മലപ്പുറത്ത് 12കാരന് നേരെ ക്രൂരത, പേരക്ക മോഷ്ടിച്ചെന്ന് ആരോപിച്ച് ബൈക്ക് കൊണ്ട് ഇടിച്ചുവീഴ്ത്തി, ചവിട്ടി; സ്ഥല ഉടമയ്‌ക്കെതിരെ പരാതി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th January 2023 03:19 PM  |  

Last Updated: 16th January 2023 03:24 PM  |   A+A-   |  

leg

12കാരന്റെ കാലിന്റെ എല്ല് പൊട്ടിയ നിലയില്‍, സ്‌ക്രീന്‍ഷോട്ട്

 

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ 12 വയസുകാരന് നേരെ ക്രൂരത. പേരക്ക മോഷ്ടിച്ചെന്ന് ആരോപിച്ച് കുട്ടിയെ സ്ഥല ഉടമ ബൈക്ക് കൊണ്ട് ഇടിച്ചുവീഴ്ത്തുകയും ചവിട്ടുകയും മര്‍ദ്ദിക്കുകയും ചെയ്തതായി പൊലീസില്‍ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു.  കാലിന്റെ എല്ല് പൊട്ടിയ കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്.  ബന്ധുക്കളുടെ പരാതിയില്‍ സ്ഥല ഉടമയ്‌ക്കെതിരെ കേസെടുത്ത് പെരിന്തല്‍മണ്ണ പൊലീസ് അന്വേഷണം ആരംഭിച്ചു. 

ഇന്നലെ വൈകീട്ട് ആലിപ്പറമ്പ് പഞ്ചായത്തില്‍ വാഴേങ്കടയിലാണ് സംഭവം. ഫുട്‌ബോള്‍ ടൂര്‍ണമെന്റ് കഴിഞ്ഞ് കൂട്ടുകാര്‍ക്കൊപ്പം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് മര്‍ദ്ദനം ഉണ്ടായത്. വരുന്ന വഴിയില്‍ സ്ഥല ഉടമയുടെ പറമ്പില്‍ നിന്ന് പേരക്ക മോഷ്ടിച്ചു എന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനമെന്ന് പരാതിയില്‍ പറയുന്നു.

പേരക്ക പൊട്ടിച്ചത് സ്ഥല ഉടമ ചോദ്യം ചെയ്തു. തുടര്‍ന്ന് കൂട്ടുകാര്‍ക്കൊപ്പം പോകുമ്പോള്‍ ബൈക്ക് കൊണ്ട് 12കാരനെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. പിന്നാലെ ചവിട്ടുകയും മര്‍ദ്ദിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. കാലിന്റെ എല്ല് പൊട്ടിയതിനെ തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലാണ് കുട്ടിയെ പ്രവേശിപ്പിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

പെരിന്തല്‍മണ്ണ നിയമസഭാ തെരഞ്ഞെടുപ്പ്;  കാണാതായ വോട്ടുപെട്ടി കണ്ടെത്തി; ദുരൂഹത

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ