ഞാന്‍ ഭയക്കുന്നു; ഇനി കലോത്സവവേദികളിലെ ഊട്ടുപുരകളില്‍ ഉണ്ടാവില്ല; പഴയിടം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th January 2023 07:52 AM  |  

Last Updated: 08th January 2023 07:52 AM  |   A+A-   |  

pazhayidam

കലോത്സവത്തിന്റെ സമാപനവേദിയില്‍ പഴയിടത്തെ ആദരിക്കുന്ന മന്ത്രി വി ശിവന്‍കുട്ടി

 

കോഴിക്കോട്: കലോത്സവങ്ങളിലെ പാചകങ്ങള്‍ക്ക് ഇനി ഇല്ലെന്ന് പഴയിടം മോഹനന്‍ നമ്പൂതിരി. അടുക്കള നിയന്ത്രിക്കുന്ന കാര്യത്തില്‍ ഭയമുണ്ടായാല്‍ മുന്നോട്ടുപോകുക പ്രയാസമാണ്. അത്തരമൊരു ഭയം തന്നെ പിടികൂടിയതായും അദ്ദേഹം പറഞ്ഞു. 

'കൗമാര കുതൂഹലങ്ങളുടെ ഭക്ഷണത്തില്‍ പോലും വര്‍ഗീയതയുടെയും ജാതീയതയുടെയും വിഷവിത്തുകള്‍ വാരിയെറിഞ്ഞ് കഴിഞ്ഞിരിക്കുന്ന കാലഘട്ടത്തില്‍ അതിനെ എങ്ങനെ നേരിടുമെന്നത് ഞാന്‍ ചിന്തിക്കുകയാണ്. ഇത് എന്നെ വല്ലാതെ അസ്വസ്ഥമാക്കുന്നു. പുതിയ കാലത്തിന്റെ വൈതാളികര്‍ പുതിയ ആരോപണങ്ങളുമായി രംഗത്തുവരുമ്പോള്‍ ഇത്രയും കാലം നിധിപോലെ നെഞ്ചിലേറ്റിയതായിരുന്നു യൂത്ത് ഫെസ്റ്റ് വെല്ലിലെ അടുക്കളകള്‍.  ആ നിധി ഇനി സൂക്ഷിക്കുന്നത് ശരിയല്ല. കലോത്സവവേദികളിലെ ഊട്ടുപുരകളില്‍ താന്‍ ഉണ്ടാവില്ല. താന്‍ വിടവാങ്ങുന്നു' പഴയിടം പറഞ്ഞു.

ഒരു വ്യക്തിയെയും  ആ വ്യക്തിയുടെ സാമൂഹിക അന്തരീക്ഷത്തെയും ചളി വാരിയെറിയുന്നതാണ് കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടത്. അതൊന്നും ഇനി ഉള്‍ക്കൊള്ളേണ്ട കാര്യമില്ല. എന്റെത് പുര്‍ണമായും വെജിറ്റേറിയന്‍ ബ്രാന്റ് തന്നെയായിരുന്നു. ഇനി ഇപ്പോ ഭക്ഷണരീതികളുംഭക്ഷണശീലങ്ങളും മാറിവരുന്ന അടുക്കളയില്‍ പഴയിടത്തിന്റെ സാന്നിധ്യത്തിന് അത്രമാത്രം പ്രസക്തിയില്ലെന്ന് ബോധ്യമായതിന് പിന്നാലെയാണ് പിന്‍മാറ്റമെന്നും അദ്ദേഹം പറഞ്ഞു. 

കൗമാരസ്വപ്‌നങ്ങള്‍ ആടിത്തിമര്‍ത്ത് സന്തോഷത്തോടെ ഭക്ഷണം കഴിച്ച്  പോകുന്ന ഒരു ഭക്ഷണശാലയില്‍ ഇത്തരം വിഷവിത്തുകള്‍ വാരിയെറിഞ്ഞ് കൊടുത്തിട്ട് നില്‍ക്കുന്ന സ്ഥലങ്ങളില്‍ തന്റെ ആവശ്യമില്ല. മാറിനില്‍ക്കുന്നതിന് പ്രധാനകാരണം എന്നില്‍ ഭയമുണ്ടായിരിക്കുന്നു എന്നതാണ്. അടുക്കള നിയന്ത്രിക്കുന്ന കാര്യത്തില്‍ ഭയമുണ്ടായാല്‍ മുന്നോട്ടുപോകാന്‍ ബുദ്ധിമുട്ടാണ്. കേരളത്തിലെ സാഹചര്യം അതാണ്. കലോത്സവങ്ങളിലായി ഇതുവരെ രണ്ടുകോടിയിലേറെ കുട്ടികള്‍ക്ക് ഭക്ഷണം നല്‍കിയിട്ടുണ്ട്. അതുമതി തനിക്ക് ഇനിയുള്ള കാലം സന്തോഷിക്കാനെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത തവണത്തെ കലോത്സവത്തില്‍ നോണ്‍വെജ് വിളമ്പുന്ന കാര്യം പരിഗണനയിലുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി ഇന്നലെ പറഞ്ഞിരുന്നു. വെജിറ്റേറിയന്‍ ഇഷ്ടമുള്ളവര്‍ക്ക് വെജിറ്റേറിയനും നോണ്‍ വെജിറ്റേറിയന്‍ ഇഷ്ടമുള്ളവര്‍ക്ക് നോണ്‍ വെജിറ്റേറിയനും കഴിക്കാം. എല്ലാവരുടെ ഭക്ഷണസ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടുമെന്നായിരുന്നു ശിവന്‍കട്ടിയുടെ വാക്കുകള്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

നരബലിക്ക് പിന്നിൽ ഷാഫിയുടെ പണക്കൊതിയും സ്വഭാവവൈകൃതവും, പ്രതികൾക്കെതിരെ കൊലപാതകം, ബലാത്സം​ഗം ​ഗൂഢാലോചന; കുറ്റപത്രം സമർപ്പിച്ചു​

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ