തെരഞ്ഞെടുപ്പിന് മുന്‍പ് കോണ്‍ഗ്രസില്‍ നിന്ന് ഒരു പ്രമുഖന്‍ ബിജെപിയിലേക്ക് പോകും: മുഖ്യമന്ത്രി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th January 2023 12:23 PM  |  

Last Updated: 15th January 2023 12:23 PM  |   A+A-   |  

pinarayi_vijayan

മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിക്കുന്നു/ ഫെയ്‌സ്ബുക്ക്‌

 

പത്തനംതിട്ട: വരുന്ന തെരഞ്ഞെടുപ്പിന് മുന്‍പ് കോണ്‍ഗ്രസില്‍ നിന്ന് ഒരു പ്രമുഖന്‍ ബിജെപിയിലേക്ക് പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബിജെപിയെ നേരിടാന്‍ തക്കവണ്ണം ഒരു രാഷ്ട്രീയ ശക്തിയായി ഉയര്‍ന്നുവരാന്‍ നിലവിലെ സാഹചര്യത്തില്‍ കോണ്‍ഗ്രസിനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ആറന്മുളയില്‍ സിപിഎം കോഴഞ്ചേരി ഏരിയാ കമ്മിറ്റിയുടെ പുതിയ ഓഫീസ് മന്ദിരമായ വിഎസ് ചന്ദ്രശേഖരപിള്ള സ്മാരകം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. കോണ്‍ഗ്രസിന്റെ പല പ്രമുഖ നേതാക്കളും ഇപ്പോള്‍ ബിജെപിയിലേക്ക് കൂടുമാറിക്കഴിഞ്ഞു. ആവശ്യമെങ്കില്‍ ബിജെപിയിലേക്ക് പോകും എന്നുപറയുന്ന ഒരു കെപിസിസി അധ്യക്ഷനാണ് ആ പാര്‍ട്ടിക്കുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

സ്വാതന്ത്ര്യസമരകാലത്ത് എല്ലാവരുടേയും ലക്ഷ്യം രാജ്യത്തിന്റെ സ്വാതന്ത്ര്യമായിരുന്നു. അധിനിവേശ ശക്തികള്‍ രാജ്യം വിട്ടു പോകണമെന്നാണ്. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായി നിന്ന ഒരു കൂട്ടരുണ്ട്. അവര്‍ നമ്മുടെ രാജ്യത്തു നിന്നും ബ്രിട്ടീഷുകാര്‍ പോകേണ്ടതില്ല എന്ന് ആഗ്രഹിച്ചു. അത്തരമൊരു നിലപാടെടുത്തു. 

സ്വാതന്ത്രസമരത്തില്‍ പങ്കെടുത്ത് ആന്‍ഡമാന്‍ ജയിലില്‍ അടയ്ക്കപ്പെട്ട അതിലൊരാള്‍  ബ്രിട്ടീഷുകാര്‍ക്ക് മാപ്പ് എഴുതിക്കൊടുത്തു. അങ്ങനെ എഴുതി വന്ന ആളാണ് സവര്‍ക്കര്‍. അദ്ദേഹത്തെ വീരസവര്‍ക്കര്‍ എന്നാണ് ഒരു കൂട്ടര്‍ വിളിക്കുന്നത്. ഇവരുടെ മുന്‍ഗാമികള്‍ക്ക് സ്വാതന്ത്ര്യസമരത്തില്‍ ഒരു പങ്കും ഉണ്ടായിരുന്നില്ല. അന്നത്തെ ആര്‍എസ്എസിന്റെ താത്വികാചാര്യനായിരുന്ന ഗോള്‍വാള്‍ക്കര്‍, വെറുടെ ബ്രിട്ടീഷുകാരോട് പൊരുതി ആരോഗ്യവും സമയവും കളയരുതെന്നാണ് ഉപദേശിച്ചത്. 

നിര്‍ഭാഗ്യവശാല്‍ നമ്മുടെ രാജ്യത്തിന്റെ ഭരണാധികാരം ഇവരുടെ പിന്‍ഗാമികളുടെ കൈവശമാണ് എത്തപ്പെട്ടിട്ടുള്ളത്. ആര്‍എസ്എസ് ഇതിനെല്ലാം നേതൃത്വം കൊടുക്കുന്നു. അവര്‍ രാജ്യത്തിന്റെ ഭരണഘടന അംഗീകരിക്കുന്നില്ല. മതനിരപേക്ഷത അംഗീകരിക്കുന്നില്ല. ഇന്ന് നടപ്പാക്കപ്പെടുന്ന ജനാധിപത്യം തെല്ലും അംഗീകരിക്കുന്നില്ല. അവര്‍ മതാധിഷ്ഠിത രാഷ്ട്രമാണ് ആഗ്രഹിക്കുന്നത്. 

ബിജെപി ഇനിയും ഭരിച്ചാല്‍ രാജ്യത്തിന് വിനാശമാകുമെന്ന് കരുതുന്നവരുടെ കൂട്ടായ്മ രാജ്യത്ത് ഉണ്ടാകേണ്ടതുണ്ട്. പ്രാദേശിക കക്ഷികള്‍ ചേരുന്ന ബദല്‍ രാഷ്ട്രീയമാണ് വരാനിരിക്കുന്നത്. കേരളത്തെ സാമ്പത്തികമായി ഞെരുക്കി ശ്വാസം മുട്ടിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

ട്രെയിന്‍ വരുന്നതിനിടെ അമ്മയുടെ കൈവിട്ട് പാളത്തിലേക്കോടി നാലുവയസ്സുകാരന്‍; നടുക്കത്തോടെ യാത്രക്കാര്‍; അത്ഭുകരമായ രക്ഷപ്പെടല്‍  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ