ബഫര്‍ സോണ്‍: കേന്ദ്രത്തിന്റെ ഹര്‍ജിയില്‍ കക്ഷി ചേരാന്‍ കേരളം; 23 സംരക്ഷിത മേഖലകള്‍ക്ക് ഇളവ് തേടി സുപ്രീംകോടതിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th January 2023 12:18 PM  |  

Last Updated: 09th January 2023 12:18 PM  |   A+A-   |  

buffer zone

ഫയല്‍ ചിത്രം

 

ന്യൂഡല്‍ഹി: വന്യ ജീവി സങ്കേതങ്ങള്‍ക്ക് ചുറ്റും ഒരുകിലോമീറ്റര്‍ ബഫര്‍ സോണ്‍ നിര്‍ബന്ധമാക്കിയ വിധിയില്‍ ഇളവ് തേടി കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ കക്ഷി ചേരാന്‍ കേരളം സുപ്രീം കോടതിയില്‍ അപേക്ഷ ഫയല്‍ ചെയ്തു. 

കരട്, അന്തിമ വിജ്ഞാപനങ്ങള്‍ ഇറങ്ങിയ മേഖലകളില്‍ ബഫര്‍ സോണ്‍ വിധി നടപ്പാക്കുന്നതില്‍ നിന്ന് ഇളവ് അനുവദിക്കണമെന്ന കേന്ദ്രത്തിന്റെ ആവശ്യത്തെ പിന്തുണച്ചാണ് കേരളത്തിന്റെ നടപടി. 23 സംരക്ഷിത മേഖലകള്‍ക്ക് ഇളവ് തേടിയാണ് സംസ്ഥാനം സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

കേരളത്തിലെ 17 വന്യ ജീവി സങ്കേതങ്ങളുടെയും ആറ് ദേശീയ സംരക്ഷിത ഉദ്യാനങ്ങളുടെയും ബഫര്‍ സോണ്‍ സംബന്ധിച്ച ശുപാര്‍ശ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന് കേരളം കൈമാറിയിരുന്നു. ഇതില്‍ പെരിയാര്‍ ദേശീയ ഉദ്യാനം, പെരിയാര്‍ വന്യജീവി സങ്കേതം എന്നിവയിലൊഴിച്ച് കേന്ദ്രം കരട് വിജ്ഞാപനം ഇറക്കിയിട്ടുണ്ട്.

മുതിര്‍ന്ന അഭിഭാഷകരുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് വിഷയത്തില്‍ കക്ഷിചേരാന്‍ കേരളം അപേക്ഷ നല്‍കിയത്. ബഫര്‍ സോണ്‍ നിര്‍ബന്ധമാക്കിയ ജൂണ്‍ മൂന്നിലെ ഉത്തരവ് പരിഷ്‌കരിച്ച്, ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ അപേക്ഷ ജനുവരി പതിനൊന്നിനാണ് ജസ്റ്റിസ് ബി ആര്‍ ഗവായ് അധ്യക്ഷനായ സുപ്രിം കോടതി ബെഞ്ച് പരിഗണിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

നഴ്‌സ് രശ്മി മരിച്ചത് ഭക്ഷ്യവിഷബാധ മൂലം; രാസപരിശോധനാ റിപ്പോര്‍ട്ട്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ