പച്ചവെള്ളത്തിൽ ഇട്ടാൽ കടുപ്പമുള്ള കട്ടൻചായ കിട്ടുന്ന തേയില, രുചിയും കൂടും; ഹോട്ടൽ പൂട്ടിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th January 2023 08:55 AM  |  

Last Updated: 08th January 2023 08:55 AM  |   A+A-   |  

blacktea

പ്രതീകാത്മക ചിത്രം

 

കൊച്ചി; ഭക്ഷ്യസുരക്ഷാ വിഭാ​ഗത്തിന്റെ പരിശോധന സംസ്ഥാന വ്യാപകമായി തുടരുകയാണ്. ഇതിനോടകം നിരവധി ഹോട്ടലുകളാണ് പൂട്ടിയത്. കട്ടൻചായയിൽ പോലും മായമുണ്ടെന്നാണ് കണ്ടെത്തൽ. പച്ചവെള്ളത്തിൽ ഇട്ടാൽ കട്ടൻ ചായയാകുന്ന ചായപ്പൊടി പിടിച്ചിടുത്തിരിക്കുകയാണ് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ. എറണാകുളം ജില്ലയിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് മായം ചേർക്കൽ കണ്ടെത്തിയത്. 

പറവൂർ ചേന്ദമം​ഗലം കവലയിൽ നഗരസഭയുടെ ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച മജ്‌ലിസ് ഹോട്ടലിൽ നിന്നാണു മായം ചേർത്ത 2 കിലോഗ്രാം തേയില കണ്ടെടുത്തത്. പ്രാഥമിക പരിശോധനയിൽ തന്നെ തേയില വ്യാജൻ ആണെന്നു തിരിച്ചറിഞ്ഞു. വെള്ളത്തിൽ ഇട്ടപ്പോൾ തന്നെ തേയിലയുടെ കളർ ഇളകി കടുപ്പമുള്ള കട്ടൻചായ പോലെയായി. ഹോട്ടൽ അധികൃതർ പൂട്ടിച്ചു. 

വെടിമറ സ്വദേശി ഹസൻ വിതരണം ചെയ്ത തേയിലയാണെന്നു കടയുടമ മൊഴി നൽകിയതായി അധികൃതർ പറഞ്ഞു. വിദഗ്ധ പരിശോധനയ്ക്കായി തേയില ലാബിലേക്ക് അയച്ചു. സിന്തറ്റിക് കളർ ആകാനാണു സാധ്യതയെന്നാണ് നിഗമനം. മറ്റൊരു ഹോട്ടലിലും ഈ തേയില കണ്ടെത്തിയെങ്കിലും സാംപിൾ എടുക്കാനുള്ള അളവിൽ ഇല്ലാതിരുന്നതിനാൽ നശിപ്പിച്ചു. പിഴ ഈടാക്കാൻ നോട്ടിസും ഇനി ഉപയോഗിക്കരുതെന്ന താക്കീതും നൽകി. 

ബിൽ നൽകാതെ ഹസൻ തേയില വ്യാപകമായി വിൽപന നടത്തുന്നുണ്ടെന്ന് അധികൃതർക്കു ലഭിച്ച വിവരം. മായം ചേർത്ത ചായപ്പൊടി വിൽപന നടത്തിയതിന് ഇയാൾക്കെതിരെ അധികൃതർ കൊടുത്ത കേസ് കോടതിയിലുണ്ട്. മറ്റു തേയിലകളെക്കാൾ കൂടുതൽ രുചി ഈ തേയില കൊണ്ട് ഉണ്ടാക്കുന്ന ചായയ്ക്ക് ഉണ്ടെന്നാണ് അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞതെന്നും ലാബിൽ നിന്നുള്ള ഫലം ലഭിച്ചാൽ വിതരണക്കാരനെതിരെ വീണ്ടും നടപടിയെടുക്കുമെന്നും അധികൃതർ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

അഞ്ചാം ക്ലാസ് വിദ്യാർത്ഥിനികളെ അധ്യാപകൻ പീഡിപ്പിച്ചു, അക്രമത്തിന് ഇരയായത് ഒന്‍പതു കുട്ടികൾ​

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ