്ടു കേള്‍ക്കുന്നതില്‍ നിന്ദയില്ല. ചൊല്ലിയത് ഗുരുസ്തുതിയാണോ എന്നതില്‍ കാര്യമില്ല. പ്രാര്‍ഥന ഗുരുവിനോടു മാത്രമുള്ളതല്ല, അത് എല്ലാ മതങ്ങളും അംഗീകരിക്കുന്ന കാര്യമാണ്. അവരവരുടെ വിശ്വാസത്തിലുള്ള ദേവീദേവന്മാരെയും ഗുരുക്കന്‍മാരെയും സ്മരിക്കുന്നത് നിന്നു കൊണ്ടു മാത്രമേ ആകാവൂ എന്നു ശഠിക്കുന്നതു തെറ്റായ ധാരണയാണ്- സ്വാമി പറഞ്ഞു.

പ്രാര്‍ഥനയല്ല

പരിപാടിയില്‍ ചൊല്ലിയത് പ്രാര്‍ഥനയല്ലെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍പറഞ്ഞു. മുഖ്യമന്ത്രി എഴുന്നേല്‍ക്കേണ്ടതില്ലെന്ന് വേദിയിലുണ്ടായിരുന്ന വെള്ളാപ്പള്ളി നടേശന്‍ തന്നെ പറഞ്ഞിരുന്നുവെന്നും ജയരാജന്‍ അറിയിച്ചു.

പ്രാര്‍ഥനയ്ക്കായി അറിയിപ്പു മുഴങ്ങിയപ്പോള്‍ ആദ്യം എഴുന്നേല്‍ക്കാനൊരുങ്ങിയ മുഖ്യമന്ത്രി പിന്നെ അവിടെത്തന്നെ ഇരിക്കുകയായിരുന്നു. തൊട്ടടുത്തുണ്ടായിരുന്ന സ്ഥലം എംഎല്‍എ രാമചന്ദ്രന്‍ കടന്നപ്പള്ളി എഴുന്നേല്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ കൈകൊണ്ടു വിലക്കുകയും ചെയ്തു. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് വിവാദം സജീവമായത്.

ഗുരുര്‍ബ്രഹ്മാ ഗുരുര്‍വിഷ്ണുഃ എന്നു തുടങ്ങുന്ന ഗുരുഗീതയാണു വേദിയില്‍ ചൊല്ലിയത്. മുഖ്യമന്ത്രിയും കടന്നപ്പള്ളിയും ഒഴികെ ഈ സമയത്തു വേദിയിലുണ്ടായിരുന്ന മറ്റെല്ലാവരും എഴുന്നേറ്റുനിന്നു. എസ്എന്‍ ട്രസ്റ്റ് മാനേജര്‍ വെള്ളാപ്പള്ളി നടേശനും വേദിയിലുണ്ടായിരുന്നു. സംഭവം വിവാദമായതോടെ മുഖ്യമന്ത്രി മാപ്പു പറയണമെന്ന ആവശ്യവുമായി കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ രംഗത്തുവന്നിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

കുട്ടികള്‍ വേണമെന്നത് പൗരന്റെ മൗലിക അവകാശം; കൃത്രിമ ഗര്‍ഭധാരണത്തിനുള്ള പ്രായപരിധി പുനപ്പരിശോധിക്കണം: ഹൈക്കോടതി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ