പക്ഷിപ്പനി: മനുഷ്യരെ ബാധിക്കാതിരിക്കാന്‍ മുന്‍ കരുതല്‍ വേണം; ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th January 2023 11:50 AM  |  

Last Updated: 08th January 2023 11:58 AM  |   A+A-   |  

bird flu in kozhikode

ഫയല്‍ ചിത്രം

 


തിരുവനന്തപുരം: പക്ഷിപ്പനിയില്‍ ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്. എല്ലാ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മനുഷ്യരെ ബാധിക്കാതിരിക്കാന്‍ മുന്‍ കരുതല്‍ വേണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദേശിച്ചു. ആരോഗ്യ വകുപ്പ് നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണം. 

രോഗബാധിത പ്രദേശങ്ങളിലുള്ളവരിലെ പനിയും മറ്റ് രോഗലക്ഷണങ്ങളും ആരോഗ്യ വകുപ്പ് പ്രത്യേകം നിരീക്ഷണം നടത്തി വരികയാണ്. ഈ പ്രദേശങ്ങളിലുള്ളവര്‍ക്ക് ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകളുണ്ടായാല്‍ ഡോക്ടറെ അറിയിക്കണം.  ആരോഗ്യവകുപ്പും, മൃഗസംരക്ഷണ വകുപ്പും സംയുക്തമായി നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാനും മന്ത്രി അഭ്യര്‍ത്ഥിച്ചു.

രോഗം സ്ഥിരീകരിച്ച തിരുവനന്തപുരം അഴൂര്‍ പഞ്ചായത്തില്‍ നാളെ മുതല്‍ പക്ഷികളെ കൊന്നു തുടങ്ങും. അഴൂർ പെരുങ്ങുഴി ജങ്ഷനു സമീപത്തെ കെജിഎഫ് ഫാമിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. രോ​ഗബാധ സ്ഥിരീകരിച്ച ഒരു കിലോമീറ്റർ ചുറ്റളവിലുള്ള റെയിൽവേ സ്റ്റേഷൻ വാർഡ്, പഞ്ചായത്ത് ഓഫീസ്, കൃഷ്ണപുരം, അക്കരവിള, നാലുമുക്ക്, കൊട്ടാരം തുരുത്ത് എന്നീ വാർഡുകളിലെ കോഴിയും താറാവുമുൾപ്പെടെയുള്ള വളർത്തുപക്ഷികളെ കൊല്ലും. ഇവയുടെ മുട്ട, ഇറച്ചി, കാഷ്ഠം, തീറ്റ എന്നിവയും കത്തിക്കും. 

ഒരു കിലോമീറ്ററിനു ചുറ്റുമുള്ള ഒൻപത് കിലോമീറ്ററിൽ ഉൾപ്പെടുന്ന കിഴുവിലം, കടയ്‌ക്കാവൂർ, കീഴാറ്റിങ്ങൽ ചിറയിൻകീഴ്, മംഗലപുരം, അണ്ടൂർകോണം, പോത്തൻകോട് എന്നീ ഗ്രാമപ്പഞ്ചായത്തുകളും തിരുവനന്തപുരം കോർപ്പറേഷനിലെ കഴക്കൂട്ടം, ആറ്റിപ്ര വാർഡിലെ ആറ്റിൻകുഴി പ്രദേശം എന്നീ മേഖലകളിൽനിന്നും തിരിച്ചുമുള്ള കോഴി, താറാവ്, വളർത്തുപക്ഷികൾ എന്നിവയുടെ കൈമാറ്റം നിരോധിച്ചിട്ടുണ്ട്.

ആലപ്പുഴ നഗരസഭ എട്ടാം വാർഡ് തിരുമല രത്നാലയത്തിൽ ശിവദാസന്റെ വളർത്തുകോഴികൾക്ക് പക്ഷിപ്പനി സ്ഥിരീകരിച്ചു. തുടർന്ന് തിരുമല വാർഡും സമീപത്തെ പള്ളാത്തുരുത്തി വാർഡും ഉൾപ്പെടുന്ന ഒരു കിലോമീറ്റർ ചുറ്റളവിൽ വളർത്തുന്ന പക്ഷികളെ പിടികൂടി കൊന്ന് കത്തിച്ചു. കോട്ടയം ജില്ലയിലെ  ചെമ്പ് പഞ്ചായത്തിലും പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച സ്ഥലത്തിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ വളർത്തുപക്ഷികളെയും കൊന്ന് മറവുചെയ്യാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

'കുഴിമന്തി കഴിച്ചവര്‍ നേരെ കുഴിയിലേക്ക് പോകുന്ന നാടായി കേരളം'

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ