ബസില്‍ നല്ല തിരക്ക്, മുന്‍ മുഖ്യമന്ത്രി ഓട്ടോറിക്ഷ പിടിച്ചു...

By മുസാഫിര്‍  |   Published: 12th January 2023 06:17 PM  |  

Last Updated: 12th January 2023 06:18 PM  |   A+A-   |  

c_achutha_menon

ഫയല്‍ ചിത്രം

 


ജനുവരി 13 - സി. അച്യുതമേനോന്റെ നൂറ്റിപ്പത്താമത്  ജന്മവാര്‍ഷികം

സി. അച്യുതമേനോന്റെ ഡയറിക്കുറിപ്പില്‍ നിന്ന്:


1982 മാര്‍ച്ച് 11 വ്യാഴം. തിരുവനന്തപുരത്തേക്കുള്ള യാത്ര റദ്ദാക്കി. പണിമുടക്ക് കാരണം ബസില്‍ നല്ല തിരക്കാവും. തിക്കിത്തിരക്കി കയറാന്‍ വയ്യ. വി.വിയുടെ (വി.വി രാഘവന്‍) അടുത്ത് പറഞ്ഞയച്ചു. മഹാകവി സുബ്രഹ്മണ്യ ഭാരതിയെക്കുറിച്ചുള്ള ലേഖനമെഴുതിത്തുടങ്ങി. മൂന്നു പേജായി. വിചാരിച്ചത്ര നന്നായില്ല. അദ്ദേഹത്തിന്റെ കൃതികളെപ്പറ്റിയും എഴുതണം. ഇനി വൈകിച്ചുകൂടാ. വൈകിട്ട് ഓട്ടോറിക്ഷ പിടിച്ച് ബാബു വാസുദേവന്റെ (നവയുഗം) വീട്ടില്‍ പോയി.

കേരള രാഷ്ട്രീയത്തില്‍ കുലീനതയുടെ വിരലൊപ്പ് പതിപ്പിച്ച രാഷ്ട്രീയ നേതാവും രാജ്യസഭാംഗവും മന്ത്രിയും മുഖ്യമന്ത്രിയുമായ സി. അച്യുതമേനോന്‍ എഴുതിയ ഡയറിക്കുറിപ്പില്‍ നിന്നുള്ള ഭാഗമാണിത്. കലാകൗമുദി തുടര്‍ച്ചയായി പ്രസിദ്ധീകരിച്ച അച്യുതമേനോന്റെ ഡയറിക്കുറിപ്പുകള്‍ അദ്ദേഹത്തിന്റെ മരണശേഷമാണ് ണ് ടി.എന്‍. ജയചന്ദ്രന്‍ സമാഹരിച്ചതും കറന്റ് ബുക്‌സ് പ്രസാധനം ചെയ്തതും. കൃത്യനിഷ്ഠയും ലാളിത്യവും വിശുദ്ധിയും ജീവിതത്തിലുടനീളം കാത്ത് സൂക്ഷിച്ച പ്രഗല്‍ഭമതിയായ ആ കമ്യൂണിസ്റ്റുകാരന്റെ സ്വകാര്യജീവിതത്തില്‍ നിന്നുള്ള ഈ ഏടുകളിലൂടെ കടന്നുപോയാല്‍ ഇന്നത്തെ കമ്യൂണിസ്റ്റു കാരുള്‍പ്പെടെയുള്ള എല്ലാ രാഷ്ട്രീയനേതാക്കളും ആ മഹത്വത്തിനു മുമ്പില്‍ നമിക്കാതിരിക്കില്ല. 

ടി.എന്‍. ജയചന്ദ്രന്‍ എഴുതുന്നു: ആത്മാര്‍ഥത, നിശ്ചയദാര്‍ഢ്യം, ലക്ഷ്യബോധം, ആദര്‍ശസ്ഥിരത, നിസ്വാര്‍ഥത എന്നിങ്ങനെ സമൂഹമധ്യത്തില്‍ നിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന പല ഗുണവിശേഷങ്ങളുടേയും ഉടമസ്ഥനായിരുന്നു അച്യുതമേനോന്‍. അതേ സമയം തികഞ്ഞ യാഥാര്‍ഥ്യബോധത്തോടും അനുകരണീയമായ വിവേകത്തോടും കൂടിയാണ് അദ്ദേഹം ജീവിതത്തെ നേരിട്ടത്. മരിക്കുവോളം കര്‍മം കൊണ്ട് നിറച്ചതായിരുന്നു അദ്ദേഹത്തിന്റെ നിമിഷങ്ങള്‍. അവസാനകാലത്ത് അദ്ദേഹത്തിന്റെ സഹാനുഭൂതിയും മൗനത്തിന്റെ വത്മീകം ഭേദിക്കുന്നതിനുള്ള വ്യഗ്രതയും വര്‍ധമാനമായിരുന്നു. 

അച്യുതമേനോന്റെ ജീവിതത്തിലെ പ്രധാനഘടകമായ കൃത്യനിഷ്ഠയുടെ ഭാഗമായിരുന്നു ഡയറിയെഴുത്തും കത്തെഴുത്തുമെന്ന് അദ്ദേഹത്തിന്റെ സഹോദരീഭര്‍ത്താവും സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയും മന്ത്രിയുമായിരുന്ന വി.വി രാഘവന്‍ അനുസ്മരിച്ചത് ഓര്‍ക്കുന്നു. ആത്മകഥയെഴുതാന്‍ പലരും അച്യുതമേനോനെ നിര്‍ബന്ധി ക്കാറുണ്ടായിരുന്നുവെങ്കിലും ഇതായിരുന്നു മറുപടി: എഴുതിയാല്‍ സത്യമെഴുതണം. ജീവിച്ചിരിക്കുന്ന പലരേയും വെറുതെ വേദനിപ്പിക്കേണ്ടിവരും. അതിന് ഞാന്‍ തയാറല്ല. ആത്മകഥ യെഴുതിയില്ലെങ്കിലും ആത്മാംശം കലര്‍ന്ന നിരവധി കത്തുകള്‍ അദ്ദേഹം പലപ്പോഴും എഴുതിയിരുന്നു. സ്വാഭാവികമായും കൂടുതല്‍ മറുപടികളുമെഴുതി. 

അച്യുതമേനോന്റെ മകന്‍ ഡോ. വി. രാമന്‍കുട്ടി എഴുതുന്നു: അച്ഛന്‍ മുഖ്യമന്ത്രിപദത്തില്‍ നിന്ന് വിരമിച്ച ശേഷം തൃശൂര്‍ ചേലാട്ട് ലൈനിലെ സാകേതം എന്ന വീട്ടില്‍ താമസിച്ചിരുന്ന കാലത്താണ് കൂടുതലായും ഡയറിക്കുറിപ്പുകളെഴുതിയിരുന്നത്. സംസാരത്തില്‍ പലപ്പോഴും പിശുക്ക് കാണിച്ചിരുന്ന അച്ഛന്‍ പക്ഷേ കത്തുകളിലൂടെ പലരുമായും നിരന്തര സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. എനിക്ക് തോന്നിയിട്ടുള്ളത് തന്നോടുതന്നെയുള്ള ഒരുതരം കത്തെഴുത്താണ് അച്ഛന്റെ ഡയറി എന്നാണ്. പലപ്പോഴും സ്വന്തം ചിന്തകള്‍ക്ക് വ്യക്തത നല്‍കാനുള്ള ഒരു ശ്രമം. അതോടൊപ്പം ലോകത്തേയും ദൈനംദിന സംഭവങ്ങളേയും വ്യക്തികളേയും കുറിച്ചുള്ള സത്യസന്ധമായ നിരീക്ഷണങ്ങളും. 

ഡോ. രാമന്‍കുട്ടി പറഞ്ഞതത്രയും വാസ്തവമാണെന്ന് ഡയറിക്കുറിപ്പുകളിലെ വ്യത്യസ്തമായ തരത്തിലുള്ള വിഷയങ്ങളുടെ തെരഞ്ഞെടുപ്പിലൂടെ വ്യക്തമാകും. 1979 മേയ് അഞ്ചിന് കിള്ളിക്കുര്‍ശിമംഗലത്തെ കുഞ്ചന്‍ ദിനാഘോഷത്തിലെ മുഖ്യാതിഥി അച്യുതമേനോനായിരുന്നു. അദ്ദേഹത്തെ ഒറ്റപ്പാലത്ത് നിന്ന് തൃശൂരില്‍ പോയി കൂട്ടിക്കൊണ്ടുവരാനുള്ള നിയോഗം, ഭാഗ്യവശാല്‍ എനിക്കായിരുന്നു. കുഞ്ചന്‍ സ്മാരകസമിതി സാരഥികളായ പി.ടി നരേന്ദ്രമേനോനും പി. ശിവദാസുമാണ് ആ ചുമതല എന്നെയേല്‍പിച്ചത്. നരേന്ദ്രമേനോന്റെ കാറുമായി ഡ്രൈവര്‍ കുഞ്ഞുകുട്ടനുമൊത്ത് കാലത്ത് തൃശൂര്‍ സാകേതത്തിലെത്തി. ശുഭ്രവസ്ത്രധാരിയായി, ഇളം മന്ദഹാസത്തോടെ ഇറങ്ങിവന്ന അച്യുതമേനോനെയും കൊണ്ട് ഞങ്ങള്‍ ഒറ്റപ്പാലത്തേക്ക് യാത്രായി. വടക്കാഞ്ചേരിയിലെത്തിയപ്പോള്‍ റോഡരികിലെ തപാല്‍പെട്ടിയുടെ അടുത്ത് നിര്‍ത്താന്‍ പറഞ്ഞ അദ്ദേഹം കൈയിലെ പുസ്തകത്തിന്റെ ഇടയില്‍ നിന്ന് നാലഞ്ച് പോസ്റ്റ് കാര്‍ഡുകള്‍ എന്നെയേല്‍പിച്ച് അവ പോസ്റ്റ് ചെയ്യാന്‍ പറഞ്ഞു. ആര്‍ക്കൊക്കെയോ ഉള്ള മറുപടിക്കത്തുകളാവാം. കൂടുതല്‍ സംസാരങ്ങളൊന്നുമില്ലായിരുന്നു. കാപ്പി കഴിച്ചതാണോ എന്നൊരു ചോദ്യവും പിന്നെ കൈയിലുള്ള പുസ്തകം തുറന്നുള്ള വായനയും. നളചരിതം ആട്ടക്കഥയായിരുന്നു ആ പുസ്തകം.

പിന്നീട് ഈ കിള്ളിക്കുര്‍ശിമംഗലം പരിപാടിയെക്കുറിച്ച് അച്യുതമേനോന്‍ തന്റെ ഡയറിയിലെഴുതി: 1979 മേയ് അഞ്ച് ശനി: കുഞ്ചന്‍ ദിനം. 8. 30 ന്  പുറപ്പെട്ടു. പത്ത് മണിക്ക് ലക്കിടിയിലെത്തി. കുഞ്ചന്‍ സ്മാരകത്തിലെ ചര്‍ച്ചായോഗത്തില്‍ സംബന്ധിച്ചു. പി.എ വാസുദേവന്‍ കാര്യങ്ങള്‍ നല്ല പോലെ പഠിച്ചിട്ടുണ്ട്. ഡോ. കെ.എന്‍.എഴുത്തച്ഛന്റെ അധ്യക്ഷപ്രസംഗം നന്നായി. വൈകിട്ട് ഇ. പി മാധവന്‍ നായര്‍ പണി കഴിച്ച് സംഭാവന നല്‍കിയ ആശുപത്രിയുടെ ഉദ്ഘാടനത്തിലും കുഞ്ചന്‍ സ്മാരക സമാപനത്തിലും സംസാരിച്ചു. രാത്രി 10.30 ന് തിരിച്ചെത്തി. 

1979 ജൂലൈ 29 ലെ ഡയറിയില്‍ നിക്കരാഗ്വയെക്കുറിച്ച് ലേഖനമെഴുതിയതും ഓഗസ്റ്റ് ഒന്നിലെ ഡയറിയില്‍ മോസ്‌കോയിലെ ന്യൂ ടൈംസില്‍വന്ന
 ഹോചിമിന്റെ ജീവിതത്തിലെ ചില സവിശേഷതയെക്കുറിച്ച്  വന്ന ലേഖനവും ഹിന്ദു പത്രത്തില്‍ സോഷ്യലിസ്റ്റ് നേതാവ് മധുലിമായെയുടെ കൂറുമാറ്റത്തെക്കുറിച്ച് വന്ന ലേഖനവും പരിഭാഷപ്പെടുത്തിയതായും അച്യുതമേനോന്‍ വിവരിക്കുന്നുണ്ട്. എഴുത്ത് ജീവിതം എത്രമേല്‍ ആസ്വാദ്യകരമായി എന്ന് വ്യക്തമാക്കുന്നതാണ് ഈ ഡയറിക്കുറിപ്പുകളത്രയും. എന്നാല്‍ ഇതൊക്കെ നവയുഗം വായനക്കാര്‍ എങ്ങനെ സ്വീകരിക്കുമോ ആവോ എന്ന് ആത്മഗതം ചെയ്യുന്നുമുണ്ട്. സുഗതകുമാരിയുടെ അമ്പലമണി വായിച്ചുതീര്‍ത്തതും അത് നല്ല കവിതാസമാഹാരം എന്ന് കുറിച്ചതും 1984 ഒക്ടോബര്‍ 25 ന്റെ ഡയറിയില്‍. 1985 ഡിസംബര്‍ 20 ന്റെ ഡയറിക്കുറിപ്പ് സാമാന്യം നീണ്ടതാണ്. ജോണ്‍ അബ്രഹാമിന്റെ അഗ്രഹാരത്തില്‍ കഴുത എന്ന സിനിമയെക്കുറിച്ചുള്ള ആസ്വാദനമാണത്.

അടിയന്തരാവസ്ഥക്കാലത്തിന്റെ കറുത്ത ഓര്‍മകളും അനന്തരം നിസ്സങ്കോചമായ അതിന്റെ അനിവാര്യമായ അവസ്ഥാന്തരങ്ങളും ഒരു ഭരണാധികാരിയെന്ന നിലയില്‍ ഹതാശമായ ഓര്‍മകളാല്‍ ഒരു വേള മനുഷ്യസ്‌നേഹിയായ അച്യുതമേനോനെ അന്ത്യം വരെ വേട്ടയാടിയിട്ടുണ്ടാകാം. പ്രത്യേകിച്ചും മകന്‍ നഷ്ടപ്പെട്ട തന്റെ സഹപാഠിയായ ഈച്ചരവാര്യരുമായുള്ള നീരസം കലര്‍ന്ന സംഭാഷണവും അതേക്കുറിച്ചുള്ള വാര്യരുടെ പ്രതികരണവുമെല്ലാം വല്ലാതെ അദ്ദേഹത്തെ അലോസരപ്പെടുത്തിയിട്ടുമുണ്ടാകണം. 

രണ്ടു തവണ തുടര്‍ച്ചയായി മുഖ്യമന്ത്രിപദം കൈയാളിയ അച്യുതമേനോന്റെ റെക്കാര്‍ഡ് ആധുനിക കേരളത്തിലെ പല ചരിത്രകാരന്മാരും വിസ്മരിക്കുന്നുവെന്നൊരു വിപര്യയവുമുണ്ട്. ഭരണനേട്ടങ്ങള്‍ പൊലിപ്പിക്കുന്ന ഇടത് മന്ത്രിസഭയുടെ പി.ആര്‍.ഡി ഡോക്യുമെന്ററികളില്‍ പോലും അച്യുതമേനോന്റെ സംഭാവനകള്‍ നാം കാണില്ല. പിണറായിയുടെ തുടര്‍ഭരണമെന്ന് സി.പി.എം ആണയിടുമ്പോഴും അച്യുതമേനോന്റെ ഭരണകാലം പലരും മറക്കുന്നു. സ്റ്റേറ്റ് കോണ്‍ഗ്രസ്, കൊച്ചി രാജ്യപ്രജാമണ്ഡലം എന്നിവയില്‍ അംഗമായി സ്വാതന്ത്ര്യ പോരാട്ടത്തിന്റെ തീച്ചൂളയിലേക്ക് എടുത്ത് ചാടിയ ചേലാട്ട്്് അച്യുതമേനോന്‍, മിടുക്കനായ വിദ്യാര്‍ഥിയും നേതൃഗൂണമുള്ള യുവജനനേതാവുമായിരുന്നു. ബ്രിട്ടീഷ് വിരുദ്ധ പ്രസംഗത്തിന്റെ പേരിലും പാര്‍ട്ടി നിരോധനകാലത്തും രണ്ടു തവണയായി ജയില്‍ശിക്ഷ അനുഭവിച്ച അച്യുതമേനോന്‍ നിരവധി കാലം ഒളിവ്ജീവിതം നയിച്ചു. 1952 ല്‍ ഒളിവില്‍ കിടന്ന്് തിരുവിതാംകൂര്‍ - കൊച്ചിന്‍ ലജ്‌സ്ലേറ്റീവംഗമായി തെരഞ്ഞെടുക്കപ്പെട്ടതോടെ മധ്യ-തെക്കന്‍ കേരളത്തിലെ അറിയപ്പെടുന്ന നേതാവായി മാറി. 

കേരളം ചുവന്ന 1957 ല്‍ ഇ.എം.എസ് മന്ത്രിസഭയില്‍ ധനകാര്യവും പിന്നീട് ആഭ്യന്തരവും കൈകാര്യം ചെയ്ത അച്യുതമേനോനാണ് കേരളത്തിന്റെ ആദ്യബജറ്റ് അവതരിപ്പിച്ചത്്. 1964 ല്‍ കമ്യൂണിസറ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ അദ്ദേഹം സി.പി.ഐ പക്ഷത്ത് നിലയുറപ്പിച്ചു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുമായിരുന്നു അദ്ദേഹം. 1968-69 കാലത്ത് ഒരു വര്‍ഷം രാജ്യസഭാംഗമായിരിക്കുമ്പോഴാണ് ഇ.എം.എസിന്റെ രണ്ടാം മന്ത്രിസഭയുടെ തകര്‍ച്ചയെത്തുടര്‍ന്ന് സി.പി.എമ്മിനെ മാറ്റി നിര്‍ത്തിയുള്ള മന്ത്രിസഭയുടെ അമരക്കാരനായി, പാര്‍ട്ടി നിര്‍ദേശപ്രകാരം അച്യുതമേനോന്‍ ഡല്‍ഹിയില്‍ നിന്ന് കേരളത്തിലേക്കെത്തുന്നത്. 

സി.പി.എം ഉയര്‍ത്തിയ കടുത്ത വെല്ലുവിളികളുടേയും പ്രക്ഷോഭങ്ങളുടേയും പ്രക്ഷുബ്ധാന്തരീക്ഷത്തിലായിരുന്നു അച്യുതമേനോന്റെ ആരോഹണം. സി.പി.എമ്മിന്റെ ഏറ്റവും വലിയ പ്രതിയോഗിയായി മാറി അദ്ദേഹം. എതിര്‍പ്പുകളുടെ നടുവിലും ക്രാന്തദര്‍ശിയായ അച്യുതമേനോന്‍ ഉലയാതെ നിന്നു. കേരളത്തിന്റെ സമഗ്രവികസനത്തെക്കുറിച്ച് സൈദ്ധാന്തികവും പ്രായോഗികവുമായ കാഴ്ചപ്പാടാണ് അദ്ദേഹം അവതരിപ്പിച്ചത്. ശാസ്ത്ര സാങ്കേതികമേഖലകളില്‍ മുപ്പതോളം സ്ഥാപനങ്ങളുടെ ശില്‍പി അച്യുതമേനാനാണ്. സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് സ്റ്റഡീസ് (സി.ഡി.എസ്), ശ്രീചിത്ര തിരുനാള്‍ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നീ രണ്ടു സ്ഥാപനങ്ങള്‍ മാത്രം മതി അച്യുതമേനോന്റെ നാമം സംസ്ഥാന പുരോഗതിയുടെ ചരിത്രത്തില്‍ അടയാളപ്പെടുത്താന്‍. സി. ഡാക്, കേരള ഫോറസ്റ്റ് റിസര്‍ച്ച് സെന്റര്‍, കെല്‍ട്രോണ്‍, അപ്പോളോ ടയേഴ്‌സ്, കേരള കാര്‍ഷിക സര്‍വകലാശാല, കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജി, ഡോ. കെ.എന്‍. രാജ്, ലാറി ബേക്കര്‍ എന്നിവരോടൊപ്പം ചേര്‍ന്നുള്ള ചെലവ് കുറഞ്ഞ കെട്ടിടപദ്ധതിയായ കോസ്റ്റ്‌ഫോര്‍ഡ്... ഇവയെല്ലാം ആസൂത്രണം ചെയ്തതിന്റേയും സാക്ഷാല്‍ക്കരിക്കപ്പെട്ടതിന്റേയും ക്രെഡിറ്റ്്് സി. അച്യുതമേനോനുള്ളതാണ്. 

സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ പ്രസിദ്ധീകരിച്ച രണ്ടുലഘുലേഖകള്‍ അച്യുതമേനോന്റെ യശസ്സുയര്‍ത്തിയതും ഒപ്പം നിരവധി രാഷ്ട്രീയ ശത്രുക്കളെ സൃഷ്ടിച്ചതുമാണ്. 1956 ല്‍ പുറത്തിറക്കിയ 'ഐശ്വര്യത്തിലേക്കും സമൃദ്ധിയിലേക്കും കേരളത്തെ നയിക്കാന്‍ ' എന്ന ലഘുലേഖ ഐക്യകേരളപ്പിറവിയ്ക്ക് ആധാരശിലയായി മാറിയ ലിഖിതമാണ്. അത് പോലെ മലപ്പുറം ജില്ലാ രൂപവല്‍ക്കരണത്തെ (1969) രൂക്ഷമായി എതിര്‍ത്ത കെ. കേളപ്പന്റെ നേതൃത്വത്തിലുള്ള സമിതിയ്‌ക്കെതിരെ അച്യുതമേനോന്‍ പുറത്തിറക്കിയ ലഘുലേഖ: മലപ്പുറം ജില്ലാ വിരുദ്ധസമിതിയുടെ ദുരുപദിഷ്ടമായ രാഷ്ട്രീയസമരം. ഇന്ന് തലയെടുപ്പോടെ നില്‍ക്കുന്ന ശാസ്ത്ര ഗവേഷണ- വിദ്യാഭ്യാസ -മെഡിക്കല്‍ സ്ഥാപനങ്ങള്‍ക്കെല്ലാം വഴി മരുന്നിട്ട പദ്ധതിയുടെ സ്‌കെച്ച് വരച്ചിട്ട ആദ്യലഘുലേഖയും വര്‍ഗീയതക്കും സങ്കുചിത ചിന്താഗതിക്കുമെതിരെ പേന കൊണ്ടൊരു സമരമുഖം തീര്‍ത്ത രണ്ടാമത്തെ ലഘുലേഖയും സി. അച്യുതമേനോന്‍ എന്ന ചരിത്രത്തില്‍ നിന്ന് അത്രവേഗമൊന്നും മായ്ച്ചുകളയാനാവാത്ത ഒരു ഭരണാധിപന്റെ സ്റ്റേറ്റ്‌സ്മാന്‍ഷിപ്പിന്റെ സിഗ്നേചറുകളാണ്. 

 

ഈ വാര്‍ത്ത കൂടി വായിക്കൂ മുഖ്യമന്ത്രിക്കും കായിക മന്ത്രിക്കും നേരിട്ടറിയാം ടിയാന തോമസിന്റെ അലച്ചിലിന്റെ സത്യം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ