'മഥുരയിലെയും കാശിയിലെയും പള്ളികള്‍ തകര്‍ക്കാന്‍ നീക്കം'; സംഘപരിവാറിന് എതിരെ മുഖ്യമന്ത്രി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th January 2023 07:08 PM  |  

Last Updated: 09th January 2023 07:08 PM  |   A+A-   |  

pinarayi

മുഖ്യമന്ത്രി പിണറായി വിജയന്‍/ഫയല്‍


 

തിരുവനന്തപുരം: ഒരു കാലത്ത് ഉപേക്ഷിച്ച അന്ധവിശ്വാസവും അനാചാരങ്ങളും തിരിച്ചു കൊണ്ടുവരാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പലതിനും ഇരയാകുന്നത് സ്ത്രീകളാണെന്നും അദ്ദേഹം പറഞ്ഞു. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ ദേശീയ സമ്മേളനത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമൂഹത്തില്‍ സ്ത്രീകളുടെ അവകാശം ഇല്ലാതാക്കാനും ശ്രമം നടക്കുന്നുണ്ടെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അക്രമിയെ കുറ്റപ്പെടുത്തുന്നതിന് പകരം അക്രമത്തിന് ഇരയായ സ്ത്രീയെ കുറ്റപ്പെടുത്താന്‍ ശ്രമം കാണുന്നു. കുറ്റവാളികളെ സംഘപരിവാര്‍ മഹത്വവല്‍കരിക്കുന്നു. ദേശീയ പൗരത്വ നിയമ ഭേദഗതിയെ അദ്ദേഹം വിമര്‍ശിച്ചു. കേന്ദ്രസര്‍ക്കാര്‍ ഒരു വിഭാഗം ജനത്തെ ഭീതിയിലാഴ്ത്തുന്ന നിലപാട് സ്വീകരിക്കുന്നു. മുസ്ലിം വിഭാഗമാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ ആക്രമിക്കപ്പെട്ടത്. ഹരിയാനയില്‍ നമസ്‌കാരം അനുഷ്ഠിച്ച മുസ്ലിങ്ങള്‍ക്ക് നേരെ ബജ്‌റംഗ്ദള്‍ ആക്രമണം നടത്തിയത് പഴയ കാര്യമല്ല.

ന്യൂനപക്ഷങ്ങളുടെ വീടുകള്‍ ബുള്‍ഡോസര്‍ കൊണ്ട് ഇടിച്ചുനിരത്തിയത് ഉത്തര്‍പ്രദേശിലെ കാര്യം. ഇപ്പോള്‍ കാശിയിലെ ഗ്യാന്‍വ്യാപി മസ്ജിദും മഥുരയിലെ ഷാഹിദ് ഗാഹ് മസ്ജിദും തകര്‍ക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഗ്യാന്‍വ്യാപി മസ്ജിദില്‍ ശിവലിംഗം കണ്ടെത്തിയെന്ന സംഭവത്തില്‍ ഇപ്പോള്‍ കോടതി വ്യവഹാരം നടക്കുകയാണ്. മഥുരയില്‍ പരിശോധനയ്ക്ക് തയ്യാറെന്ന് പുരാവസ്തു വകുപ്പ് പറയുന്നു. ഇത് സുപ്രീം കോടതി നിലപാടിന് എതിരാണ്.

ഇന്ത്യയില്‍ ഒരു വിഭാഗത്തിന്റെ മാത്രം വിവാഹമോചനം ക്രിമിനല്‍ കുറ്റമാണ്. മറ്റ് വിഭാഗങ്ങളില്‍ സിവില്‍ കേസാണ്. ബിജെപി സര്‍ക്കാരിന്റെ നിലപാടാണിത്. ഒരു പ്രത്യേക വിഭാഗത്തെ എങ്ങിനെ കാണുന്നുവെന്നതിന്റെ വ്യക്തമായ സൂചനയാണ്. ഇന്ത്യയില്‍ ജീവിക്കുന്ന പൗരന്മാരെ എല്ലാ അര്‍ത്ഥത്തിലും സംരക്ഷിക്കേണ്ട സര്‍ക്കാര്‍ വിഭാഗീയതയുണ്ടാക്കി ഒരു വിഭാഗത്തെ ഭീതിയിലാക്കുന്നു. ഇതിനെതിരെ വലിയ തോതില്‍ യോജിച്ച പോരാട്ടം വളര്‍ത്തിയെടുക്കണം.

മുസ്ലിം വിഭാഗത്തിന് നേരെ മാത്രമല്ല ആക്രമണം നടക്കുന്നത്. ക്രൈസ്തവര്‍ക്കെതിരെയും ആക്രമണം നടക്കുന്നു. കേരളത്തിന് പുറത്ത് കര്‍ണാടകയിലടക്കം വലിയ തോതില്‍ ആരാധനാ സ്വാതന്ത്ര്യം വിലക്കപ്പെടുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബൈബിള്‍ നശിപ്പിക്കുന്നു, വൈദികര്‍ക്കൊപ്പമുള്ള കൊച്ചു കുട്ടികളെ പോലും ആക്രമിക്കുന്നു.

കേരളത്തില്‍ സംഘപരിവാര്‍ തങ്ങളുടെ കൂടെ ആളെക്കൂട്ടാന്‍ ശ്രമിക്കുന്നു. ചില പ്രീണന നയം സ്വീകരിച്ചാണ് സംഘപരിവാര്‍ മുന്നോട്ട് പോകുന്നത്. കേരളത്തില്‍ സംഘപരിവാറിന്റെ യഥാര്‍ത്ഥ നിലപാടെടുക്കാന്‍ അവര്‍ക്കാവില്ല. അതിവിടെ എടുത്താല്‍ ആബാലവൃദ്ധം ജനങ്ങളും ഒറ്റക്കെട്ടാവും. കേരളത്തിലെ സംഘപരിവാറും കേരളത്തിന് പുറത്തുള്ള സംഘപരിവാറും വ്യത്യസ്തരല്ല. ന്യൂനപക്ഷം തങ്ങളുടെ നാട്ടിലുണ്ടാകരുതെന്ന തത്വസംഹിതയാണ് അവര്‍ക്കുള്ളത്. ആര്‍എസ്എസ് അവരെ ആഭ്യന്തര ശത്രുക്കളായാണ് കണക്കാക്കുന്നത്. ഗോള്‍വാള്‍ക്കര്‍ ക്രിസ്ത്യാനികളും മുസ്ലിങ്ങളും കമ്യൂണിസ്റ്റുകാരും ആഭ്യന്തര ശത്രുക്കളാണെന്ന് എഴുതിവെച്ചിട്ടുണ്ട്. ഈ നിലപാട് ഹിറ്റ്‌ലറുടേതാണ്, നാസിപ്പടയുടെ നിലപാടാണ്. ജര്‍മ്മനിയില്‍ നടപ്പാക്കിയതാണിതെന്നും അദ്ദേഹം പറഞ്ഞു.  അവിടെ നടന്ന കൂട്ടക്കശാപ്പ് അംഗീകരിച്ചവരാണ് ആര്‍എസ്എസ്. അത് അതേപടി നടപ്പാക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്. കേരളത്തിലും രാജ്യത്തും ആര്‍എസ്എസ് ഒന്നാണ്. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ഓരോ പ്രദേശത്തും അനേകം രക്തസാക്ഷികളുണ്ട്. അവര്‍ ഇത്തരത്തില്‍ ആര്‍എസ്എസിന്റെ വര്‍ഗീയ നിലപാടിനെതിരെ രക്തസാക്ഷിത്വം വഹിച്ചവരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബിജെപി ഇതര സംസ്ഥാനങ്ങളില്‍ ഭരണ അട്ടിമറിക്ക് കേന്ദ്രം ശ്രമിക്കുന്നു. 121 രാജ്യങ്ങളില്‍ 107ാം സ്ഥാനത്താണ് പട്ടിണിയില്‍ ഇന്ത്യയുള്ളത്. ഏറ്റവും അസമത്വം വര്‍ധിക്കുന്ന രാജ്യമാണ് ഇന്ത്യ. ഈ സമയത്ത് കേരളത്തിലെ ക്ഷേമ പരിപാടികളുടെ പ്രാധാന്യം വര്‍ധിക്കുന്നു. രാജ്യത്ത് അനിയന്ത്രിതമായ വിലക്കയറ്റമാണ്. അത് ഏറ്റവും കുറവുള്ളത് കേരളത്തിലാണ്. കഴിഞ്ഞ ആറര വര്‍ഷത്തില്‍ വിപണി ഇടപെടലിന് മാത്രം 9800 കോടി രൂപ കേരളത്തിലെ സര്‍ക്കാര്‍ ചെലവഴിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ പി കെ ശ്രീമതി ജനാധിപത്യ മഹിളാ അസോസിയേഷന്‍ ദേശീയ പ്രസിഡന്റ്; മറിയം ധാവ്‌ളെ ജനറല്‍ സെക്രട്ടറി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ