ശബരിമല തീര്‍ത്ഥാടക വാഹനത്തിന് നേരെ യുവാവിന്റെ ആക്രമണം, ബസിന്റെ ചില്ല് അടിച്ചുതകര്‍ത്തു; ഒന്‍പത് വയസുകാരിയുടെ കൈയ്ക്ക് പരിക്ക്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th January 2023 06:59 AM  |  

Last Updated: 05th January 2023 06:59 AM  |   A+A-   |  

bus

ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത നിലയില്‍, സ്‌ക്രീന്‍ഷോട്ട്

 

ആലപ്പുഴ: ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തീര്‍ത്ഥാടക വാഹനത്തിന് നേരെ യുവാവിന്റെ ആക്രമണം. ബസിന്റെ വാതില്‍ ചില്ല് കോടാലി കൊണ്ട് അടിച്ചുതകര്‍ത്തു. യുവാവ് തള്ളി താഴെയിട്ട ഒന്‍പതു വയസുകാരിയുടെ കൈയ്ക്ക് പരിക്കേറ്റു. യുവാവിനായി തെരച്ചില്‍ ആരംഭിച്ചതായി പൊലീസ് പറയുന്നു.

ഇന്നലെ രാത്രി പത്തുമണിക്ക് ആലപ്പുഴ കളര്‍കോട് ജംഗ്ഷനിലാണ് സംഭവം. മലപ്പുറം ചുങ്കത്തറ സ്വദേശികള്‍ സഞ്ചരിച്ചിരുന്ന ബസിന് നേരെയാണ് യുവാവ് ആക്രമണം നടത്തിയത്. ബസില്‍ ഒന്‍പത് കുട്ടികള്‍ അടക്കം 39 പേരാണ് ഉണ്ടായിരുന്നത്. 

ചായ കുടിക്കാനായാണ് കളര്‍കോട് ജംഗ്ഷനില്‍ ബസ് നിര്‍ത്തിയത്. ഈസമയത്ത് ബസില്‍ ഉണ്ടായിരുന്ന രണ്ടു കുട്ടികള്‍ ഹോട്ടലിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കിന് സമീപം നിന്ന് ഫോട്ടോ എടുത്തു. ഇത് കണ്ട യുവാവ് ഫോട്ടോ എടുത്ത ഒന്‍പത് വയസുകാരിയെ തള്ളി താഴെയിട്ടു. തന്റെയും കൂടെയുള്ള യുവതിയുടെയും ഫോട്ടോ എടുത്തു എന്ന് ആരോപിച്ചായിരുന്നു ആക്രമണമെന്ന് തീര്‍ത്ഥാടക സംഘം പറയുന്നു. കുട്ടിയുടെ കൈയ്ക്ക് പരിക്കേറ്റിട്ടുണ്ട്.

 ഇതിനെ ചൊല്ലി തീര്‍ഥാടക സംഘവും യുവാവും തമ്മില്‍ വാക്കേറ്റമായി. ഇതില്‍ കുപിതനായ യുവാവ് കോടാലിയുമായി വന്ന് ബസിന്റെ വാതിലിന്റെ ചില്ല് അടിച്ചുതകര്‍ക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. യുവാവിന്റെ കൂടെ ഉണ്ടായിരുന്ന യുവതി ടിവി റിയാലിറ്റി ഷോ താരമാണെന്ന് തീര്‍ത്ഥാടക സംഘം പറയുന്നു. 

സാമൂഹിക മാധ്യമങ്ങളില്‍ തെരച്ചില്‍ നടത്തി യുവാവിനെ പൊലീസ് തിരിച്ചറിഞ്ഞു. ഒളിവില്‍ പോയ യുവാവിനായി തെരച്ചില്‍ ആരംഭിച്ചതായി പൊലീസ് പറയുന്നു. ആലപ്പുഴ സൗത്ത് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

പരിശോധന 547; ഇന്ന് 48 ഹോട്ടലുകള്‍ അടപ്പിച്ചു; 142 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്​

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ