ഇവിടെ സ്ത്രീകള്‍ക്കും കെട്ടു നിറയ്ക്കാം, പ്രായഭേദമെന്യേ; അപൂര്‍വ ക്ഷേത്രം, ഐതിഹ്യം

പ്രായഭേദമന്യേ സ്ത്രീകൾക്ക് ഒരുമുടികെട്ടുമേന്തി അയ്യപ്പന് നെയ്യഭിഷേകം നടത്താമെന്നതാണ് ഈ ക്ഷേത്രത്തിന്റെ പ്രത്യേകത.
എടയ്ക്കാട്ടിൽ ശാസ്താ ക്ഷേത്രം
എടയ്ക്കാട്ടിൽ ശാസ്താ ക്ഷേത്രം

ആലുവ: മകരവിളക്ക് ആഘോഷിക്കാൻ കെട്ടുനിറച്ച് നെയ്യഭിഷേകം നടത്തി അയ്യപ്പനെ ദർശിച്ച് സായൂജ്യമടങ്ങി സ്ത്രീകളും. ആലുവ-എറണാകുളം റോഡിൽ എടയ്ക്കാട്ടിൽ ശാസ്താ ക്ഷേത്രത്തിലെ കാഴ്ചയാണിത്. അശ്വാരൂഢനായ അയ്യപ്പനാണ് ഇവിടുത്തെ പ്രതിഷ്ഠ. പ്രായഭേദമന്യേ സ്ത്രീകൾക്ക് ഒരുമുടികെട്ടുമേന്തി അയ്യപ്പന് നെയ്യഭിഷേകം നടത്താമെന്നതാണ് ഈ ക്ഷേത്രത്തിന്റെ പ്രത്യേകത. അശ്വാരൂഢ ശാസ്താപ്രതിഷ്ഠയുള്ള അപൂർവ ക്ഷേത്രമാണിത്.

ശബരിമലയിലെ മകരവിളക്ക് ആഘോഷ സമയത്ത് നടക്കുന്ന മകരവിളക്ക് മഹോത്സവമാണ് ഇവിടുത്തെ ഉത്സവം. നാളെ രാവിലെ 8.30നാണ് ക്ഷേത്രത്തിൽ കെട്ടഭിഷേകം നടക്കുന്നത്. മകരം ഒന്നാം തീയതി ശബരിമലയിലേക്കെന്ന പോലെ സ്ത്രീകളടക്കം ആബാലവ‍ൃദ്ധം ഭക്ത ജനങ്ങൾ ക്ഷേത്രത്തിലെത്തി കെട്ടുനിറച്ച് നെയ്യഭിഷേകം നടത്തി അയ്യപ്പനെ ദർശിച്ച് മടങ്ങും. ഏതു പ്രായത്തിലുള്ള സ്ത്രീകൾക്കും ഇവിടെ കെട്ടുനിറയ്ക്കാം. 

ക്ഷേത്രത്തിന്റെ ഐതിഹ്യം

പാണ്ഡ്യരാജാവിന്റെ ആക്രമണം ചെറുക്കാൻ മധ്യകേരളത്തിൽ ആലങ്ങോട് സ്വരൂപത്തിന്റെ കീഴിലെ 16 കളരികളിൽ നിന്നും യോദ്ധാക്കളെ സ്വരൂപിക്കാൻ  പന്തളം രാജാവിന്റെ സേനാ നായകനായി ആലങ്ങോട് പ്രദേശങ്ങളിലെ കളരികൾ ശ്രീഅയ്യപ്പൻ സന്ദർശിച്ചിരുന്നു. ഇക്കൂട്ടത്തിൽ ആലുവയിൽ എടയ്ക്കാട്ടിൽ പണിക്കർ നടത്തിയിരുന്ന കളരിയും അയ്യപ്പൻ സന്ദർശിച്ചുവെന്നാണ് കഥ.

തങ്ങളെ സന്ദർശിച്ച വിശിഷ്ഠ വ്യക്തിയുടെ വാസ്തവ രൂപം തിരിച്ചറിഞ്ഞ എടയ്ക്കാട്ടിൽ പണിക്കർ തങ്ങൾ കണ്ട അശ്വാരൂഢരൂപത്തിലുള്ള പ്രതിഷ്ഠയുണ്ടാക്കി ആരാധിക്കാൻ അയ്യപ്പനോട് അനുവാദം ചോദിക്കുകയും അദ്ദേഹത്തിന്റെ ആ​ഗ്രഹത്തിന് അയ്യപ്പൻ സമ്മതം നൽകുകയും ചെയ്തുവെന്നാണ് ഐതിഹ്യം. അങ്ങനെ വലത് കയ്യിൽ ചുറ്റികയും ഇടത് കയ്യിൽ കടിഞ്ഞാണുമേന്തിയ യൗവ്വനയുക്തമായ രൂപത്തെ പ്രതിഷ്ഠിച്ച് ആരാധന തുടങ്ങി. ക്ഷേത്രത്തിൽ സ്ത്രീകൾക്ക് പ്രായഭേദമന്യേ ഒരുമുടികെട്ട് നിറച്ച് നെയ്യഭിഷേകം നടത്താനുള്ള അനുവാദം വാങ്ങിയെന്നുമാണ് പറയപ്പെടുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com