2023ൽ കണ്ടിരിക്കേണ്ട 52 സ്ഥലങ്ങൾ; ന്യൂയോർക്ക് ടൈംസിന്റെ പട്ടികയിൽ 13ാം സ്ഥാനത്ത് കേരളം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th January 2023 08:59 PM  |  

Last Updated: 13th January 2023 08:59 PM  |   A+A-   |  

KERALA_TOURISM

പ്രതീകാത്മക ചിത്രം

 

ന്യൂയോർക്ക് ടൈംസ് പുറത്തിറക്കിയ 2023 ൽ നിർബന്ധമായി കണ്ടിരിക്കേണ്ട സ്ഥലങ്ങളുടെ പട്ടികയിൽ ഇടംനേടി നമ്മുടെ കൊച്ചു കേരളം. 52 ടൂറിസം കേന്ദ്രങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ലിസ്റ്റിൽ 13ാം സ്ഥാനമാണ് കേരളത്തിന് നൽകിയത്. ലോകത്തിലെ പ്രശ്സ്തമായ ടൂറിസ്റ്റ് കേന്ദ്രങ്ങൾ ഉൾപ്പെട്ട പട്ടികയിലാണ് കേരളം ഇടംനേടിയത്. 

കമ്മ്യൂണിറ്റി ടൂറിസത്തിന് തങ്ങള്‍ നിര്‍ദ്ദേശിക്കുന്ന സ്ഥലം കേരളമാണെന്നാണ് ദി ന്യൂയോര്‍ക്ക് ടൈംസ് വിദശീകരിക്കുന്നത്. സംസ്കാരങ്ങളിലേക്കുള്ള യാത്രകളില്‍ ഒഴിച്ച് കൂടാനാകാത്ത ഒരിടമാണ് കേരളം. കേരളത്തിലെ കായലുകളേയും തടാകങ്ങളേയും ബീച്ചുകളേയും പാചകത്തേക്കുറിച്ചുമെല്ലാം പറയുന്നുണ്ട്. അമ്പലത്തില്‍ സന്ധ്യാ സമയത്തുള്ള ദീപാരാധനയ്ക്ക് വിളക്ക് തെളിക്കുന്ന സ്ത്രീയുടെ ചിത്രത്തോടൊപ്പം വൈക്കത്തഷ്ടമി ഉത്സവത്തെ കുറിച്ച് പ്രത്യേക പരാമര്‍ശവും നടത്തുന്നുണ്ട്. ടൂറിസം മേഖലയിൽ സംസ്ഥാന സർക്കാർ നടത്തുന്ന പദ്ധതികളേക്കുറിച്ചും പറയുന്നുണ്ട്. 

ന്യൂയോർക്ക് ടൈംസിന്റെ പട്ടികയിൽ ഇടംനേടിയതിൽ സന്തോഷം പങ്കുവച്ച് മന്ത്രി മുഹമ്മദ് റിയാസ് രം​ഗത്തെത്തി. വിശ്വപ്രസിദ്ധമായ ന്യൂയോർക്ക് ടൈംസ് 2023 ൽ നിർബന്ധമായി കണ്ടിരിക്കേണ്ട ലോകത്തെ 52 ടൂറിസം കേന്ദ്രങ്ങളിൽ ഒന്നായി കേരളത്തെ തിരഞ്ഞെടുത്തു. കേരളത്തിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളെയും സർക്കാരിന്റെ ഉത്തരവാദിത്ത ടൂറിസം പദ്ധതിയേയും ന്യൂയോർക്ക് ടൈംസ് പ്രത്യേകം പരാമർശിച്ചിട്ടുണ്ട്. ഇന്ത്യയിൽ നിന്നും കേരളമാണ് പട്ടികയിൽ ഉൾപ്പെട്ട ഏക സംസ്ഥാനം. കേരള സർക്കാരിന്റെ ജനകീയ ടൂറിസം നയത്തിന് ജനങ്ങൾ നൽകി വരുന്ന പിന്തുണ തുടർന്നും പ്രതീക്ഷിക്കുന്നു.- എന്നാണ് റിയാസ് ഫേയ്സ്ബുക്കിൽ കുറിച്ചത്. 

ലണ്ടന്‍, ജപ്പാനിലെ മോറിയോക്ക, അമേരിക്കയിലെ നവാജോ ട്രൈബൽ പാർക്ക്, സ്കോട്ട്ലാന്‍റിലെ കിൽമാർട്ടിൻ ഗ്ലെൻ, ന്യൂസ്‍ലാന്‍റിലെ ഓക്ക്ലാൻഡ്, കാലിഫോര്‍ണിയയിലെ പാം സ്പ്രിംഗ്സ്, ഓസ്ട്രേലിയയിലെ കംഗാരു ദ്വീപ് എന്നിങ്ങനെ 52 സ്ഥലങ്ങളാണ് പട്ടികയിലുള്ളത്. ഭൂട്ടാന് പിന്നിലാണ് കേരളത്തിന്റെ സ്ഥാനം. 

ഈ വാര്‍ത്ത കൂടി വായിക്കൂ

'നയംമാറ്റമല്ല, കാലത്തിന് അനുസരിച്ചുള്ള മാറ്റം'; ഉന്നത വിദ്യാഭ്യാസരംഗത്ത് വിദേശ നിക്ഷേപമാകാം: ഇ പി ജയരാജന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ