വെള്ളക്കരം കൂട്ടുന്നത് സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ടാകില്ല, മാര്‍ച്ചിന് ശേഷം പ്രാബല്യത്തില്‍ വരും: മന്ത്രി റോഷി അഗസ്റ്റിന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th January 2023 09:56 PM  |  

Last Updated: 13th January 2023 09:56 PM  |   A+A-   |  

minister roshy augustine

മന്ത്രി റോഷി അ​ഗസ്റ്റിൻ / ഫയൽ

 

തിരുവനന്തപുരം: വെള്ളക്കരം കൂട്ടുന്നത് സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ടാകില്ലെന്ന് ജലവിഭവശേഷി മന്ത്രി റോഷി അഗസ്റ്റിന്‍. ചെറിയ തോതില്‍ മാത്രമാണ് വര്‍ധന വരുത്തുന്നത്. മാര്‍ച്ചിന് ശേഷം പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും. ഉപഭോക്താക്കള്‍ക്കുള്ള സേവനം മെച്ചപ്പെടുത്താന്‍ വേണ്ടിയാണ് നിരക്ക് ഉയര്‍ത്തുന്നത്. മാധ്യമങ്ങള്‍ എല്ലാം പോസിറ്റീവായി എടുക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

സംസ്ഥാനത്ത് വെള്ളക്കരം കൂട്ടണമെന്ന എല്‍ഡിഎഫ് നിര്‍ദേശത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയാല്‍ മിനിമം പത്തുരൂപ വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ട്. ആയിരം ലിറ്ററിന് മുകളില്‍ സ്ലാബ് അടിസ്ഥാനത്തിലായിരിക്കും വര്‍ധന ഉണ്ടാവുക. അടുത്ത മന്ത്രിസഭാ യോഗത്തില്‍ വെള്ളക്കരം കൂട്ടാനുള്ള തീരുമാനം ഉണ്ടായേക്കും.

വെള്ളക്കരം കൂട്ടണമെന്ന ജലവിഭവവകുപ്പിന്റെ ശുപാര്‍ശയ്ക്ക് ഇന്ന് ചേര്‍ന്ന ഇടതുമുന്നണി യോഗമാണ് അംഗീകാരം നല്‍കിയത്. ഒരു ലിറ്ററിന് ഒരു പൈസ നിരക്കില്‍ വെള്ളക്കരം വര്‍ധിപ്പിക്കണമെന്നാണ് ജലവിഭവ വകുപ്പ് ശുപാര്‍ശ നല്‍കിയതെന്ന് ഇടതുമുന്നണി യോഗതീരുമാനങ്ങള്‍ വിശദീകരിക്കവേ, ഇടതുമുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ജല അതോറിറ്റിക്ക് 2391 കോടി രൂപയുടെ നഷ്ടം ഉണ്ട്. നിലവില്‍ ജീവനക്കാര്‍ക്ക് ശമ്പളം പോലും നല്‍കാന്‍ കഴിയാതെ ബുദ്ധിമുട്ടുകയാണ് ജല അതോറിറ്റി. ജല അതോറിറ്റിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ വെള്ളക്കരം കൂട്ടണമെന്ന ജലവിഭവവകുപ്പിന്റെ ശുപാര്‍ശയ്ക്ക് ഇടതുമുന്നണി യോഗം അംഗീകാരം നല്‍കിയതായും ഇ പി ജയരാജന്‍ പറഞ്ഞു. എന്നാല്‍ ബിപിഎല്‍ കുടുംബങ്ങളെ ഇതില്‍ നിന്ന് ഒഴിവാക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സംസ്ഥാനത്ത് വെള്ളക്കരം കൂട്ടും; ഒരു ലിറ്ററിന് ഒരു പൈസ നിരക്കില്‍ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ