'വെറും ഷോ', ഫുട്‌ബോള്‍ കളിച്ചു നടക്കുന്നു; ഷാഫി പറമ്പിലിന് എതിരെ യൂത്ത് കോണ്‍ഗ്രസില്‍ പടയൊരുക്കം, രാജി വയ്ക്കാമെന്ന് മറുപടി

 യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിലിന് എതിരെ സംസ്ഥാന കമ്മിറ്റിയില്‍ വിമര്‍ശനം
ഷാഫി പറമ്പില്‍/ഫെയ്‌സ്ബുക്ക്
ഷാഫി പറമ്പില്‍/ഫെയ്‌സ്ബുക്ക്

തിരുവനന്തപുരം:  യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിലിന് എതിരെ സംസ്ഥാന കമ്മിറ്റിയില്‍ വിമര്‍ശനം. ഷാഫിയുടെത് ഷോ മാത്രമാണെന്നും പ്രവര്‍ത്തനമില്ലെന്നും നേതാക്കള്‍ വിമര്‍ശിച്ചു. രാഷ്ട്രീയം പറയാതെ ഷാഫി ഫുട്‌ബോള്‍ കളിച്ചു നടക്കുകയാണ്. ജനകീയ വിഷയങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് നിലപാട് എടുക്കാറില്ല. നിലപാട് ഇല്ലാത്ത പ്രസ്ഥാനമായി യൂത്ത് കോണ്‍ഗ്രസ് മാറിയെന്നും ഒരു വിഭാഗം ആക്ഷേപമുന്നയിച്ചു.

ഷാഫിയുടെ നേതൃത്വത്തില്‍ സംഘടന നിര്‍ജീവമാണ്. താഴേത്തട്ടില്‍ യൂണിറ്റുകള്‍ പോലുമില്ല. തരൂര്‍ വിവാദം അനാവശ്യമായിരുന്നു. യൂത്ത് കോണ്‍ഗ്രസ് പരിപാടി മാറ്റിയത് ശരിയായില്ല. ഇക്കാര്യത്തില്‍ ഷാഫി മൗനം പാലിച്ചു. എകെ ആന്റണിയുടെ കാവി ധരിച്ചവരെല്ലാം ബിജെപിയല്ല എന്ന പ്രസ്താവന വിവാദമായപ്പോള്‍ ഷാഫി പിന്തുണ നല്‍കിയില്ലെന്നും വിമര്‍ശനമുയര്‍ന്നു. 

എ ഗ്രൂപ്പും കെപിസിസി പ്രസിഡന്റ് കെ സുധാകരനെ പിന്തുണയ്ക്കുന്ന വിഭാഗവുമാണ് ഷാഫി പറമ്പിലിനെതിരെ രംഗത്തുവന്നത്. അതിനിടെ, യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിയാമെന്ന് ഷാഫി പറമ്പില്‍ അറിയിച്ചു. ഇനി മുന്നോട്ട് പോകാനാകില്ലെന്നും സംസ്ഥാന കമ്മിറ്റിയില്‍ ഷാഫി പറമ്പില്‍ വ്യക്തമാക്കി. കെ സുധാകരന് എതിരെ ഷാഫി രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. കെപിസിസി പ്രസിഡന്റ് യൂത്ത് കോണ്‍ഗ്രസിന്റെ സംഘടനാ കാര്യങ്ങളിലും ആഭ്യന്തര വിഷയങ്ങളിലും ഇടപെടുകയാണെന്ന് ഷാഫി ആരോപിച്ചു. അച്ചടക്ക നടപടികളില്‍ പോലും സുധാകരന്‍ ഇടപെടുന്ന സാഹചര്യത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ താത്പര്യമില്ലെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com