'കെഎല്‍എഫില്‍ അവഗണിച്ചു'; എസ് ജോസഫ് സാഹിത്യ അക്കാദമി അംഗത്വം രാജിവച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th January 2023 07:54 PM  |  

Last Updated: 14th January 2023 07:54 PM  |   A+A-   |  

s_joseph

എസ് ജോസഫ്/ഫെയ്‌സ്ബുക്ക്‌

 


കൊച്ചി: കവി എസ് ജോസഫ് സാഹിത്യ അക്കാദമി അംഗത്വം രാജിവെച്ചു. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ (കെഎല്‍എഫ്) തന്നെ അവഗണിച്ചതില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. രാജിക്കത്ത് ലഭിച്ചതായി സാഹിത്യ അക്കാദമി ചെയര്‍മാന്‍ കെ സച്ചിതാനന്ദന്‍ വ്യക്തമാക്കി. അക്കാദമിയുമായി ജോസഫിന് അഭിപ്രായവ്യത്യാസം ഇല്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ ഉന്നതജാതിക്കാരായ എഴുത്തുകാര്‍ക്കാണ് പ്രസക്തിയെന്നും സാഹിത്യത്തില്‍ താന്‍ തഴയപ്പെടുന്നതായും ജോസഫ് കുറിപ്പില്‍ സൂചിപ്പിക്കുന്നുണ്ട്.

എസ് ജോസഫിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്: 

കെഎല്‍എഫിന്റെ ഡയറക്ടര്‍ സച്ചിമാഷ് ആയിട്ടും കഴിഞ്ഞ മൂന്ന് ഫെസ്റ്റിവലുകളിലായി,  ഓണ്‍ലൈന്‍ ഫെസ്റ്റിവല്‍ ഉള്‍പ്പെടെ, എന്നെ കെഎല്‍എഫില്‍ വിളിച്ചിട്ടില്ല. കേരളത്തിലുള്ള മിക്കവാറും കവികള്‍ പങ്കെടുക്കുന്ന കെഎല്‍എഫില്‍ സാഹിത്യ അക്കാദമി അവാര്‍ഡും ഓടക്കുഴല്‍ അവാര്‍ഡും തിരുവനന്തപുരം പുസ്തകമേള പുരസ്‌കാരവും കനകശ്രീ അവാര്‍ഡും മൂടാടി ദാമോദരന്‍ പുരസ്‌കാരവും ലഭിച്ച എന്നോടുള്ള അവഗണനയോടുള്ള  പ്രതികരണമാണ് ഈ രാജി. 

എന്റെ കവിതകള്‍ ഇന്ത്യയിലെ ഭാഷകളില്‍ വന്നിട്ടുണ്ട്. ഇംഗ്ലീഷിലും  സ്വീഡിഷിലും വന്നിട്ടുണ്ട്. കേരളത്തിലെ കലാലയങ്ങളില്‍ എല്ലാം മലയാളത്തിലും ഇംഗ്ലീഷിലും എന്റെ കവിതകള്‍  പഠിപ്പിക്കുന്നു. പെന്‍ഗ്വിന്‍, ഓക്സ് ഫോര്‍ഡ് , ലിറ്റില്‍ മാഗസിന്‍ എന്നീ പബ്ലീഷേഴ്‌സ് എന്റെ കവിതകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പോയട്രി ഇന്റര്‍നാഷണലും പോയം ഹണ്ടറും കവിതകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 7 കവിതാ സമാഹാരങ്ങള്‍ ഉഇ പ്രസിദ്ധീകരിച്ചു.

My Sister's Bible എന്ന വിവര്‍ത്തനം ഇംഗ്ലീഷില്‍ വന്നിട്ടുണ്ട്. മെലേ കാവുളു എന്ന സമാഹാരം കൊല്ലപ്പെട്ട മധുവിന്റെ സ്മരണയ്ക്കായി ഞാന്‍ ഉള്‍പ്പെടെ മൂന്നു പേര്‍ എഡിറ്റ് ചെയ്തത് 2022 അവസാനമാണ്. അതിന്റെ പ്രസക്തിയെക്കൂടി  ഇല്ലാതാക്കുന്ന അവഗണനയാണിതെന്നതാണ് ഏറ്റവും വേദനാകരം. ഇപ്പോള്‍ നടക്കുന്ന നിയമസഭാ പുസ്തകമേളയ്ക്കുവേണ്ടി ആരോ ബൈറ്റ് എടുക്കാന്‍ വരുന്നെന്ന് പറഞ്ഞിട്ട് വന്നില്ല. പയ്യന്നൂര്‍ ഫെസ്റ്റിവലില്‍ പേരു വച്ചിട്ട് വിളിച്ചില്ല. ഗവണ്‍മെന്റ് പങ്കാളിത്തമുള്ള പരിപാടി കൂടിയാണ് കെഎല്‍എഫ് എന്നാണറിയുന്നത്. ഇതെല്ലാം കൊണ്ടാണ് സാഹിത്യ അക്കാദമി മെമ്പര്‍ സ്ഥാനം രാജിവയ്ക്കുന്നത്.മാത്രമല്ല, കെഎല്‍എഫിന്റെ പരിപാടിയില്‍ ഇനി പങ്കെടുക്കുന്നതുമല്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ മകരവിളക്ക് ദർശിച്ച് ഭക്തലക്ഷങ്ങൾ; ഭക്തിസാന്ദ്രമായി ശബരിമല

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ