സ്വര്‍ണം പണയപ്പെടുത്താന്‍ നല്‍കിയില്ല; തളിക്കുളത്ത് സ്ത്രീയെ കഴുത്തുഞെരിച്ച് കൊന്നു, ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th January 2023 11:22 AM  |  

Last Updated: 04th January 2023 01:55 PM  |   A+A-   |  

shajitha

ഷാജിത

 

തൃശൂര്‍:  തളിക്കുളത്ത് സ്ത്രീയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി. തളിക്കുളം സ്വദേശി ഷാജിത (54) ആണ് കൊല്ലപ്പെട്ടത്. വലപ്പാട് സ്വദേശി ഓട്ടോറിക്ഷ ഡ്രൈവര്‍ ഹബീബിനെ (52) പൊലീസ് അറസ്റ്റ് ചെയ്തു. സ്വര്‍ണം പണയപ്പെടുത്താന്‍ നല്‍കാത്തതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെ കാരണമെന്ന് പൊലീസ് പറയുന്നു.

ഇന്ന് രാവിലെ 9.30 ഓടേയാണ് സംഭവം. ഒറ്റയ്ക്ക് താമസിക്കുന്ന ഷാജിതയുടെ നിലവിളി കേട്ട് അയല്‍വാസികള്‍ ഓടിയെത്തി. കതക് അകത്തുനിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. തള്ളി തുറന്ന് നാട്ടുകാര്‍ അകത്തുകടന്നപ്പോള്‍ ഷാജിതയെ അവശയായ നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

തൊട്ടടുത്ത മുറിയില്‍ ഉണ്ടായിരുന്ന ഹബീബിനെ തടഞ്ഞുവച്ച് നാട്ടുകാര്‍ പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. ഹബീബും ഷാജിതയും സുഹൃത്തുക്കളാണെന്നാണ് പൊലീസ് പറയുന്നത്. ഇയാളുടെ പോക്കറ്റില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുത്തു. സ്വര്‍ണം പണയപ്പെടുത്താന്‍ ഹബീബ് ചോദിച്ചു. ഷാജിത നല്‍കിയില്ല. ഇതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പൊലീസ് പറയുന്നു. 

ചെറിയ ഞെരക്കം ഉണ്ടായിരുന്ന ഷാജിതയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ഹബീബിനെ പൊലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

കെഎസ്ആർടിസിയുമായി കൂട്ടിയിടിച്ചു; തൃപ്പൂണിത്തുറയിൽ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ